മുസ്‌ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരാണെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും പ്രധാനമന്ത്രി മോദി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാജ്യത്തെ മുസ്‌ലിം ജനതയെ അധിക്ഷേപിക്കുന്ന തരത്തിൽ മോദി വിദ്വേഷ പ്രസംഗം നടത്തിയത്. പ്രസംഗത്തിൽ മോദി മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാർ എന്ന് അധിക്ഷേപിച്ചു. കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്ന് മോദി പ്രസംഗത്തിനിടെ ചോദിച്ചു.
‘രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർത്ഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?’, രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
ഭരണഘടനയെ കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിച്ച് കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയാണെന്നും അവർ ആദിവാസികൾക്കും ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമിടയിലാകും ചില സമയത്ത് ഭീതി പരത്താറുള്ളതെന്നും മോദി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയെ കുറിച്ചും സംവരണത്തെ കുറിച്ചും കള്ളം പ്രചരിപ്പിക്കുകയാണെന്നും റാലിക്കിടെ മോദി പറഞ്ഞു.