ശ്രീ നാരായണ ഗുരു ദേവന്റെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. ആലുവ സർവ്വമത സമ്മേളന ശതാബ്ധിയുടെ ഭാഗമായി ഒക്ടോബർ 14 ന് ആലുവ അദ്വൈതാശ്രമത്തിൽ സിപിഐ സംഘടിപ്പിച്ചിരിക്കുന്ന സ്മൃതി സംഗമത്തിൻ്റെ പ്രചരണാർത്ഥം എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച മതനിരപേക്ഷ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളായ ഭൗതിക പ്രത്യയ ശാസ്ത്രങ്ങളും വിവിധ തരം മതങ്ങളും നിലനിൽക്കുന്ന ലോകത്ത് വൈജ്ഞാനികവും ധൈഷണികവുമായ സംവാദങ്ങൾ ആകാം, ആശയ ഭിന്നതകൾ സംഘർഷത്തിലേക്കല്ല സംവാദത്തിലേക്കാണ് നയിക്കേണ്ടത്. മതേതരത്വമെന്നാൽ തന്റെ മതത്തെ മാനിക്കുന്നതോടൊപ്പം ഇതര മതങ്ങളിൽ വിശ്വസിക്കാനുള്ള അപരന്റെ സ്വാതന്ത്ര്യത്തെയും മാനിക്കുന്നതാണ് എന്നതാണ് സർവ്വമത സമ്മേളനം സംഘടിപ്പിച്ചു കൊണ്ട് ഗുരുദേവൻ ലോകത്തോട് ആഹ്വാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
നാടിന്റെ സമന്വയ സംസ്കാരത്തെ അട്ടിമറിച്ച് വർഗ്ഗീയ അജണ്ട നടപ്പാക്കി പൗരന്മാരെ ധ്രുവീകരിക്കുന്ന പ്രവണതയാണ് വർത്തമാന ലോകത്ത് കണ്ടു കൊണ്ടിരിക്കുന്നത്. ഭീകര വാദത്തിനും വർഗീയതക്കുമെതിരായ മറുപടി മതേതരത്വമാണെന്നും ഭക്തിയും വിശ്വാസവും ഉപയോഗിച്ച് കൊണ്ടുള്ള വർഗീയ വിദ്വേഷത്തിന്നെതിരെ മത നിരപേക്ഷതയിലധിഷ്ഠിതമായ പ്രതിരോധം സൃഷ്ടിക്കണമെന്നും എൻ അരുൺ കൂട്ടിച്ചേർത്തു. സംഗമത്തിൽ സാമൂഹിക മുന്നേറ്റ മുന്നണി സംസ്ഥാന ചെയർമാനും നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പിൻതലമുറക്കാരനുമായ കെ പി അനിൽ ദേവ് മുഖ്യാതിഥി ആയിരുന്നു.
എഐഎസ്എഫ് ജില്ലാ പ്രസിഡൻ്റ് സിഎ ഫയാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറത്ത് , നന്ദന എം , ചിൻ ജോൺ ബാബു , അഡ്വ.അജിത് എൽഎ , സൈജൽ പാലിയത്ത് , സക്വലൈൻ മജീദ് , നന്ദന കെ എസ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.