തിരുവനന്തപുരം: സാമൂഹ്യമധ്യമങ്ങളിലടക്കം റാപ്പർ വേടനു നേരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ പരസ്യ പ്രതികരണം നടത്തി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ രംഗത്ത്.
വേടൻ എന്ന വ്യക്തി കഞ്ചാവ് ഉപയോഗിച്ചു എന്നതിന് തെളിവുണ്ടെങ്കിൽ രാജ്യത്ത് നിലനിൽക്കുന്ന നിയമം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണം, അല്ലാതെ പുലിനഖത്തിന്റെ പേരിലും മറ്റും കാട്ടിക്കൂട്ടുന്നത് അനാവശ്യവും അനുചിതവും ആണെന്ന് എൻ അരുൺ വ്യക്തമാക്കി.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചിലരുടെ ആവേശത്തോടെയുള്ള പ്രതികരണങ്ങൾ കാണുമ്പോൾ മറ്റെന്തോ കാരണത്താലുള്ള പകപോക്കലാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാട്ടുകളിലൂടെ ഉയർന്നുവന്ന സാമൂഹ്യ വിമർശനങ്ങളുടെ പ്രസക്തി ഇതിന്റെ പേരിൽ കുറയില്ലെന്നും ആ പാട്ടുകൾ ഇനിയും കേൾക്കുകയും ജനം കയ്യടിക്കുകയും ചെയ്യുമെന്നും എൻ അരുൺ വ്യക്തമാക്കി.