തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ച് ചലച്ചിത്ര അക്കാദമിയംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ. ചലച്ചിത്ര അക്കാദമിയിൽ നടക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയർമാനായ രഞ്ജിത്തിന്റെ ഏകാധിപത്യമാണ് നടക്കുന്നത് എന്നും ഇടതുപക്ഷ സർക്കാരിന്റെ നിലപാട് ചെയർമാനും മനസിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. അക്കാദമി പരിപാടികൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും കൂടിയാലോചനകൾ ഇല്ലായെന്നും എൻ അരുൺ നൽകിയ പരാതിയിൽ ഉന്നയിക്കുന്നുണ്ട്.
ചലച്ചിത്ര അക്കാദമിയിൽ നടക്കുന്ന രഞ്ജിത്തിന്റെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ പ്രവണതകൾക്ക് എതിരെയാണ് മുഖ്യമന്ത്രിക്കും ചലച്ചിത്ര വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്. സിനിമാ മേഖലയിൽ നടക്കുന്ന പല കുറ്റകരമായ പ്രവണതകൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തെറ്റായ കീഴ്‌വഴക്കങ്ങൾക്കും പരിഹാരമുണ്ടാക്കുവാൻ അക്കാദമിയുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് എൻ അരുൺ പറഞ്ഞു.
എന്നാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുവാനോ അംഗങ്ങളുടെ അഭിപ്രായം കേൾക്കുവാനോ ഇതുവരെ ചെയർമാനും അക്കാദമി നേതൃത്വവും തയ്യാറായിട്ടില്ല. ഏക പക്ഷീയമായ തീരുമാനങ്ങളും നിലപാടുകളും അക്കാദമിയുടെ ക്രിയാത്മകവും സജീവവുമായ പ്രവർത്തനങ്ങൾക്ക് തടസ്സമാവുകയാണ്. ഇതിന് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.