എഐ ക്യമറയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉയർന്നു വരുന്ന ആശങ്കകൾക്ക് സർക്കാർ പരിഹാരം കാണണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പറഞ്ഞു. എഐ ക്യമറയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ സുതാര്യമാണെങ്കിലും സർക്കാർ കാണിക്കുന്ന മൗനം പ്രതിപക്ഷത്തിനു വളം വയ്ക്കുന്നതാണ്. എഐ ക്യമറയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക വ്യാജ പ്രചരണങ്ങളിലൂടെ യുഡിഎഫും ബിജെപിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. സർക്കാർ ഇനിയും മൗനം തുടർന്നാൽ വ്യാജ പ്രചരണങ്ങൾ വൻതോതിൽ ഇടതുപക്ഷത്തിനു കോട്ടം വരുത്തിവയ്ക്കും.
ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് തകർക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾക്കെതിരെ സർക്കാർ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്ന് എൻ അരുൺ തുറന്നടിച്ചു.
അതിനാൽ ഇതിനു പിന്നിൽ ഉടലെടുത്ത ആശങ്കകളുടെ യഥാർത്ഥ വസ്തുതകൾ ജനങ്ങളിലേക്കെത്തിക്കാൻ ഗതാഗത മന്ത്രി തന്നെ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ കേരള സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും എൻ അരുൺ കൂട്ടിച്ചേർത്തു.