Thursday, November 21, 2024
spot_imgspot_img
HomeEntertainmentCinemaപത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തെ നിരാകരിക്കപ്പെടുത്തുവാനുള്ള ശ്രമം ആര് നടത്തിയാലും അവരെ സാംസ്കാരിക കേരളം തമസ്കരിക്കും:...

പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തെ നിരാകരിക്കപ്പെടുത്തുവാനുള്ള ശ്രമം ആര് നടത്തിയാലും അവരെ സാംസ്കാരിക കേരളം തമസ്കരിക്കും: എൻ അരുൺ

തിരുവനന്തപുരം: വിനയൻ സംവിധാനം നിർവഹിച്ച പത്തൊമ്പതാം നൂറ്റാണ്ടെന്ന ചിത്രത്തെ ഐഎഫ്എഫ്കെയിൽ നിന്നും ഒഴുവാക്കിയതിനെതിരെ തുറന്നടിച്ച് ചലച്ചിത്ര അക്കാദമി അം​ഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ രം​ഗത്ത്. മലയാളത്തിൻ്റെ ജനകീയ ചലച്ചിത്രകാരൻ വിനയൻ്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന മികച്ച ചരിത്ര സിനിമ ഇന്ന് നമ്മുടെ സിനിമാ ചരിത്രത്തിൻ്റെ തന്നെ ഭാഗമാണെന്നും ഈ ചിത്രത്തെ നിരാകരിക്കപ്പെടുത്തുവാനുള്ള ശ്രമം ആര് നടത്തിയാലും സാംസ്കാരിക കേരളത്തിൻ്റെ നന്മ നിറഞ്ഞ മനസ്സുകൾ തമസ്കരിക്കുന്നത് അവരെയായിരിക്കുമെന്നും എൻ അരുൺ ഫേസ്ബുക്കിൽ കുറിച്ചു.

ചരിത്രകാരൻമാരാൽ അവഗണിക്കപ്പെട്ട ആദ്യത്തെ കേരളീയ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെയും ഐതിഹാസിക നവോത്ഥാന പോരാളി ചേർത്തല നങ്ങേലിയെയും അതി മനോഹരമായി ഈ തലമുറക്ക് മുന്നിൽ അവതരിപ്പിക്കുകയും അനാചാരങ്ങളും അയിത്തവും കൊടികുത്തി വാണ കേരളത്തിൻ്റെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുവാനും ഈ സിനിമയിലൂടെ വിനയന് സാധിച്ചു.

സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു കലാകാരൻ്റെ ഉത്തരവാദിത്വമാണ് ഇവിടെ നിറവേറ്റപ്പെട്ടിട്ടുള്ളത്. പ്രബുന്ധരായ മലയാളി പ്രേക്ഷകർ പത്തൊൻപതാം നൂറ്റാണ്ടിനെ തീയ്യെറ്ററുകളിൽ ആഘോഷമാക്കി മാറ്റിയത് അതിൻ്റെ മൂല്യം ബോധ്യപ്പെട്ടുകൊണ്ടുതന്നെയാണെന്ന് എൻ അരുൺ പറഞ്ഞു.

ഈ ചിത്രം മേളയിൽ പ്രദർശിപ്പിച്ചില്ലെങ്കിലെന്ത് സൂര്യശോഭയെ ആക്രോശത്തോടെ മുറം കൊണ്ട് മറക്കുവാൻ ശ്രമിക്കുന്നവരെ നാം എന്തു വിളിക്കുംമെന്നും അത്തരക്കാരെ ഒരു ചെറുപുഞ്ചിരിയോടെ അവഗണിക്കാമെന്നും എൻ അരുൺ വ്യക്തമാക്കി.

അതെസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയനും രം​ഗത്തെത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടെന്ന സിനിമ ഐഎഫ്എഫ്കെയിലെ പ്രദർശന ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചില്ലെങ്കിലും, പ്രത്യേക പ്രദർശനമൊരുക്കാമെന്ന് കേരളത്തിന്റെ സാംസ്കാരിക മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് രഞ്ജിത്ത് ഇടപെട്ടാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം തടഞ്ഞതെന്ന് വിനയൻ വ്യക്തമാക്കി. വിനയന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ചലച്ചിത്ര അക്കാദമി അം​ഗംകൂടിയായ എൻ അരുൺ രം​ഗത്തെത്തിയത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares