പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാഹുൽ ഗാന്ധിക്കോ കോൺഗ്രസിനോ ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കോൺഗ്രസ് കാലങ്ങളായി പിന്തുടരുന്ന മൃദു ഹിന്ദുത്വ സമീപനത്തിന്റെ തെളിവാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. രാജ്യത്ത് ബിജെപി ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ ഫലപ്രദമായി ചെറുക്കണമെങ്കിൽ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം ഗണ്യമായി വർധിക്കേണ്ടതുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന വർഗീയ – കോർപ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിലപാട് സ്വീകരിക്കാനോ പ്രക്ഷോഭം സംഘടിപ്പിക്കാനോ തയ്യാറാകാതെ മുതലാളിത്ത – വർഗീയ പ്രീണന നയങ്ങളാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.നിർണായകമായ രാഷ്ട്രീയ ദശാസന്ധികളിലെല്ലാം സംഘ പരിവാറിന്നെതിരിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നതിനുപകരം കീഴടങ്ങൽ സമീപനം ആണ് കോൺഗ്രസ് എന്നും സ്വീകരിച്ചത് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നില നിൽപ്പിനായുള്ള പോരാട്ടങ്ങളും പ്രതിരോധങ്ങളും കൂടുതൽ പ്രസക്തവും അനിവാര്യവുമായിരിക്കുന്ന സാമൂഹ്യ -രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എഐവൈഎഫ് നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അരുൺ. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജഹാൻ, ആർ ജയകൃഷ്ണൻ, രാജീവ് പെരുമ്പ്രാൻ, ഷുഹൈബ് മൈലം പാറ, ഇർഷാദ് പരപ്പൻ, സജീവ് ചാലിയാർ എന്നിവർ സംസാരിച്ചു.