എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
ബാബരി മസ്ജിദ് തകർത്ത ഭൂമിയിലെ രാമക്ഷേത്രം ഉയർത്തിക്കാട്ടിയായിരുന്നു മോദിയും ബിജെപിയും ഇത്തവണ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ വർഗീയതയ്ക്കുവേണ്ടി നിർമിച്ച രാമക്ഷേത്രത്തെ അയോധ്യയിലെ ജനങ്ങൾ അംഗീകരിച്ചില്ലെന്ന് മാത്രമല്ല 2014 ലും 2019 ലും ബിജെപി വിജയം നേടിയ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ സിറ്റിംഗ് എം പി ലല്ലുസിങ്ങിനെതിരെ സമാജ്‌വാദി പാർട്ടിയുടെ അവദേഷ് പ്രസാദ് സിങിന് അര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന്റെ ജയം സമ്മാനിച്ച് തങ്ങളുടെ മതനിരപേക്ഷ സംസ്കാരത്തെ പ്രദർശിപ്പിക്കുകയായിരുന്നു അവർ.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കുമെന്ന് നിയമപരമായി പ്രതിജ്ഞയെടുത്തിട്ടുള്ള പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ രാമഭക്തിയും വിശ്വാസവും ഉപയോഗിച്ച് ഭൂരിപക്ഷധ്രുവീകരണമുണ്ടാക്കുകയെന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്നേറ്റ കനത്ത തിരിച്ചടിക്കിടയിലും ഭരണാധികാരത്തെ ഉപയോഗപ്പെടുത്തിയുള്ള വൈകാരികവിക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുക തന്നെയാണ് സംഘ് പരിവാർ. എൻസിഇആർടി പുറത്തിറക്കിയ പുതിയ പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിന്റെ പേരിന് പകരം ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന വിശേഷണമാണ് നൽകിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്ന പഴയ പാഠപുസ്തകത്തിലെ പരാമർശത്തെ നീക്കം ചെയ്ത് കൊണ്ടാണ് ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528 ൽ നിർമിച്ച മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന് ഭേദഗതി വരുത്തിയിരിക്കുന്നത്.
ബാബരി മസ്ജിദ് വിഷയത്തിൽ പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനാവശ്യമായ യാതൊരു തെളിവുകളും ‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ’യുടെ കണ്ടെത്തലുകളിൽ ഇല്ലെന്നും 1528 നും 1857 നും ഇടയിലുള്ള കാലയളവിൽ മസ്ജിദ് നിലനിൽക്കുന്ന പ്രദേശവും പള്ളിയും പൂർണമായും മുസ്ലിംകളുടെ ഉടമസ്ഥതയിലും കൈവശത്തിലും ആയിരുന്നു എന്നതിനെ ഖണ്ഡിക്കത്തക്ക വിധത്തിലുള്ള തെളിവുകളൊന്നും തന്നെ ലഭ്യമല്ലെന്നും കോടതികൾ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടും വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ടവർ പിന്നീട് രാജ്യത്തിന്റെ ബഹു സ്വരതയുടെയും ഭരണഘടനയുടെ ഫെഡറൽതത്വങ്ങളുടെയും കടക്കൽ കത്തി വെച്ച് കൊണ്ട് തീവ്ര വർഗീയതയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര നിർമ്മാണത്തിനായുള്ള കുല്സിത ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു.
1949 ഡിസംബർ 22 ന് ബാബരി മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിച്ച് സ്വയം ഭൂവായതാണെന്ന് പ്രചരിപ്പിക്കുക വഴി അയോദ്ധ്യ സംഭവത്തെ ഒരു വിഭാഗം പൗരന്മാരിൽ വൈകാരിക ഉത്തേജനം സൃഷ്ടിച്ച് കൊണ്ട് തങ്ങളുടെ ഏകശിലാത്മകമായ ബ്രാഹ്മണാധിപത്യ മനുവാദി ഫാസിസ്റ്റിക് ഹിന്ദുത്വരാഷ്ട്ര നിർമ്മിതിക്കായുള്ള നിർണ്ണായക ചുവട് വെപ്പ് നടത്തുകയായിരുന്നു ആർ എസ് എസ്. 1992 ഡിസംബർ ആറിലെ ബാബറി ധ്വംസനത്തിലൂടെ രാജ്യത്ത് അധികാരത്തിലേക്കുള്ള വഴി തുറന്ന ഭൂരിപക്ഷ വർഗീയത മതവിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണ മണി മുഴക്കുന്ന കാഴ്ചയ്ക്കാണ് പിന്നീടങ്ങോട്ട് രാജ്യം സാക്ഷ്യം വഹിച്ചത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അന്യമതവിദ്വേഷ പ്രചരണത്തിൽ നിന്നും വർഗീയ ധ്രുവീകരണത്തിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകാൻ തങ്ങൾ തയ്യാറല്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് പാഠ പുസ്തക ഭേദഗതിയിലൂടെ ഇപ്പോൾ ആർ എസ് എസും ബിജെപി യും ചെയ്യുന്നത്. പാഠ്യപദ്ധതികളിൽനിന്ന് മുഗൾ കാലഘട്ടചരിത്രം ഒഴിവാക്കി പുരാണങ്ങളും ഐതിഹ്യങ്ങളും ആധികാരിക സംഭവങ്ങളെന്ന നിലയിൽ ഉൾപ്പെടുത്തി മുൻപ് വിവാദം സൃഷ്ടിച്ചത് ഓർക്കുന്നുണ്ടാകും!
അതു പോലെ തന്നെ പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്സ് പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബുൾകലാം ആസാദിനെ ഒഴിവാക്കിയും ജമ്മു കശ്മീരിനെ സംബന്ധിച്ചുള്ള പരാമർശങ്ങളിൽ തിരുത്തലുകൾ വരുത്തിയും ജനാധിപത്യത്തെയും ജനകീയ സമരങ്ങളെയും സംബന്ധിച്ചുള്ള അധ്യായങ്ങൾ പത്താം തരം പാഠ പുസ്തകത്തിൽ നിന്ന് നിഷ്കാസനം ചെയ്‌തുമുള്ള വെറുപ്പിന്റെയും അന്യവൽക്കരണത്തിന്റെയും സിദ്ധാന്തത്തെ കൂടുതൽ കരുത്തോടെ പ്രയോഗവത്കരിക്കുക തന്നെയാണ് ലക്ഷ്യമെന്ന് ഉറക്കെപ്പറയുകയും ചെയ്യുന്നു.