ഇടതുപക്ഷത്തേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും ദുഷിപ്പ് പറയാൻ വേണ്ടി രമേശ് പിഷാരടിയെപ്പോലുള്ളവരെ ഉപയോഗിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. രമേശ് പിഷാരടിയെപ്പോലുള്ള വ്യക്തികൾ ഒരിക്കൽപ്പോലും നരേന്ദ്ര മോദിയെയും സംഘപരിവാറിനെയും എതിർത്ത് ഒരുവാക്കു പോലും പറഞ്ഞിട്ടില്ല. സ്വന്തം കാര്യത്തിന് വേണ്ടി കോൺഗ്രസ് മുഖംമൂടി ധരിക്കുന്ന സംഘി സംഘങ്ങളാണ് പലപ്പോഴും കോൺഗ്രസിനെ നയിച്ചു കൊണ്ടിരിക്കുന്നത്.
ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചില നിർമ്മാതാക്കളും സംവിധായകയും ഏറ്റെടുത്തിട്ടുണ്ട്. ഒരു ഇവന്റ് മാനേജ്മെന്റ് സംഘത്തെ പോലെ ഇടതുപക്ഷത്തിന് എതിരെ സിനിമാ മേഖലയിൽ ഉള്ളവരെ കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. സിനിമാ സംഘടകളുടെ തലപ്പിത്തിരിക്കുന്ന ചിലർ ഇടത് മുഖംമൂടിയണിഞ്ഞ് ഇടതു വിരുദ്ധ ശക്തികളെ സഹായിക്കുന്നതും ഗൗരവമായി കാണേണ്ടതുണ്ട്.
മാർക്സിസവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കാലഹരണപ്പെട്ടതാണെന്നാണ് രമേശ് പിഷാരടി പറയുന്നത്. ലോകമുള്ളിടത്തോളം കാലം മാർക്സിസം നിലനിൽക്കും, അധ്വാനിക്കുന്നവന്റെയും യാതന അനുഭവിക്കുന്നവന്റെയും കണ്ണീർ ഒപ്പുന്നതാണ് ആ പ്രത്യയശാസ്ത്രം. ഏത് പ്രദേശത്തും ഏത് കാലത്തും അത് അജയ്യമായി തുടരുകതന്നെ ചെയ്യും.
മാർക്സിസത്തെ കുറിച്ചോ തൊഴിലാളി വർഗ രാഷ്ട്രീയത്തെ കുറിച്ചോ ഒരു ധാരണയുമില്ലാത്ത രമേശ് പിഷാരടിമാർ വന്ന് വിടുവായത്തരം പറഞ്ഞാൽ നശിക്കുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മൂല്യം. ഇത്തരക്കാർ മനസ്സിൽ ബിജെപിയെ കൊണ്ടുനടന്ന് വേദികളിൽ കോൺഗ്രസിന് വേണ്ടി പ്രസംഗിക്കുന്നതുകണ്ട് കോൺഗ്രസുകാർ ആവേശം കൊള്ളേണ്ടതില്ല. ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ ആത്യന്തികമായി സഹായിക്കുന്നത് സംഘപരിവാറിനെയാണെന്നും അദ്ദേഹം പറഞ്ഞു.