
എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച് നിലവിലുള്ളതിൽനിന്ന് വ്യത്യസ്തവും വിചിത്രവുമായ പ്രചരണങ്ങൾ ഗീബൽസിയൻ മാതൃകയിൽ സൃഷ്ടിച്ച് കൊണ്ട് സാമാന്യ ജനത്തിന്നിടയിൽ തെറ്റിദ്ധാരണ പടർത്തുകയെന്നതാണ് ഫാസിസ്റ്റുകളുടെ പൊതു നയം. സമാധാന പ്രിയരും ശാന്തരുമായ ഇറ്റാലിയൻ ജനതയെ തീവ്ര ചിന്താഗതിക്കാരാക്കി രൂപാന്തരപ്പെടുത്തിയതിൽ മുസോളിനിയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് അനൽപമായ പങ്കുണ്ടായിരുന്നുവെന്ന് കാണാൻ കഴിയും.
ഇന്ത്യൻ ഫാസിസ്റ്റുകളും അപ്രകാരം തന്നെ തങ്ങളുടെ സിദ്ധാന്തത്തിന്റെ പ്രയോഗവത്ക്കരണത്തിനായി അസത്യങ്ങളും അർത്ഥ സത്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ച് പൊതു സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ ശക്തമാക്കുന്നതിൽ വ്യാപൃതരാണെന്നും.
എമ്പുരാൻ സിനിമക്കെതിരെ സംഘ് പരിവാർ കേന്ദ്രങ്ങൾ ഉയർത്തി വിടുന്ന വിമർശനങ്ങളും ആരോപണങ്ങളും വിമർശനങ്ങളോടും വിയോജിപ്പുകളോടുമുള്ള അവരുടെ പതിവ് അസഹിഷ്ണുതയെ തുറന്ന് കാണിക്കുന്നു.

2002 ൽ രാജ്യത്തെ പിടിച്ചുകുലുക്കിയ ഗുജറാത്തിലെ വംശഹത്യയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും വ്യക്തമായി അവതരിപ്പിക്കുന്നു എന്നതാണ് നിലവിൽ സംഘികളെ ചൊടിപ്പിച്ചിരിക്കുന്നത്.
എമ്പുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ അത്യന്തം ഹീനമായ സൈബർ അക്രമണങ്ങൾ ആണ് നടക്കുന്നത്.
ഇതുകൂടാതെ, എമ്പുരാൻ സിനിമ ബഹിഷ്കരിക്കാനും ആഹ്വാനവുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമിയിൽ തങ്ങളുടെ അധികാര ലക്ഷ്യങ്ങൾക്കായി വർഗീയതയെ വെള്ളവും വളവും നൽകി വളർത്തുന്ന ത്വരിത യത്നത്തിലേർ പെട്ടിരിക്കുന്ന ഫാസിസ്റ്റുകൾ അപര തത്വങ്ങളെ നിരാകരിക്കുന്ന ഹിന്ദുത്വ സാംസ്‌കാരിക ദേശീയതക്കെതിരെ നില കൊള്ളുന്നവരിൽ രാജ്യ ദ്രോഹം ആരോപിച്ച് സംതൃപ്തിയടയാൻ തുടങ്ങിയിട്ട് കാലമേറെയായി.
നൂറ്റാണ്ടുകളായുള്ള വെെവിധ്യമാർന്ന സാംസ്‌കാരിക പെെതൃകമാണ് നമ്മുടെ രാജ്യത്തിന്റെ അടിത്തറയെന്നിരിക്കെ മനുസ്മൃതിയിലധിഷ്ഠിതമായ സനാതന ധർമ്മത്തിനാൽ നിയന്ത്രിക്കപ്പെടേണ്ടതാണ് ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയെന്ന് ജൽപ്പിക്കുന്നവർ ഹിന്ദുത്വ പ്രചരണത്തിലൂടെ തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് അനിവാര്യമായ പ്രതിയോഗികളെ അസൂത്രിതമായിത്തന്നെ സൃഷ്ടിക്കുകയാണ്.
സംഘ് പരിവാർ കേന്ദ്രങ്ങൾ മുന്‍കൂട്ടി ആസൂത്രണം ചെയ്തതും രാഷ്ട്രീയപ്രേരിതവുമായ ഗുജറാത്ത് കലാപം മതേതര ഇന്ത്യക്കേറ്റ തീരാ കളങ്കമായിരുന്നു. ആയിരക്കണക്കിന് മുസ്ലീങ്ങള്‍ വംശഹത്യക്കിരയായ കലാപവേളയില്‍ 2002ല്‍ ആര്‍.എസ്.എസും ഹിന്ദുത്വ ഭീകരരും ഇസ്ലാം വിശ്വാസികൾക്ക് നേരെ ഭീകരമായ ആക്രമമഴിച്ചുവിട്ടപ്പോള്‍ പ്രാണരക്ഷാര്‍ഥം നാടുവിട്ടുപോകവേ അതി ക്രൂരമായി ആക്രമിക്കപ്പെട്ട ബില്‍ക്കീസ് ബാനുവിന്റെയും കുടുംബത്തിന്റെയും ചരിത്രം ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് കുറച്ചൊന്നുമല്ല മങ്ങലേൽപ്പിച്ചത്.

കുടുംബത്തിലെ 8 പേരെ കൊലപ്പെടുത്തുകയും അഞ്ചുമാസം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെയും മറ്റ് രണ്ടു സ്ത്രീകളെയും കൂട്ടബലാത്സംഗം ചെയ്യുകയും ബലാത്സംഗത്തിനു ശേഷം ആ രണ്ടു സ്ത്രീകളെയും വെട്ടിക്കൊലപ്പെടുത്തി ബാനുവിന്റെ 3 വയസ്സായ മകളെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു കൊല്ലുകയും ചെയ്ത ചരിത്രത്തിൽ തുല്യതയില്ലാത്ത നരാധമത്വം മതേതര ഇന്ത്യക്ക് മറക്കാൻ കഴിയുമോ?
അത് പോലെ തന്നെ കലാപ വേളയിൽ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘ്പരിവാർ നടത്തിയ തീവെപ്പിലാണ് മുൻ കോൺഗ്രസ്സ് എം.പിയായ ഇഹ്സാൻ ജാഫ്രിയുൾപ്പെടെ 69 പേർ വെന്തുമരിച്ചത്. ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്ക് കാരണം മോദിയാണെന്ന് തുറന്നടിച്ച ഗുജറാത്ത് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സഞ്ജയ് ഭട്ടിനെ ജയിലിൽ അടച്ചതും മറന്നിട്ടില്ല ജനാധിപത്യ ഇന്ത്യ.
രാജ്യത്ത് ഏറ്റവും കൂടുതൽ ദളിത് പീഡനവും വിവേചനവും നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്ന് നമുക്കറിയാം. ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഗുജറാത്തിൽ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദളിതർക്ക് സാമൂഹ്യഭൃഷ്ടു മൂലം നാടുവിട്ട് പോകേണ്ടിവന്നിട്ടുണ്ടെന്ന് പറയുന്നു.
ന്യൂനപക്ഷങ്ങളെയും ദളിത് ജനവിഭാഗങ്ങളെയും അരക്ഷിതരും നിരാലംബരുമാക്കുന്ന ഫാസിസ്റ്റ് ഭീകരതയാണ് ഗുജറാത്തിൽ വർത്തമാന കാലത്ത് പോലും അരങ്ങേറിക്കൊണ്ടിരിക്കുന്നുത്. ഇന്ത്യൻ ബഹുസ്വരതയോടും മതേതരത്വത്തോടും എന്നും അനുരഞ്ജന രഹിത കലഹത്തിലേർപ്പെടുക മാത്രം ചെയ്തിട്ടുള്ള സംഘ് പരിവാർ തങ്ങൾക്കെതിരെ നില കൊള്ളുന്നവരുടെ രാജ്യ സ്നേഹം നിരന്തരം ചോദ്യം ചെയ്യുന്ന കാഴ്ചയാണ് നിലവിൽ കണ്ടു കൊണ്ടിരിക്കുന്നത്.

രാഷ്ട്ര താൽപര്യമെന്ന പേരിൽ ഇന്ത്യൻ ദേശീയത സങ്കൽപത്തെ അട്ടിമറിച്ച് കൊണ്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനനുസരിച്ച് അതിനെ വ്യാഖ്യാനിക്കുന്ന സമീപനമാണ് അവരുടേത്. അത് കൊണ്ട് തന്നെ ഫാസിസ്റ്റ് ശക്തികൾ ഈ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അപര മത വിദ്വേഷത്തെ കൃത്യമായി അടയാളപ്പെടുത്തുകയും ചരിത്ര വസ്തുതകളെ ആധികാരികമായി അവതരിപ്പിക്കുകയും ചെയ്തതിനെ കൊല വിളിയിലൂടെയും അസഭ്യ വർഷത്തിലൂടെയും പ്രതിരോധിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്.
സിനിമയെ സിനിമയായി കാണാനും വിമർശനങ്ങളെ ആശയ പരമായി നേരിടാനും സംഘ് പരിവാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. തങ്ങൾക്കെതിരിൽ നില കൊള്ളുന്നവരെ അനാരോഗ്യകരമായ പ്രചാരണങ്ങളിലൂടെ താറടിച്ചു കാണിക്കുക എന്നതാണ് അവരുടെ എക്കാലത്തെയും നയം.
സംഘ് പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്നെതിരെയുള്ള മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും നിലപാടുകൾ ജനാധിപത്യ ഇന്ത്യയുടെ ഒന്നടങ്കം ശബ്ദമാണ്. യാഥാർത്ഥ്യങ്ങളോട് അസ്വസ്ഥത കാണിച്ചത് കൊണ്ടോ ഹീനമായ സൈബർ ആക്രമണം കൊണ്ടോ സത്യത്തെ മറച്ചു പിടിക്കാൻ ആവില്ലെന്ന് സംഘ് പരിവാർ മനസ്സിലാക്കണം.