എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും കൂടുതൽ അപകടത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ് ഇന്നുളളത്. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിൽ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നടപടികൾക്ക് മുമ്പില്ലാത്ത അത്രയും വേഗം വന്നിട്ടുണ്ട്. ആർഎസ്എസിന്റെ ശതാബ്ദി വർഷമായ രണ്ടായിരത്തിഇരുപത്തഞ്ചോടെ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചാണ് സംഘപരിവാർ ശക്തികൾ മുന്നോട്ടു പോകുന്നത്.
നാല് പതിറ്റാണ്ടോളമായി പൊതുതെരഞ്ഞെടുപ്പിൽ തങ്ങളുടെ തുറുപ്പുചീട്ടായിരുന്ന അയോദ്ധ്യ തന്നെയാകും ഇത്തവണയും പ്രധാന ആയുധമായി സംഘപരിവാർ മുന്നോട്ടിറക്കുന്നത്. അതിൽ പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും ഇരകളാക്കാനുള്ള കുതന്ത്രവും ബിജെപി പുറത്തെടുത്ത് കഴിഞ്ഞു. രാമക്ഷേത്രം ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നത് ഒരു രാഷ്ട്രീയ കുതന്ത്രമാണ്. അതിലവർ പങ്കെടുത്താലും ഇല്ലെങ്കിലും വലിയ ചർച്ചയാക്കുമെന്ന് സംഘപരിവാരിന് നന്നായി അറിയാം. ജനുവരി 22ന് നടക്കുന്ന ക്ഷേത്രത്തിലെ തികച്ചും മതപരമായ പ്രാണപ്രതിഷ്ഠ, രാഷ്ട്രീയപരിപാടിയോ, കേന്ദ്ര സർക്കാരിന്റെ പൊതുപരിപാടിയാേ എന്നതുപോലെയാണിപ്പോൾ പ്രചരിപ്പിക്കുന്നത്. നരേന്ദ്ര മോദി പങ്കെടുക്കുന്നുവെന്നത് മാത്രമല്ല, അതൊരു പ്രചരണായുധമാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു എന്നിടത്ത് രാജ്യത്തിന്റെ മതേതരത്വം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ കോൺഗ്രസിന്റെ അഭിപ്രായം ഒന്നും പുറത്തു വന്നിട്ടില്ല. പ്രധാനപ്രതിപക്ഷമായ കോൺഗ്രസിന്റെ ഈ നിലപാടില്ലായ്മ തന്നെയാണ് അന്നും ഇന്നും ഹിന്ദുത്വ അജണ്ടയെ വളർത്തിയത്. 1992ലെ ബാബറി മസ്ജിദ് തകർച്ചയ്ക്ക് മുമ്പും ശേഷവും കോൺഗ്രസ് പാലൂട്ടിയ മൃദുഹിന്ദുത്വമാണ് തീവ്രഹിന്ദുത്വത്തിന് അടിവളമായത്. രാജ്യത്തെ മതവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപി എല്ലാത്തിനെയും തങ്ങളുടെ കാൽക്കീഴിലാക്കുകയാണ്. ഇന്ത്യയുടെ പേര് ഭാരതം എന്ന് ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ ചൊൽപ്പടിക്കാക്കി. ജുഡീഷ്യറിയെയും വരുതിയിലാക്കാനുള്ള നീക്കം തകൃതിയാണ്.