തിരുവനന്തപുരം: ജാതിയതിഷേപം നടത്തിയതിനു കടുത്ത വിദ്യാർത്ഥി പ്രതിഷേധത്തെതുടർന്ന് രാജിവച്ച ശങ്കർ മോഹനനെ ചലച്ചിത്ര വികസന കോർപറേഷൻ അംഗമാക്കിയ നടപടിയിൽ എതിർപ്പറിയിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചലച്ചിത്ര അക്കാദമി അംഗം കൂടിയായ എൻ അരുൺ രംഗത്തെത്തിയത്. ശങ്കർ മോഹനെ കേരള ചലച്ചിത്ര വികസന കോർപറേഷൻ അംഗമാക്കിയത് അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ശങ്കർ മോഹൻ രാജി വെച്ചതല്ല , വെപ്പിച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജാതിവെറിയനായ സ്ഥാപന മേധാവിക്കെതിരെ സാംസ്കാരിക കേരളത്തിന്റെ ശക്തമായ പ്രതിഷേധം ഉയർന്നതുമൂലമാണ് അവിടെ നിന്നും ശങ്കർ മോഹൻ രാജി വച്ച് പുറത്തു പോയത്. ഇത്രയും കൊള്ളരുതായ്മകൾ ചെയ്തുകൂട്ടിയിട്ടും അർഹിക്കാത്ത പരിഗണമന നൽകി ശങ്കർ മോഹനനെ ഇത്തരം അധികാരങ്ങളിലേക്കെത്തിക്കുന്നവരാരെന്നും എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും എൻ അരുൺ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.