കഴിഞ്ഞ ദിവസം നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തെ വിമർശിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഇന്ത്യ സഖ്യത്തെ വഞ്ചിച്ച കോൺഗ്രസിനെതിരെ അദ്ദേഹം രംഗത്തുവന്നത്.
രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിനിൽക്കുന്ന ഘട്ടത്തിൽ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിലെ ഫലങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കടുത്ത നിരാശ ഉണ്ടാക്കുന്ന ഫലമാണ് 3 സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി സംവിധാനത്തെ ഒരു ജലരേഖയാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണ് ഇതിന് ഉത്തരവാദി. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കാണിച്ച വങ്കത്തമാണ് അവർ ഇവിടെയും ആവർത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിതാൽപ്പര്യം മാത്രം മുൻനിർത്തി കോൺഗ്രസ്സിൻ്റെ സംസ്ഥാന നേതൃത്വമെടുത്ത ബുദ്ധിശൂന്യമായ നിലപാടിനെ തിരുത്തുവാനുള്ള ആർജ്ജവമോ പാടവമോ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന് ഇല്ല എന്നത് നിർഭാഗ്യകരമാണ്.
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ രൂപീകരിച്ച യോജിച്ച പ്ലാറ്റ്ഫോം ആയ ഇന്ത്യ മുന്നണിയിലെ പ്രമുഖ പാർട്ടി തന്നെ അതിൻ്റെ കടയ്ക്കൽ കോടാലി വയ്ക്കുന്ന സമീപനം സ്വീകരിച്ചു എന്ന് അരുൺ പറഞ്ഞു.
അധികാര മോഹികളായ പ്രാദേശിക നേതാക്കളുടെ താളത്തിന് തുള്ളുന്ന ദേശീയ തേതൃത്വം യാഥാർത്ഥ്യം ഉൾക്കൊണ്ട് നിലപാട് തിരുത്തിയില്ലെങ്കിൽ മതേതര ജനാധിപത്യ ഇന്ത്യ എന്നത് ഒരു ഓർമ്മയോ സങ്കൽപ്പമോ ആയി മാറും എന്ന് അദ്ദേഹം വ്യക്തമാക്കി.