ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ എടുക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ രംഗത്ത്. സിനിമ മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങളും വിവേചനവും മനസ്സിലാക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ നടപടിയെടുക്കാത്തതിനെതിരെയാണ് എൻ അരുൺ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് എൻ അരുൺ സർക്കാരിനെതിരെ രംഗത്തെത്തിയത്.
എൻ അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ എടുക്കുവാൻ സർക്കാർ തയ്യാറാകണം. സിനിമ മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങളും വിവേചനവും മനസ്സിലാക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചിട്ട് 5 വർഷങ്ങൾ ആകുന്നു. സിനിമാ മേഖലയിലേക്കുള്ള മാഫിയകളുടെ കടന്നുകയറ്റവും ക്രിമിനൽ കുറ്റകൃത്യങ്ങളും സ്ത്രീകളോടുള്ള മോശമായ പ്രവൃത്തികളും സാംസ്കാരിക മേഖലയെ കളങ്കപ്പെടുത്തുകയും കേരളീയ സാമൂഹ്യ രംഗത്ത് വൻ വിപത്താവുകയും ചെയ്യുന്ന ഈ കാലത്ത് , ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കേണ്ടത് ഏറെ അനിവാര്യമാണ്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് ആ റിപ്പോർട്ടിൽ ഉള്ളത് എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. സിനിമ രംഗത്തെ വിലക്കുകളും ഒഴിവാക്കലു കളും വിവേചനങ്ങളുമെല്ലാം പല ഘട്ടങ്ങളിൽ ചർച്ച ആയിട്ടുള്ളതാണ്. കൊടും ക്രിമിനലുകളെ വെല്ലുന്ന കുറ്റ കൃത്യങ്ങളും സിനിമയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. സിനിമാ മേഖലയിലേക്ക് കടന്നു വന്നിട്ടുള്ള ചില മാഫിയാ സംഘങ്ങളുടെയും ഈ മേഖലയിൽ വിരാചിക്കുന്നവരടെയും അവരുടെ അനുചരൻമാരുടെയും സ്വൈരവിഹാരകേന്ദ്രമായി ഈ രംഗം മറുന്നതിൻ്റെ ദുരന്തമാണ് ഇവിടെ കാണുന്നത്., ബോളിവുഡ് സിനിമയെ അധോലോകം കൈയടക്കിയതിൻ്റെ ദുരന്തം നമ്മൾ കണ്ടതാണ്.
നമ്മുടെ കേരളത്തിൽ മാഫിയകൾ കള്ളപ്പണം വെളുപ്പിക്കുവാനും മയക്കുമരുന്ന് വിപണനത്തിനും ക്രിമിനലുകളുടെ ഒളിത്താവളമായുമെല്ലാം സിനിമയെ ഉപയോഗിക്കുന്നു വെന്ന വാർത്തകളാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷൻ എന്നത് സർക്കാർ നടത്തിയ ഒരു രഹസ്യ അന്വേഷണമായിരുന്നില്ല. നൂറു കണക്കിന് വ്യക്തി മൊഴികളും തെളിവുകളും ശേഖരിച്ച് നടത്തിയ റിപ്പോർട്ടിലെ വസ്തുതകൾ ജനങ്ങളെ അറിയിക്കണം. തെറ്റായ പ്രവണതകൾ തിരുത്തുവാൻ , കുറ്റക്കാരെ ശിക്ഷിക്കുവാൻ തുടർ നടപടികളും ഉറപ്പായും വേണം. ഇല്ലെങ്കിൽ സിനിമയെ , നമ്മുടെ സാംസ്കാരിക മേഖലയെ സംരക്ഷിക്കുവാൻ പര്യാപ്തമായ ഒരു അന്വേഷണ റിപ്പോർട്ട് ആരെയൊക്കെയോ രക്ഷിക്കുവാൻ വേണ്ടി അധികൃതർ പൂഴ്ത്തി വച്ചു എന്ന കളങ്കം ഈ സർക്കാരിന് പേറേണ്ടി വരും .