വിശ്വ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ മുച്ചീട്ട് കളിക്കാരൻ്റെ മകളുടെ നാടകരൂപം മൂവാറ്റുപുഴയിലെ പ്രേക്ഷകർ നെഞ്ചേറ്റി. ചലച്ചിത്ര അക്കാദമി അംഗം കൂടിയായ എൻ. അരുൺ സംവിധാനം ചെയ്ത നാടകത്തിൻ്റെ ആദ്യ അവതരണമാണ് മുനിസിപ്പൽ പാർക്കിൽ നടന്നത്. ബഷീറിൻ്റെ കഥയ്ക്ക് നാടക ഭാഷ്യം നൽകിയത് എൽദോസ് യോഹന്നാനും കലാസംവിധാനം നിർവഹിച്ചത് ആർ. എൽ. വി. അജയും ആണ്.
പരമ്പരാഗത ശൈലിയിൽ നിന്നും മാറി വേദിയും അരങ്ങും ഒന്നായിത്തീരുന്ന വിധത്തിലുള്ള അവതരണം പ്രേക്ഷകർക്ക് പുതിയ അനുഭവമായി. അർദ്ധവൃത്താകൃതിയിൽ അഞ്ച് വ്യത്യസ്ത പശ്ചാത്തലങ്ങൾ പ്രകാശ-ശബ്ദ വിന്യാസങ്ങളുടെ സഹായത്തോടെ സജ്ജീകരിച്ചത് പ്രേക്ഷകർക്ക് കൗതുകമായി. തുഴഞ്ഞ് പോകുന്ന വഞ്ചിയും കടവ് കടന്ന് നാട്ടുചന്തയിലേക്ക് വരുന്ന വിവാഹ ഘോഷയാത്രയും പ്രേക്ഷകരുടെ മനസ്സിൽ ദൃശ്യവിരുന്നായി മാറി. എഴുപത്തിയഞ്ച് വർഷം മുൻപുള്ള കേരളത്തിൻ്റെ നിഷ്ക്കളങ്ക ഗ്രാമീണതയിലേക്കാണ് ഒന്നേകാൽ മണിക്കൂർ പ്രേക്ഷകനെ നാടകം കൊണ്ടുപോയത്.
ഒറ്റക്കണ്ണൻ പോക്കറായി വി. ടി. രതീഷും മണ്ടൻ മുത്തപ്പയായി പ്രശാന്ത് തൃക്കളത്തൂരും സൈനബ ആയി ശിശിരയും എട്ടുകാലി മമ്മൂഞ്ഞായി കെ. ജെ. മാർട്ടിനും പൊൻകുരിശ് തോമയായി ആർ. എൽ. വി. അജയും ആനവാരി രാമൻ നായരായി അരുൺ കുമാർ എസും ഡ്രൈവർ പപ്പുണ്ണിയായി ജിനേഷ് ഗംഗാധരനും തൊരപ്പൻ അവറാനായി ബിബിൻ രാജും പാഷാണം ദാമുവായി അബു അലിയും ചാണ്ടിയായി അൻഷാജ് തെനാലിയും മാത്തൻ പോലീസ് ആയി ബേസിൽ ടി. ജോണും ശങ്കു പോലീസായി ബിബിൻ മാപ്പിളയും കേശുവായി ഹാരിസ് കൃഷ്ണയും നാണപ്പനായി സുമേഷ് എം. എസും ബഷീറായി അനിൽ എം. എസും അരങ്ങിലെത്തി.നാടകത്തിൻ്റെ ചമയം മനോജ് അങ്കമാലിയും വസ്ത്രാലങ്കാരം യാക്കോബ് അല്ലപ്രയും ശബ്ദ നിയന്ത്രണം ഗൗരീശങ്കറും സജീവൻ നെല്ലാടും ശബ്ദ വിതാനം യദുകൃഷ്ണനും പി.ബി ബിന്ദു രാജും നിർവഹിച്ചിരിക്കുന്നു.
പ്രശസ്ത നാടക, സിനിമ സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവുമായ മനോജ് കാന, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവർ ചേർന്ന് നാടകത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മോഹൻദാസ് സൂര്യനാരായണൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.