തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും അത്യന്തം വേദന ജനകവുമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. തീവ്രവാദ – വിഘടനവാദ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തല്പര കക്ഷികളുടെ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം നാം സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്മൂലന വാദം മുഖ മുദ്രയാക്കുന്ന ഭീകര സംഘടനകൾ രാജ്യത്ത് വൻ തോതിൽ കലാപം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടത്തുന്നത്. രാജ്യത്ത് വളർന്നു വരുന്ന ഭീകരവാദങ്ങളുടെയും ഭീകര പ്രസ്ഥാനങ്ങളുടെയും വേരറുക്കുന്നതിനായുള്ള പോരാട്ടം ഭരണ കൂടം ശക്തിപ്പെടുത്തണം.
എന്നാൽ പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ മുസ്‌ലിംകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിദ്വേഷ പ്രചരണങ്ങൾ അഴിച്ചുവിട്ട് വിഷയത്തിൽ കൃത്യമായ മുതലെടുപ്പ് നടത്തുകയാണ് സംഘികൾ. മുസ്‌ലികളാണ് പ്രശ്നത്തിന് കാരണമെന്ന് പ്രഖ്യാപിച്ച് സമൂഹത്തിൽ
വിദ്വേഷം ജനിപ്പിക്കുകയും അതുവഴി വ്യക്തികളുടെ മനസ്സിൽ വർഗ്ഗീയത ആളിക്കത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
സമൂഹത്തിൽ വിഭാഗീയ ചിന്തകൾ വളർത്തുന്നതിനും ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുന്നതിനായി അത്യന്തം വേദനാജനകമായ ഈ ഭീകരാക്രമത്തെ പോലും സംഘ പരിവാര സംഘങ്ങൾ സുവർണ്ണാവസരമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ അടക്കമുള്ളവർ ഭീകരാക്രമത്തെ അപലപിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെ അത്യന്തം വർഗീയവും പ്രകോപന പരവും വിഷലിപ്തവുമായ പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഭീകരതയെയും തീവ്ര വാദത്തെയും സാമൂഹ്യ വിപത്തായിക്കണ്ട് അമർച്ച ചെയ്യേണ്ട സാഹചര്യത്തിൽ ഭീകരതയെ മതത്തിന്റെ ലേബലിൽ അവതരിപ്പിച്ച് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആർ എസ് എസ് അജണ്ട നാം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക തന്നെ വേണമെന്ന് എന്േ അരുൺ പറഞ്ഞു.