കൊച്ചി: കേരളത്തിൽ തൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അതിഥി സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സൗഹൃദ 2023 പുരസ്കാരം അവകാശികൾ സിനിമയുടെ തിരക്കഥകൃത്തും സംവിധായകനുമായ എൻ അരുണിന് സമ്മാനിച്ചു. അതിഥി തൊഴിലാളി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരാണ് പുരസ്കാരം നൽകിയത്.
അതിഥി തൊഴിലാളികളുടെ ജീവിതം പ്രമേയമായ സിനിമയാണ് അവകാശികൾ. ക്യാഷ് അവാർഡും പ്രശക്തി പത്രവും മൊമന്റോയും ഉൾപ്പെടുന്ന അവാർഡ് പെരുമ്പാവൂരിൽ നടന്ന ചടങ്ങിൽ കൈമാറി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു. പിഎഎസ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ മുൻസിപൽ കൗൺസിലർ പി എം സിറാജ് ഭാരവാഹികളായ മുഹമ്മദ് നിസാർ , സമദ് ഉസ്മാൻ അഡ്വ. എസ് രഞ്ജിത് , ബേസിൽ പാമ , അഡ്വ. കെ ആർ സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.