സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ സംവിധായകൻ വിനയൻ കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ രംഗത്ത്. അദ്ദേഹത്തിൻ്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ ചെയർമാന് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരുവാൻ അർഹതയില്ലെന്നും എൻ അരുൺ വ്യക്തമാക്കി.
വിനയൻ്റെ കയ്യിൽ ആരോപണങ്ങൾ വസ്തുതയാണെന്ന് വെളിവാക്കുവാനുള്ള തെളിവുകൾ ഉണ്ടെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ ജൂറി അംഗത്തിൻ്റേതായി സോഷ്യൽ മീഡിയയിൽ വരുന്ന ശബ്ദരേഖ ഗൗരവത്തോടെ നോക്കിക്കാണേണ്ടതുണ്ടെന്നും എൻ അരുൺ അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി തെളിവുകൾ പരിശോധിച്ച് മാതൃകാപരമായ നടപടികൾ സ്വീകരിക്കുവാൻ അഭ്യർത്ഥിച്ചു കൊണ്ട് എൻ അരുൺ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.