കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനൻ ജാതി വിവേചനവും മനുഷ്യാവകാശ ലംഘനവും നടുത്തുന്നുവെന്ന പരാതി ഡയറക്ടറെ മാറ്റി നിർത്തി അന്യേഷിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയ വിദ്വേഷത്തിന്റെ നെറികേടുകളാണ് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ശങ്കര മോഹനൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വിദ്യാർത്ഥികളും ജീവനക്കാരും പരാതിപ്പെടുമ്പോൾ അത് വെറും പരാതിയല്ല എന്ന് ഇദ്ദേഹത്തിന്റെ ഭൂതക്കാലം പരിശോധിക്കുമ്പോൾ മനസസ്സിലാക്കാൻ സാധിക്കുമെന്നും എൻ അരുൺ പറഞ്ഞു. ഇത്തരത്തിൽ ജാതിയതയും വംശീയതയും മനസ്സിൽ കൊണ്ട് നടക്കുന്നവർ മനുഷ്യാവകാശത്തിനു യാതൊരു വിലയും കൽപ്പിക്കാത്തവരാണെന്നും ഇവരെ പോലെയുളളവർ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനായി ഇരിക്കുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയം അതീവ ഗൗരവമുള്ളതാണ്. കടുത്ത ജാതി വിവേചനവും അധിക്ഷേപവും ചട്ട ലംഘനങ്ങളുമാണ് ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുവരുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എഐവൈഎഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
ശങ്കർ മോഹനെ സ്ഥാനത്തു നിന്ന് മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനും എഐവൈഎഫ് പരാതി നൽകുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. പ്രതിഷേധ യോഗത്തിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് , ശുഭേഷ് സുധാകരൻ, റെനീഷ് കാരിമറ്റം, പി ആർ ശരത് കുമാർ,നന്ദു ജോസഫ് , നിഖിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.