തിരുവനന്തപുരം: രാജ്യം ഭരിക്കുന്നത് ഡൽഹി കൂട്ട ബലാൽസംഗ കേസിലെ പ്രതികളെക്കാൾ ക്രൂര മനോഭാവമുള്ളവണെന്നും ഭരണാധികാരികൾ മണിപ്പൂരിലെ മനുഷ്യത്വരഹിതമായ കാഴ്ചകളോട് പ്രതികരിക്കാതെ അതിൻ്റെ ആസ്വാദകരായി മാറുന്നത് അതുകൊണ്ടാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പറഞ്ഞു.
മണിപ്പൂരിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുക, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക എന്നീ മുദ്യവാക്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് തിരുവനന്തപുരത്ത് എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ അരുൺ. ജനാധിപത്യ വിശ്വാസികൾ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വേണ്ടി അണിനിരക്കണമെന്നും എൻ അരുൺ പറഞ്ഞു.
സമാധാനം പുനസ്ഥാപിക്കാൻ ബാധ്യതയുള്ള സർക്കാർ അക്രമികളെ അഴിഞ്ഞാടാൻ വിട്ട് കയ്യുംകെട്ടി നോക്കി നിൽക്കുന്നതിന്റെ അനന്തരഫലമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നത് എന്നും ഇത് ഇന്ത്യയ്ക്ക് അപമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാളയം രക്തസാക്ഷി മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ആദർശ്കൃഷ്ണ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആർ.എസ് ജയൻ സ്വാഗതം പറഞ്ഞു.