മൂവാറ്റുപുഴ: പകുതി വിലയ്ക്ക് സ്കൂട്ടർ,ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് തെറ്റിദ്ധരിച്ച് തട്ടിപ്പിന് ഇരയായവർക്ക് നീതി ഉറപ്പാക്കുവാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ.
തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ആ തുക തട്ടിപ്പിന് ഇരയായ സ്ത്രീകൾക്ക് നൽകണമെന്നും എൻ അരുൺ അഭിപ്രായപ്പെട്ടു. എഐവൈഎഫ് നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പുകാരൻ അനന്ദു കൃഷ്ണനെ സഹായിച്ച രാഷ്ട്രീയക്കാരും ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും ബിജെപി കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ സമഗ്രമായ അന്വേഷണം നടത്തി തുടർനടപടികൾക്ക് വിധേയമാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
6000 രൂപ കമ്മീഷൻ വാങ്ങിക്കൊണ്ട് തട്ടിപ്പുകാരെ സഹായിച്ച സ്ഥാപനങ്ങളിൽ നിന്നും ആളുകളിൽ നിന്നും കമ്മീഷനായി പറ്റിയ തുക തിരിച്ചടപ്പിക്കുകയും അത് പണം നഷ്ടപ്പെട്ടവർക്ക് നൽകുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡൻറ് സൈജൽ പാലിയത്ത് അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എ നവാസ് മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൻ എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ ബി നിസാർ മണ്ഡലം സെക്രട്ടറി അഡ്വ.എൽ എ അജിത്ത് , ഗോവിന്ദ് എസ് കുന്നുംപുറത്ത് , വിൻസൻ ഇല്ലിയ്ക്കൻ , പോൾ പൂമറ്റം അൻഷാജ് തേനാലി , ഇബ്രാഹിം കരിം , നന്ദന കെ എസ് തുടങ്ങിയവർ പ്രസംഗിച്ചു.