ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ.അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രഥമ നാടകത്തിന്റെ പ്രഖ്യാപനം ചലച്ചിത്ര സംവിധായകൻ വിനയൻ നിർവഹിച്ചു. അപരം എന്ന് പേരിട്ടിരിക്കുന്ന നാടകത്തിൽ വർത്തമാനകാല ജീവിത സങ്കീർണ്ണതകളും പ്രതിസന്ധികളുമാണ് പ്രമേയമാകുന്നത്.
ഏറ്റവും ജീവസ്സുറ്റ കലയായ നാടകമേഖല കൂടുതൽ സജീവമാകേണ്ടതുണ്ടെന്നും അരുൺ ഉൾപ്പടെയുള്ള യുവകലാകരൻമാർ നാടക രംഗത്തേക്ക് കടന്നുവരുന്നതിൽ വലിയ പ്രതീക്ഷയുണ്ടെന്നും നാടകത്തിന്റെ പേര് പ്രഖ്യാപിച്ചു കൊണ്ട് മുൻ നാടക കലാകാരൻ കൂടിയായ വിനയൻ പറഞ്ഞു. എൻ.അരുണിനൊപ്പം പ്രമുഖ യുവ സിനിമാ പ്രവർത്തകരും അപരം എന്ന നാടകത്തിന്റെ ഭാഗമാകുന്നുണ്ട്.
മൂലധന ശക്തികളുടെയും സമ്പന്ന വർഗ്ഗത്തിന്റെയും ലാഭക്കൊതിയുടെയും സ്വാർത്ഥതയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണ്. ഭരണകൂടവും നീതിന്യായ വ്യവസ്ഥിയുംവരെ സാധാരക്കാരന്റെ ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പു നൽകുന്നില്ല എന്നതാണ് നാടകം ചർച്ച ചെയ്യുന്നത്.
തെരുവുനായ ആക്രമണങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ മരിച്ചു വീഴുമ്പോഴും വിഷം വമിക്കുന്ന ഫാക്ടറികൾ മനുഷ്യജീവനു ഭീഷണിയാകുമ്പോഴും നീതിന്യായ വ്യവസ്ഥിതിവരെ പരിഹാരം കാണാതെ ഇരുട്ടിൽ തപ്പുന്നതിലുള്ള പ്രതിഷേധമാണ് അപരം എന്ന തന്റെ നാടകം എന്ന് എൻ.അരുൺ പറഞ്ഞു. റിയൽ വ്യു ക്രിയേഷൻസിന്റെ ബാനറിലാണ് നാടകം അരങ്ങിലെത്തുന്നത്