വയനാട് ഉരുൾപ്പൊട്ടലുണ്ടായതിന്റെ പതിനൊന്നാം ദിനം ദുരന്ത മേഖല സന്ദർശിച്ച പ്രധാന മന്ത്രി അവിടെ ജനങ്ങളോട് നിലവിൽ കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്ന് കൽപ്പറ്റ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കേവല വൈകാരിക പ്രകടനങ്ങൾ അല്ലാതെ യാതൊരു വിധ നടപടിയും ഇതുവരെ സ്വീകരിച്ചില്ല.
കേരളത്തിന് അർഹമായ വിഹിതങ്ങളോ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ നൽകുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തീർത്തും ദുർബലപ്പെടുത്തുന്ന സമീപനവും കേന്ദ്രം സ്വീകരിക്കുന്നു. സഹായ വാഗ്ദാനം നൽകിയ ശേഷം കേരളത്തിന്റെ ആവശ്യത്തോട് അത്യന്തം നിഷേധാത്മകമായ സമീപനം സ്വീകരിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ പതിവ് വിവേചനം തന്നെയാണ് ഇവിടെയും കാണുന്നത്.കേരളത്തിലെ പ്രതിപക്ഷവും വലത് പക്ഷ മാധ്യമങ്ങളും നിലവിൽ വയനാട് ചൂരൽ മല മുണ്ടക്കൈ ദുരിത ബാധിത മേഖലക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം അട്ടിമറിക്കുന്നതിന് വേണ്ടിയും സംസ്ഥാന സർക്കാരിനെ താറടിക്കുന്നതിനായും വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.