തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ എം രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും രാജി ആവശ്യപ്പെടണോ എന്നത് അക്കാദമിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജി ആവശ്യപ്പെടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ‘രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ശ്രീലേഖ അന്ന് പറഞ്ഞിരുന്നു’ എന്ന് സ്ഥിരീകരിച്ച് ജോഷി ജോസഫ് കൂടി രംഗത്ത് വന്നതോടെ സാമൂഹിക പ്രതിബദ്ധതയുള്ള സംവിധായകനല്ല രഞ്ജിത്തെന്നും അദ്ദേഹം വെളിപ്പെടുത്തി. സിനിമാമേഖലയ്ക്കായി പ്രത്യേക നയം രൂപീകരിക്കണം. വിഷയത്തിൽ മന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെടും എന്നാണ് പ്രതീക്ഷയെന്നും എൻ അരുൺ പറഞ്ഞു.
സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ഇന്നലെയാണ് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.