സ്ത്രീധന മരണങ്ങളുടെ പൂർണ ഉത്തരവാദി സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. സ്ത്രീധനത്തിന്റെ പേരിൽ തിരുവനന്തപുരത്തെ മെഡിക്കൽ പിജി വിദ്യാർത്ഥിനി ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുത്ത് അറസ്റ്റ് ചെയ്ത ആഭ്യന്തര വകുപ്പിനും ജോലിയിൽ നിന്നും സസ്പെന്റ് ചെയ്ത ആരോഗ്യ വകുപ്പിനേയും അദ്ദേഹം അഭിനന്ദിച്ചു.
സ്ത്രീധനത്തിൻ്റെ പേരിൽ ആത്മഹത്യയോ കൊലപാതകമോ ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മൾ സങ്കീർണ്ണമായ ഈ വിഷയം ചർച്ച ചെയ്യാറുള്ളൂ , അതാണെങ്കിൽ ചുരുങ്ങിയ കാലം കൊണ്ട് അവസാനിക്കുകയും ചെയ്യും. നിയമത്തിൻ്റെ അപര്യാപ്തതയല്ല സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാണ് മുഖ്യ ഉത്തരവാദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയായിരുന്നു.
അതേസമയം യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിൽ. മെഡി. കോളേജ് പൊലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. റുവൈസിനെ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ കസ്റ്റിഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.
ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. റുവൈസാണ് സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയത്. കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. ഷഹ്നക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് വെളിപ്പെടുത്തിയിരുന്നു.