എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
മലയാള സാംസ്കാരിക രംഗത്തിലെ എല്ലാ തലങ്ങളിലും തന്റെതായ വ്യക്തി പ്രഭാവം കാഴ്ചവച്ച അതുല്യ പ്രതിഭയെയാണ് കേരളത്തിനു നഷ്ടമായിരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയ്ക്ക് എംടി നൽകിയിരിക്കുന്ന സംഭാവനകൾ എത്രയോ വലുതാണ്. വടക്കൻ വീരഗാഥയും വൈശാലിയും മഞ്ഞും പെരുന്തച്ചനു പഞ്ചാഗ്നിയും ഉൾപ്പെടെ എത്രയെത്ര അതുല്യ കലാസൃഷ്ടികളാണ് എംടിയുടെ തൂലികയിൽ നിന്നും പിറവിയെടുത്തിരിക്കുന്നത്. ഇതിഹാസ കഥാപാത്രങ്ങളെ പൊളിച്ചെടുത്ത് ധാർമ്മികതയും നന്മയും നിറഞ്ഞ കഥാപാത്രങ്ങളാക്കി അവതരിപ്പിക്കാൻ എംടിക്കു സാധിച്ചു. മഹാഭാരതത്തിൽ ഭീമനെ കടഞ്ഞെടുത്ത് രണ്ടാമൂഴത്തിൽ എംടിയുടെ തനതായ ഭീമനെ സൃഷ്ടിക്കുമ്പോളും അതേ വൈഭവം മലയാളികൾ കണ്ടതാണ്.
പാണരുടെ പാട്ടുകളിലൂടെയും പുത്തൂരം വീട്ടിന്റെ കഥകളിലൂടെ മലയാള മനസ്സിൽ ചതിയുടെ പര്യായമായി പതിച്ചുവച്ചിരുന്ന ചന്തു എന്ന കഥാപാത്രത്തെ വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ധാർമ്മികതയുള്ള ഒരു കഥാപാത്രമാക്കിയാണ് പ്രേഷകർക്ക് മുന്നിൽ അദ്ദേഹം അവതരിപ്പിച്ചത്. അങ്ങനെ നമ്മൾ വായിച്ചും കേട്ടും അറിഞ്ഞ പല കഥകൾക്കും വ്യത്യസ്തമായ തലമുണ്ടെന്ന് നമ്മെ പഠിപ്പിച്ച ഗുരുനാഥനായിരുന്നു എംടി.
കരിങ്കൽക്കിടയിലും എങ്ങനെയാണ് ഒരു നീരുറവയുണ്ടാവുന്നത് അതുപോലത്തന്നെ മനുഷ്യൻ എല്ലാ പ്രതിസന്ധികൾക്കുള്ളിലൂടെയും കടന്നുപോകുമ്പോൾ അവന്റെ ഉള്ളിൽ നന്മയുടെ സനേഹത്തിന്റെ ഒരു നീരുറവയുണ്ടാവും അതിലാണെന്റെ പ്രതീക്ഷ എന്ന് ആധുനിക കേരളത്തോട് പറഞ്ഞ എഴുത്തുകാരൻ. കാലഘട്ടിത്തിനനുസൃതമായി കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള സിദ്ധി കൈവരിച്ച അതുല്യ പ്രതിഭയാണ് ഓർമ്മയാവുന്നത്. എംടി കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും അദ്ദേഹം ജീവൻ പകർന്ന ഒട്ടനേകം കഥാപാത്രങ്ങൾക്കും സാഹിത്യ സൃഷ്ടികൾക്കും ഒരിക്കലും മരണമുണ്ടാവില്ല.