
എൻ അരുൺ
(എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്)
ആർ എസ് എസിന്റെ ഔദ്യോഗിക വാരികയായ ‘കേസരി’യിലെ ഈ ലക്കത്തിൽ (ഫെബ്രുവരി 7) കെ ആർ ഉമാ കാന്തൻ എഴുതിയ ‘ആർ എസ് എസും ജനാധിപത്യവും’ എന്നൊരു ലേഖനമുണ്ട്. ആർഎസ്എസ് ജനാധിപത്യത്തിൽ വിശ്വസിക്കാത്ത സംഘടനയാണെന്ന് അതിന്റെ എതിരാളികൾ നിരന്തരം പ്രചരിപ്പിക്കുന്നു എന്ന് പരിഭവിച്ചു കൊണ്ട് തുടങ്ങുന്ന ലേഖനത്തിൽ ആർ എസ് എസ് അംഗങ്ങളെല്ലാം ഒരേ അഭിപ്രായമുള്ളവർ ആണെന്ന് പ്രസ്ഥാവിച്ചു കൊണ്ടാണ് വിമർശകർ ആർഎസ്എസ് ഏകാധിപത്യ സംഘടനയാണെന്ന് വരുത്തിത്തീർക്കുന്നതെന്ന് പറയുകയാണ് അദ്ദേഹം.
ലേഖനത്തിന്റെ തുടക്കം ഇങ്ങനെയാണ്
“ആർ എസ് എസ് ജനാധിപത്യത്തിൽ വിശ്വസിക്കാത്ത സംഘടനയാണെന്ന് അതിന്റെ എതിരാളികൾ നിരന്തരം പ്രചരിപ്പിക്കുന്നു,ആർ എസ് എസ് ഫാസിസ്റ്റ് ആണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്, ആർ എസ് എസിൽ ജനാധിപത്യമില്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഏകാധിപത്യ സംഘടന എന്നതിന് തെളിവായി ആർ എസ് എസിലെ അംഗങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറയുന്നത് എന്നവർ ചൂണ്ടിക്കാട്ടുന്നു “.
തുടർന്നങ്ങോട്ട് ലേഖനത്തിന്റെ അവസാന ഭാഗം വരെ ആർ എസ് എസിന്റെ സംഘടന സംവിധാനത്തിലെ ‘ജനാധിപത്യ സ്വഭാവ’ത്തെ കുറിച്ച് വാചാലനാവുകയും ചെയ്യുന്നുണ്ട് ഉമാ കാന്തൻ. ആർ എസ് എസ് ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ സ്വഭാവമുള്ളതുമായ സംഘടനയാണെന്ന് ആർ എസ് എസിനെ വസ്തു നിഷ്ഠമായി പഠിച്ചവർ വിലയിരുത്തുന്നത് അതിലെ അംഗങ്ങൾ ഏക അഭിപ്രായക്കാർ ആയത് കൊണ്ടല്ല, മറിച്ച് വിഭാഗീയവും ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതുമായ പ്രവർത്തനങ്ങളിലൂടെ പ്രാഥമികമായി ജനാധിപത്യ വ്യവസ്ഥിതിയെ നിരാകരിക്കുകയും തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം അതിനെ സ്വീകരിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.
അസഹിഷ്ണുതയോടു കൂടിയതും ഫാസിസ്റ്റ് പ്രവണതയുള്ളതുമായ പ്രത്യയ ശാസ്ത്രത്തിലൂടെ ഇന്ത്യൻ ബഹു സ്വരതയെ വെല്ലുവിളിച്ച് കൊണ്ട് ഹൈന്ദവർ ഒരു രാഷ്ട്രമാണെന്നും തങ്ങളുടെ നൂറാം വാര്‍ഷികത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് ദിവാ സ്വപ്നം കാണുകയും ചെയ്യുകയാണ് ആർ എസ് എസ്.
ഉമ കാന്തൻ മനസ്സിലാക്കേണ്ട യാഥാർഥ്യം അവിടെയാണ്. ആർ എസ് എസിന്റെ സംഘടന സംവിധാനത്തിലെ ജനാധിപത്യ സ്വഭാവമോ സംഘടനയിലെ അംഗങ്ങളുടെ ഏക അഭിപ്രായമമോ അല്ല മറിച്ച് ദേശീയത എന്നതിന്റെ നിര്‍വചനം പോലും വര്‍ഗീയമായിക്കാണുന്ന അപകടകരമായ ആർ എസ് എസിന്റെ സിദ്ധാന്തത്തിലെ ജനാധിപത്യ വിരുദ്ധതയാണ് ഇവിടെ വിഷയം.
രാജ്യത്തിന്റെ സോഷ്യലിസ്റ്റ്, മതേതര ഘടനയെ തകർത്ത് ഭരണ ഘടനയ്ക്കു ബദലായി മനുസ്മൃതി സ്ഥാപിക്കുക എന്ന ഏക അജൻഡയുള്ള ആർ എസ് എസ് ജനാധിപത്യത്തോട് നിരന്തര കലഹം നടത്തുന്നവരാണെന്ന് കാണാൻ കഴിയും.വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമേറെ ആദരിക്കപ്പെടേണ്ട വിശുദ്ധ ഗ്രന്ഥമെന്നും ഇന്ത്യയുടെ ആത്മീയവും ദൈവീകവുമായ മുന്നോട്ടുപോക്കിന്റെ അടിസ്ഥാനമെന്നും മനു സ്മൃതിയെ വിശേഷിപ്പിച്ചത് വി ഡി സവർക്കറാണ്.
ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് അടിത്തറ പാകുന്ന ഭരണഘടനയെ തുറന്നെതിർക്കുന്നവർ ജനാധിപത്യ വിരുദ്ധവും, മതേതര വിരുദ്ധവും അക്രമോത്സുകവുമായ ഹിന്ദുത്വത്തിന്റെ വക്താക്കളായിട്ടാണ് എക്കാലവും പ്രവർത്തിക്കുന്നത്. ഭരണഘടയിലെ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ നീക്കം ചെയ്യാൻ 1999 ൽ വാജ്‌പേയി സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയമിച്ചത് ഓർക്കുന്നുണ്ടാകും.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയായി കൊള്ളുന്ന ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഇല്ലായ്മ ചെയ്ത് കൊണ്ട് മാത്രമേ ഹിന്ദു രാഷ്ട്ര സ്ഥാപനം സാധ്യമാകൂ എന്നിരിക്കെ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്ന മേല്പറഞ്ഞ തത്വങ്ങളെ അവർക്ക് സ്വാഭാവികമായും നിരാകരിക്കേണ്ടി വരുന്നു.മോദി ഭരണത്തിൻ കീഴിൽ ഇന്ത്യൻ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ വൈവിധ്യങ്ങളെ തിരസ്കരിച്ച് ഫാസിസ്റ്റ് രീതിശാസ്ത്രത്തിന്റെ ഒളിയജണ്ടകളുമായി സമരസപ്പെട്ടു പോകുന്ന ഏകാധിപത്യ ഗവൺമെന്റിന് വേണ്ടിയുള്ള ഇടപെടലുകളടക്കം നിരവധി ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നിലവിൽ ആർ എസ് എസ് നേതൃത്വം കൊടുക്കുന്ന ബിജെപി ഗവണ്മെന്റ് ശ്രമം നടത്തുന്നതെന്നും നമുക്കറിയാം.
ഏകശിലാ സമാനമായ രാഷ്ട്രീയ പാർട്ടിയിൽ അധികാരം കേന്ദ്രീകരിച്ചു കൊണ്ട് ഏകാത്മകമായ രാഷ്ട്രീയാന്തരീക്ഷം രാജ്യത്താകമാനം സൃഷ്ടിക്കുകയെന്ന അജണ്ട ജനാധിപത്യ സ്വഭാവമുള്ളതോ ജനാധിപത്യ വിരുദ്ധമോ എന്ന് ഉമാ കാന്തൻ തന്നെ വിലയിരുത്തുക. തീവ്ര ഹിന്ദുത്വത്തിന്റെ വിദ്വേഷവും ഭീകരതയും നിറഞ്ഞ വിഷലിപ്തമായ പ്രചാരണത്തിന്റെ രണ്ട് ഉദാഹരണങ്ങൾ മാത്രം നോക്കാം.
“ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങൾ ഒന്നുകിൽ ഹിന്ദുസംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യണം. ഹിന്ദുവംശത്തെയും സംസ്‌കാരത്തെയും അതായത് ഹിന്ദുരാഷ്ട്രത്തെ മഹത്വവൽക്കരിക്കുകയെന്നതല്ലാതെ മറ്റൊരാശയവും വെച്ചുപൊറുപ്പിക്കരുത്. എന്നുമാത്രമല്ല അവർ പ്രത്യേക അസ്ഥിത്വം ഉപേക്ഷിക്കുകയും ഹിന്ദുവംശത്തിൽ ലയിക്കുകയും അല്ലെങ്കിൽ ഹിന്ദുരാഷ്ട്രത്തിന് പൂർണമായും കീഴടങ്ങിയ ഒന്നും തന്നെ അവകാശപ്പെടാതെയും പ്രത്യേക പരിഗണന പോയിട്ട് ഒരു സവിശേഷ അവകാശത്തിനും അർഹതയില്ലാതെയും പൗരത്വാവകാശം പോലുമില്ലാതെയും ഇവിടെ കഴിയാം”
(നമ്മൾ അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു എം എസ് ഗോൾവാൾക്കർ ).അതേ പുസ്തകത്തിലെ തന്നെ മറ്റൊരു പരാമർശം ശ്രദ്ധിക്കൂ,”എണ്ണായിരത്തിലേറെയോ പതിനായിരത്തിലേറെയോ വർഷങ്ങൾക്കു മുൻപു മുതൽ തർക്കങ്ങളും വഴക്കുകളുമൊന്നുമില്ലാതെ ഹിന്ദുക്കൾ ജീവിച്ചിരുന്ന ഈ രാജ്യത്തെ വിദേശ വംശങ്ങൾ ആക്രമിക്കുകയാണുണ്ടായത്, അതിനാലാണ് ഹിന്ദുക്കളുടെ നാട് എന്ന നിലയിൽ ഈ പ്രദേശം ഹിന്ദുസ്ഥാൻ എന്നറിയപ്പെടാൻ തുടങ്ങിയത് ’.
ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനായി ഇതര മത വിശ്വാസികളെയും കമ്മ്യൂണിസ്റ്റുകാരെയും അപരവത്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ചിന്ത ധാരക്ക് എങ്ങനെ ജനാധിപത്യ സ്വഭാവം അവകാശപ്പെടാൻ കഴിയും? ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനാ സമത്വവിചാരങ്ങളെയും തുല്യ നീതി സങ്കല്പങ്ങളെയും ആത്യന്തികമായി ഉന്മൂലനം ചെയ്യുന്നതിനായുള്ള പ്രയത്നം പ്രഖ്യാപിത നയമായിത്തന്നെ സ്വീകരിച്ചവർ എങ്ങനെ ജനാധിപത്യത്തിന്റെ വക്താക്കളാകും?
മനുഷ്യത്വ വിരുദ്ധ ആശയങ്ങളെയും തീവ്ര ചിന്താഗതികളെയും അതിനിശിതമായി എതിര്‍ക്കുന്നവരെ രാജ്യത്തിന്റെ തന്നെ ശത്രുക്കളായി കണ്ട് ഉന്മൂലനം ചെയ്യാൻ നടക്കുന്നവരും ജനാധിപത്യവും തമ്മിൽ എങ്ങനെ ചേരും? ആർ എസ് എസും ജനാധിപത്യവും തമ്മിൽ അജ ഗജാന്തരമാണുള്ളതെന്ന് ഉമാ കാന്തൻ അറിയണം.