കൊച്ചി: കേരളത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കുവാൻ ലക്ഷ്യമിട്ട് നിർമ്മിച്ചിരിക്കുന്ന സിനിമയായ കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ രംഗത്ത്. കേരളത്തിന്റെ മത നിരപേക്ഷതയും സാമൂദായിക സാഹോദര്യവും തകർക്കുവാൻ നിരവധി ഗൂഢതന്ത്രങ്ങളും വിഭലശ്രമങ്ങളും നടത്തിയ സംഘ പരിവാരങ്ങൾ കേരള സ്റ്റോറി എന്ന സിനിമയിലൂടെ പുതിയ കുതന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അവാസ്തവവും നുണകളും കുത്തി നിറച്ച് നിർമ്മിച്ചിട്ടുള്ള കേരള സ്റ്റോറിയുടെ ടീസറിൽ പറയുന്നത് കേരളം ഇരുപത് വർഷത്തിനുള്ളിൽ ഇസ്ലാമിക് സ്റ്റേറ്റാകും എന്നാണ്. 32,000 ലവ്ജിഹാദ് കേരളത്തിൽ നടന്നുവെന്നും അവർ ഇന്ന് ഐഎസ് തീവ്രവാദികളാണ് എന്നുമുള്ള അത്യന്തം അപകടകരമായ നുണയാണ് ടീസറിലൂടെ അവർ പുറത്തുവിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ കേരളത്തിൽ ഭിന്നിപ്പുണ്ടാക്കുവാൻ ബിജെപി നടത്തിയ ശ്രമങ്ങളെയെല്ലാം പ്രബുദ്ധ കേരള ജനത ആട്ടിപ്പായിച്ചിരുന്നു. മോദി കേരളത്തിൽ വന്നു വിഷം ചീറ്റിയതിനു പിന്നാലെ മെയ് അഞ്ചിനാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. മതസ്പർത്ഥയും കലാപവും ലക്ഷ്യമാക്കി തീയറ്ററുകളിലെത്തുന്ന ഈ സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സിനിമയുടെ കേരളത്തിലെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഹൈക്കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് എൻ അരുൺ.