തൊടുപുഴ: സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന കാർപെന്റർ തൊഴിലാളികളെ ആക്രമിച്ച ഗുണ്ട സംഘത്തെ അറസ്റ്റ് ചെയ്ത് കർശന നടപടികൾ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര അക്കാദമി അംഗവുമായ എൻ അരുൺ ആവശ്യപ്പെട്ടു. പരിക്കേറ്റവരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ ഐസിയുവിലും മറ്റു മൂന്ന് പേർ തലക്കുൾപ്പെടെ പരിക്കേറ്റ് ചികിത്സയിലുമാണുള്ളത്.
ഇത്തരം ഗുണ്ട സംഘങ്ങളെ അമർച്ച ചെയ്തില്ലെങ്കിൽ നാടിന്റെ സ്വൈര്യ ജീവിതത്തെ തന്നെ തകർക്കുന്ന അവസ്ഥ സംജാതമാകും. അക്രമി സംഘത്തിന് മയക്ക് മരുന്ന് മാഫിയ ബന്ധമുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ സിനിമ തൊഴിലാളികളുടെ സംഘടനകൾ യാതൊരു വിധ ഇടപെടലുകളും ഇത് വരെ നടത്തിയിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്. മുൻ നിര സിനിമ പ്രവർത്തകരുടെ വിഷയത്തിൽ മാത്രം ഇട പെടുവാൻ സിനിമ മേഖലയിൽ ഒരു സംഘടന ആവശ്യമുണ്ടോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും എൻ അരുൺ ആവശ്യപ്പെട്ടു.