മുഖ്യമന്ത്രിയും മന്ത്രി മാരും സഞ്ചരിച്ച നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ യൂത്ത് കോൺഗ്രസിന്റെ നടപടിയെ കുറ്റപ്പെടുത്തി എഐവൈെഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. ചെരിപ്പെറിഞ്ഞ് പ്രതിഷേധിക്കുന്നവർ ജനാധിപത്യം പ്രസംഗിക്കരുതെന്നും അവർ അത് പ്രതീക്ഷിക്കരുതെന്നും എൻ അരുൺ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
നവകേരള യാത്ര പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പ്രതികള്‍ക്ക് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു.
എറണാകുളം ജില്ലയിലെ കുറുപ്പംപടി, ഓടക്കാലി, ഇരുമലപ്പടി ഭാഗങ്ങളിൽ നവകേരള സദസ്സ് ബസ് കടന്നുപോകുന്നതിനു മുന്നോടിയായി അപരിചിതരായ ആളുകളെ വാഹനത്തിൽ കൊണ്ടിറക്കിയതായി നാട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ പല ഒളിത്താവളങ്ങളിൽ പാർപ്പിക്കുകയും ബസ് വരുമ്പോൾ ചാടിയിറങ്ങി അക്രമം നടത്തലുമായിരുന്നു പദ്ധതി. എന്നാൽ, ജനക്കൂട്ടം റോഡിലിറങ്ങിയതുമൂലം എല്ലായിടത്തും ആക്രമണത്തിന് ഇറങ്ങാനായില്ല. ഇരുമലപ്പടിയിലാണ് അവസരം ലഭിച്ചത്. ഇവിടെ ഒരു കോൺഗ്രസ് നേതാവിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു ആസൂത്രണമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി രംഗത്തെത്തി.