എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന മതവെറിയുടെയും തൊഴിലില്ലായ്മയുടെയും രൂക്ഷമായ പ്രതിസന്ധിക്കെതിരെ സന്ധിയില്ലാ സമരത്തിനു എഐവൈഎഫ് തുടക്കമിടുകയാണ്. മതനിരപേക്ഷ ഇന്ത്യക്കായ് ഒരുമിക്കാം തൊഴിലിനായി പോരാടാം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി മതേതര സംഗമം നടത്തുകയാണ്. കഴിഞ്ഞ എട്ടു വർഷത്തിലധികമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സംഘ് പരിവാർ അജണ്ടകൾ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയൽ ഭരണാധികാരികൾ നടപ്പിലാക്കിയിരുന്ന ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് അവരുടെ ചെരുപ്പ് നക്കികളായിരുന്നവർ അധികാരത്തിലേറിയപ്പോൾ നടപ്പിലാക്കുന്നത്. രാജ്യം നേരിടുന്ന രൂക്ഷമായ വിലക്കയറ്റത്തിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ജനങ്ങുടെ ശ്രദ്ധ തിരിക്കുന്നതിനായി സംഘ് പരിവാർ ശക്തികൾ നടത്തുന്ന ആക്രണണങ്ങൾക്കാണ് രാജ്യം നിരന്തരം സാക്ഷ്യവഹിച്ചുകൊണ്ടിരിക്കുന്നത്.
തൊഴിലില്ലായ്മ ആകാശംമുട്ടി നിൽക്കുന്ന നമ്മുടെ രാജ്യത്ത് യുവാക്കളുടെ തൊഴിൽ നൈപുണ്യത്തെക്കാൾ ബിജെപി സർക്കാരിന് താൽപ്പര്യം അവരെ അടിമകളാക്കി മാറ്റുന്ന മുതലാളിത്ത സംവിധാനത്തിനോടാണ്.2014ൽ അധികാരത്തിലേറിയ ബിജെപി സർക്കാരിന്റെ 8 കൊല്ലങ്ങൾ പൂർത്തിയാകുമ്പോൾ ലോകത്തിൽ വച്ചു തന്നെ ഏറ്റവും കൂടുതൽ യുവജനങ്ങൾ ഉള്ള നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്മയുടെ സ്ഥിതി മാത്രമല്ല തൊഴിൽ നൈപുണ്യമില്ലാതാകുന്ന ദുരവസ്ഥയും നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്.
പ്രതിവർഷം 5 കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ പ്രവേശിച്ച ബിജെപി സർക്കാർ ഇന്ന് വരെ ഈ വാഗ്ദാനം പാലിക്കാതെ തൊഴിലില്ലായ്മ സൃഷ്ടിച്ചു എന്നു മാത്രമല്ല കടുത്ത വഞ്ചനകളാണ് ഈ രാജ്യത്തെ യുവജനങ്ങളോട് ചെയ്തത്. ഇന്ന് രാജ്യത്ത് പൊതുവെയും വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലും തൊഴിലില്ലായ്മയുടെ ഭയാനകമായ നിരക്കാണ് നാം കാണുന്നത്.
ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാമുളള ശ്രമത്തിലാണ് സംഘ് പരിവാർ ശക്തികൾ. രാജ്യത്തെ ന്യുനപക്ഷ വിഭാഗങ്ങൾക്ക് നേരെ ഉയർന്നു വരുന്ന വർഗീയ കലാപങ്ങൾക്ക് ഇന്ന് നാം സാക്ഷ്യം വഹിക്കുകയാണ്.
ഭരണഘടനയയെും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചു കൊണ്ടാണ് സംഘ് പരിവാർ ന്യുനപക്ഷങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് എഐവൈഎഫിന്റെ നേതൃത്വത്തിൽ മതേതര സംഗമം നടത്തുന്നതിന് ഈ 75 ാം സ്വാതന്ത്ര്യദിനം തെരഞ്ഞെടുത്തിരിക്കുന്നത്. ദേശീയ പതാകയെയും ഗാനത്തെയുമെല്ലാം എന്നും അവഗണിച്ചു കൊണ്ടിരുന്ന ആർഎസ്എസ് ഇപ്പോൾ ഒരു വെളിപാടുപോലെ ദേശീയ പതാകയെ ആദരിക്കാൻ അത്യുത്സാഹം കാണിക്കുന്നു.സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം 52 വർഷങ്ങളോളം ആർഎസ്എസ് തങ്ങളുടെ ഓഫീസുകൾക്ക് സമീപമോ ശാഖകളിലോ ദേശീയ പതാക ഉയർത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. കപട ദേശീയവാദവും ജനദ്രോഹ നയങ്ങളുമായി മോദി സർക്കാർ മുന്നോട്ടുപോകുമ്പോൾ ആ നയങ്ങളെയെല്ലാം എതിർത്ത് രാജ്യത്തിനായി സമരമുഖങ്ങൾ തീർക്കാൻ എഐവൈഎഫ് എന്നും ജനങ്ങൾക്കൊപ്പം തന്നെ ഉണ്ടാവും.