കൊച്ചി: ഭരണഘടന വിരുദ്ധവും മത ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി വീക്ഷിക്കുകയും മത നിരപേക്ഷ രാഷ്ട്രത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് അംഗീകാരം നൽകുന്നതുമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയെ കേരളം എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പ്രസ്ഥാവിച്ചു. രാജ്യത്തിന്റെ ബഹു സ്വരതയെയും മത നിരപേക്ഷ പാരമ്പര്യങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് പൗരത്വ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് ജനങ്ങളെ വിഭജിക്കാനും വർഗ്ഗീയ വികാരം ആളിക്കത്തിക്കാനും അതിൽ നിന്നുള്ള രാഷ്ട്രീയ മുതലെടുപ്പിലൂടെ വിജയം കൊയ്യാമെന്നുമുള്ള വ്യാമോഹമാണ് കേന്ദ്ര സർക്കാറിന്റേത്.
ജനങ്ങളെ വേർതിരിച്ചു കൊണ്ട് ഭരണഘടന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘ്പരിവാർ ഹിഡൻ അജണ്ടക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ സെക്രട്ടറി കെ.ആർ റെനീഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം ആൽവിൻ സേവ്യർ, ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ. ഷിഫാസ്, അജാസ്, കെ.എ. അൻഷാദ് , അബ്ദുൾ സലിം, നിമ്മി ജോൺസൻ എന്നിവർ പ്രസംഗിച്ചു.