തിരുവനന്തപുരം: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് യുവാവ് കുട്ടിയെ ചവിട്ടിയ സംഭവത്തിൽ ജുവൈനൽ ജസ്റ്റിസ് നിയമ പ്രകാരം കർശനമായ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്കും നിസ്സഹായർക്കും നേരെ ഇനി കാലുകൾ ഉയരാത്ത സാഹചര്യമാണ് ഉണ്ടാവേണ്ടതെന്ന് എൻ അരുൺ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തലശേരിയിൽ കാറിൽ ചാരി നിന്നതിന്റെ പേരിൽ പിഞ്ചുബാലന് ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്. കുട്ടിയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് കുട്ടിക്ക് നേരെ ക്രൂരത കാട്ടിയത്. കേരത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്.
പ്രതി മുഹമ്മദ് ശിഹ്ഷാദ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇയൾ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എസ്പിയടക്കം വിഷയത്തില്‍ ഇടപെട്ടു. വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ഇവര്‍ നഗരത്തില്‍ എത്തിയത്. കാറില്‍ കുട്ടി ചാരിയത് ഇയാള്‍ക്ക് ഇഷ്ടപ്പെടാത്തതാണ് മര്‍ദ്ദനത്തിന് കാരണം.കുട്ടിക്ക് നട്ടല്ലിനു സാരമായ പരിക്കേറ്റിട്ടുണ്ട്. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു.