കോട്ടയം: അഗ്‌നിപഥ് ചെറുപ്പക്കാരെ വഞ്ചിക്കുന്നു എന്ന് മാത്രമല്ല രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഏറ്റവും നെറികെട്ട തീരുമാനം കൂടിയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. അഗ്‌നിപഥിനെതിരെ എല്‍ഡിവൈഎഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അരുണ്‍. കേന്ദ്രസര്‍ക്കാരിന്റെ നെറികേടിനെതിരെ ഒരു കൊടിയുടെയും നിറമില്ലാത്ത ചെറുപ്പക്കാര്‍ രാജ്യമാകമാനം പ്രതിഷേധത്തിലാണ്.
അഗ്‌നിവീരന്മാരെ ഉണ്ടാക്കി കൊണ്ട് രാജ്യത്തെ സുരക്ഷാ സംവിധാനംതകര്‍ത്തു ഏറിയുവാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങള്‍ ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം.ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇടത് യുവജന പ്രസ്ഥാനത്തിനാവണം. രാജ്യത്തിന്റെ ഭരണാധികാരം പോലും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കേന്ദ്രം ചെറുപ്പക്കാരുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജയ് ജവാന്‍ ജയ് കിസാന്‍ വാക്കുകളില്‍ മാത്രം പറഞ്ഞ് നടക്കുന്ന സംഘപരിവാര്‍ ആദ്യം കൈവച്ചത് കര്‍ഷകര്‍ക്കെതിരെയായിരുന്നു. ഇന്ത്യയുടെ കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് കയ്യടക്കാന്‍ പരവതാനി വിരിച്ചു കൊടുത്തു കേന്ദ്ര സര്‍ക്കാര്‍. ആ നയങ്ങള്‍ തിരുത്തില്ലെന്നു പ്രഖ്യാപിച്ചവര്‍ക്ക് കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ തീരുമാനങ്ങള്‍ തിരുത്തേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ നെറികെട്ട സമര പേക്കൂത്തുകള്‍ നടത്തുന്ന യൂത്ത് കോണ്ഗ്രസ് അഗ്‌നിപഥിന്റെ കാര്യത്തില്‍ മിണ്ടുന്നില്ല. അഗ്‌നിപഥിനെ കുറിച്ചു അറിഞ്ഞിട്ടുപോലും ഇല്ലെന്ന മട്ടാണ് ഇക്കൂട്ടര്‍ക്ക് .
കേന്ദ്രത്തെ സുഖിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യവിരുദ്ധ നയങ്ങള്‍ കൊണ്ടുവരുന്ന കേന്ദ്രത്തെ എതിര്‍ക്കാതെ ആ നയങ്ങളെ എതിര്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരിയുന്നതിന്റെ പിന്നിലുള്ള അജണ്ട ആര്‍ക്കും മനസ്സിലാവും. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ജനം മനസ്സിലാക്കി കഴിഞ്ഞു.ചെറുപ്പക്കാരുടെ പോരാട്ട വീര്യത്തിന് മുന്നില്‍ സംഘപരിവാര്‍ കോട്ടകള്‍ തകരുന്ന കാഴ്ച്ച അധികം വൈകാതെ ഉണ്ടാവുമെന്നും അരുണ്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി റെനീഷ് കാരിമറ്റം സ്വാഗതം ആശംസിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എസ് പി സുജിത്, ജിജിത്, സുരേഷ്, മില്‍ട്ടണ്‍ ഇടശേരി എന്നിവര്‍ പ്രസംഗിച്ചു.