ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ അവഹേളനത്തെ തുടർന്ന് സംവിധായകൻ ഡോ. ബിജു കെഎസ്എഫ്ഡിസി അംഗത്വം രാജിവെച്ച സംഭവത്തിൽ രഞ്ജിത്തിന് എതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ. കലാമൂല്യമുള്ള ഡോ.ബിജുവിൻ്റെ സിനിമകൾ ആളുകൾ കാണില്ല എന്നൊക്കെ പറഞ്ഞ് ചിലർ ആക്ഷേപിക്കുന്നത് അസൂയകൊണ്ട് മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഡോ.ബിജു, ലോകപ്രശസ്ത മലയാള ചലച്ചിത്രകാരനാണ്. 3 ദേശീയ അവാർഡുകളും 21 അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ അവാർഡുകളും നേടിയിട്ടുണ്ട്. കലാമൂല്യമുള്ള ഡോ.ബിജുവിൻ്റെ സിനിമകൾ ആളുകൾ കാണില്ല എന്നൊക്കെ പറഞ്ഞ് ചിലർ ആക്ഷേപിക്കുന്നത് അസൂയകൊണ്ട് മാത്രമാണ്. സിനിമയുടെ അഗ്രം തൊട്ട മഹാനാണെന്ന് നടിച്ച് ഗീർവാണം മുഴക്കുന്ന മഹാൻ സംവിധാനം ചെയ്ത സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനൊക്കെ വൻ സംഭവമാണല്ലോ അല്ലേ.
ബഹുമാനിക്കണ്ട മിസ്റ്റർ അപമാനിക്കരുത് . അതും ഈ സ്ഥാനത്തിരുന്ന്. അതുല്യ പ്രതിഭ ഡോ.ബിജുവിൻ്റെ സുഹൃത്തായതിലുള്ള എൻ്റെ അഭിമാനം പങ്ക് വയ്ക്കുന്നു. ഒപ്പം അദ്ദേഹം രാജി പിൻവലിക്കുമെന്ന് പ്രത്യാശിക്കുന്നു-എൻ അരുൺ കുറിപ്പിൽ പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോ. ബിജുവിനെ രഞ്ജിത്ത് അപമാനിച്ചത്. ഡോ. ബിജുവിന്റെ സിനിമകൾ തിയേറ്ററുകളിൽ പരാജയമാണെന്നും അദ്ദേഹത്തിന്റെ റിലവൻസ് എന്താണ് എന്ന് സ്വയം ആലോചിക്കണം എന്നുണ്ടായിരുന്നു രഞ്ജിത്തിന്റെ പരാമർശം. ഇതിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ടാണ് ബിജു കെഎസ്എഫ്ഡിസി അംഗത്വം രാജീവച്ചത്. ഡോ. ബിജുവിന്റെ അദൃശ്യ ജാലങ്ങൾ എന്ന ചിത്രം ഐഎഫെഫ്കെയിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചിരുന്നു.