കൊച്ചി: സംസ്ഥാനത്ത് വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവ മാഫിയ സംഘത്തെ കുറിച്ച് അന്വേഷണം നടത്തി കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വ്യക്തമാക്കി. അന്വേഷണം നടത്തുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേക സംഘത്തെ തന്നെ ഇതിന് നിയോഗിക്കണമെന്നും എൻ അരുൺ ആവശ്യപ്പെട്ടു. എ ഐ വൈ എഫ് ലേക് ഷോർ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലേക് ഷോർ ആശുപത്രിയിൽ 2009 അവയവ മാഫിയ കൊലപ്പെടുത്തിയ അബിൻ എന്ന യുവാവിന്റെ മരണത്തിലെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുന്നത് അത്യന്തം ഗൗരവത്തോടുകൂടി സർക്കാർ നോക്കിക്കാണേണ്ടതുണ്ടെന്നും എറണാകുളത്ത് തന്നെ നിരവധി ആശുപത്രികളിൽ അവയവ മാഫിയ സംഘത്തിന്റെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും അരുൺ വ്യക്തമാക്കി. അബിന്റെ ദുരൂഹമായ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കുവാൻ ആരെയും അനുവദിക്കില്ലെന്നും നിയമ നടപടികളിൽ എഐവൈഎഫ് കക്ഷി ചേരും എന്നും എൻ അരുൺ പറഞ്ഞു.
അവയവ മാഫിയ സംഘങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ സാമുദായികവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്നും നടക്കുന്നുണ്ട്. സംഘപരിവാർ പ്രസ്ഥാനങ്ങൾ അവരുടെ ചില സമരങ്ങളിലൂടെ ഏറ്റവും ഗുരുതരമായി ഈ വിഷയത്തെ വഴിതിരിച്ചുവിടുകയാണ്. ഏതെങ്കിലും കുറ്റകൃത്യങ്ങൾ നടത്തുന്ന ആശുപത്രികൾക്കെതിരെ സമരം നടത്തുമ്പോൾ അത് ഒരു സമുദായത്തിന് എതിരെയുള്ള സമരം എന്ന രീതിയിൽ ആക്കി തീർക്കുവാൻ മതമൗലികവാത പ്രസ്ഥാനങ്ങളുടെ ശ്രമങ്ങൾ ഇവിടെ ഗൗരവത്തോടെ നോക്കി കാണേണ്ടതുണ്ട് അവയവ മാഫിയ സംഘങ്ങളെ സഹായിക്കുവാൻ വേണ്ടിയാണ് ഇത്തരം മതമൗലിക വാദ പ്രസ്ഥാനങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും അരുൺ പറഞ്ഞു.
അവയവ മാഫിയ സംഘങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ സംസ്ഥാന വ്യാപകമായി ശക്തമാക്കുമെന്നും ലേക് ഷോർ ആശുപത്രിക്ക് മുന്നിലേക്കുള്ള പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിഷേധമാർച്ചിൽ ജില്ലാ പ്രസിഡന്റ് പി കെ രാജേഷ്, സെക്രട്ടറി കെ ആർ റെനീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡിവിൻ കെ ദിനകരൻ, ആൽവിൻ സേവിയർ, രേഖ ശ്രീജേഷ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.