Thursday, November 21, 2024
spot_imgspot_img
HomeEntertainmentCinemaപ്രബലരല്ലാത്ത രണ്ടുപേരെ മാത്രം വിലക്കിയിട്ട് എന്തു കാര്യം?, സിനിമ മേഖലയിലെ ക്രിമിനലുകൾക്ക് എതിരെ നിയമ നടപടി...

പ്രബലരല്ലാത്ത രണ്ടുപേരെ മാത്രം വിലക്കിയിട്ട് എന്തു കാര്യം?, സിനിമ മേഖലയിലെ ക്രിമിനലുകൾക്ക് എതിരെ നിയമ നടപടി വേണം: എൻ അരുൺ

കൊച്ചി: സിനിമാ മേഖലയിൽ നില നിൽക്കുന്ന ക്രിമിനൽ സ്വഭാവമുള്ള കുറ്റകൃത്യങ്ങളെ നിയമപരമായി നേരിടണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ രം​ഗത്ത്. കുറ്റകരമായ പ്രവണതകൾ സിനിമാ മേഖലയിൽ സജീവമാണ് എന്ന് സിനിമാ സംഘടനകൾ തന്നെ പറയുമ്പോൾ അതീവഗുരുതരമായ ഈ വിഷയം നേരിട്ട് കേസ് രജിസ്ടർ ചെയ്ത് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിമിനൽ നടപടി ക്രമത്തിനു വിധേയമാകേണ്ട നിരവധി കുറ്റകൃത്യങ്ങൾ സിനിമാ മേഖലയിൽ നടക്കുന്നു എന്ന് പറയുന്ന സിനിമ സംഘടനകൾ എന്തുകൊണ്ടാണ് രണ്ടു പേർക്കെതിരെ മാത്രം നടപടിയെടുത്തതെന്ന് അദ്ദേഹം ചോദിച്ചു. അതി സങ്കീർണ്ണമായ വിഷയം ആ മേഖലയിലെ തന്നെ സംഘടന കൈകാര്യം ചെയ്യുമ്പോൾ പക്ഷപാതപരമായ നടപടികൾ ഉണ്ടാകുമെന്നതു കൊണ്ട് മാത്രമാണ് പ്രബലരല്ലാത്ത രണ്ടു പേർക്കെതിരെ മാത്രം നടപടിയുണ്ടായതെന്ന് അരുൺ പറഞ്ഞു.

മയക്കുമരുന്ന് ഉപഭോഗവും വിപണവും നടക്കുന്നുവെന്ന് സിനിമാ നിർമ്മാതാക്കളുടെ സംഘടന തന്നെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. സമൂഹത്തിൽ അതീവ ഗുരുതരമായ പ്രതിസന്ധികൾക്ക് കാരണമാകുന്ന കുറ്റകൃത്യം അറിഞ്ഞിട്ടും അത് മറച്ചുവച്ച് അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ശ്രമിക്കാത്തതും ശിക്ഷാർഹമായ പ്രവർത്തനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെ തന്നെ മറ്റൊരു സംഘടന കുറ്റകൃത്യം ചെയ്തവരുടെ പേരുകൾ അധികൃതർക്ക് കൈമാറരുത് എന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു. കുറ്റം ചെയ്തവരിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവരെയും പ്രബലരെയും സംരക്ഷിക്കുന്ന നിലപാടുകളേ സിനിമാ സംഘടനകൾ കൈക്കൊള്ളൂ.
കുറ്റകൃത്യം നടക്കുന്നുവെന്ന് വ്യക്തമായിട്ടുള്ള സാഹചര്യത്തിൽ ഗവൺമെന്റ് സ്വമേധയാ അന്വേഷണം നടത്തി സിനിമാ മേഖലയിലെ അപകടകരമായ ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares