Sunday, November 24, 2024
spot_imgspot_img
HomeKeralaഅഴിമതിക്കാരായ ഉദ്യോഗസ്ഥർ സർക്കാരിന്റെ ശോഭ കെടുത്തുന്നു; നിലയ്ക്ക് നിർത്തണം: എൻ അരുൺ

അഴിമതിക്കാരായ ഉദ്യോഗസ്ഥർ സർക്കാരിന്റെ ശോഭ കെടുത്തുന്നു; നിലയ്ക്ക് നിർത്തണം: എൻ അരുൺ

ഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യപിച്ച് എഐവൈഎഫ് മുന്നോട്ടുവരുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. സേവ് ഇന്ത്യ മാർച്ചിന്റെ വടക്കൻ മേഖല ജാഥയ്ക്ക് മണ്ണാർക്കാട് നൽകിയ സ്വീകരണയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ തുറന്നടിച്ചത്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ്കുമാറിനെ വിജിലൻസ് കൈക്കൂലി വാങ്ങിയതിനു അറസ്റ്റ് ചെയ്തിരുന്നു. ഒരു കോടി രൂപയിലധികം തുകയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ്കുമാറിൽ നിന്നും വിജിലൻസ് കണ്ടുകെട്ടിയത്. ഈ സഹചര്യത്തിലാണ് കേരളത്തിലെ അഴിമതിക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെ തുറന്നടിച്ച് എൻ അരുൺ രം​ഗത്തെത്തിയത്.

എൽഡിഎഫ് സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്ന വിധത്തിൽ പല സാഹചര്യങ്ങളും പല കോണുകളിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഗവൺമെന്റിന്റെ ശോഭ കെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ചില ഉദ്യോഗസ്ഥർ തിരുത്തുവാൻ തയ്യാറാവണം. അല്ലാത്തപക്ഷം അവരെ എഐവൈഎഫ് നല്ല രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ഒരു ക്യാൻസറാണ്. അത്തരത്തിലുള്ള ക്യാൻസറുകളെ അറുത്തു മാറ്റാനുള്ള ഉത്തരവാദിത്തം ജനങ്ങൾക്കുണ്ട്. ‍‍

കേരളത്തിൽ അഴിമതിക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്ന സർക്കാരാണ് ഭരിക്കുന്നത്. എന്നാൽ ഈ ഗവൺമെന്റിന്റെ നയം മനസ്സിലാക്കാത്ത പലരും ഇന്നും ഉദ്യോഗസ്ഥ വിഭാഗത്തിന്റെ ഭാഗമായി ഉണ്ട്.അത്തരത്തിലുള്ള ആളുകൾ സ്വയം തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ തിരുത്തപ്പെടുത്തുന്ന രീതിയിൽ കർശനമായ നടപടികൾ സംസ്ഥാനത്തെ എഐവൈഎഫിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ ഭരിക്കുമ്പോൾ നമുക്ക് വെച്ചുപുലർത്താൻ സാധിക്കാത്ത ചില പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നത് സത്യം തന്നെയാണ്. അത്തരത്തിലുള്ള ഉദ്യോഗസ്ഥന്മാരെ, അത്തരത്തിലുള്ള ഓഫീസുകളെ കൈകാര്യം ചെയ്യുവാൻ ഉറപ്പായും എഐവൈഎഫ് മുന്നോട്ടുവരുമെന്നും എൻ അരുൺ മുന്നറിയിപ്പ് നൽകി.

അഴിമതിക്കെതിരെ ശക്തമായ ക്യാമ്പയിനുകൾ ഉയർത്തിക്കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധമായി ജനസേവനം നടത്തുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഈ കേരളത്തിന്റെ മണ്ണിൽ ഉണ്ട്. അവരെ പ്രോത്സാഹിപ്പിക്കാനും അവരെ മുൻനിരയിലേക്ക് കൊണ്ടുവരാനും സുതാര്യതയും സത്യവും മുന്നോട്ടുവയ്ക്കുന്ന വ്യക്തിത്വങ്ങളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുവാൻ എഐവൈഎഫിനു സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. അഴിമതി നിയന്ത്രിക്കുവാൻ വേണ്ടി പ്രത്യേകം തീരുമാനങ്ങൾ തന്നെ എടുത്തു മുന്നോട്ടു പോകുവാൻ കേരളത്തിലെ സർക്കാർ തയ്യാറാവണം എന്നതാണ് അഭ്യർത്ഥിക്കാനുള്ളതെന്നും എൻ അരുൺ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares