എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
സഖാവ്.ബൽരാജ് സാഹ്നി, അഖിലേന്ത്യ യുവജന ഫെഡറേഷന്റെ (എഐവൈഎഫ്) ആദ്യ ദേശീയ പ്രസിഡന്റ്. ലോക പ്രശസ്ത ചലച്ചിത്രകാരനായ അദ്ദേഹം നൂറ്റിമുപ്പതിലധികം സിനിമകളിൽ നായക വേഷമണിഞ്ഞു. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും രചനയും സംവിധാനവും നിർവ്വഹിച്ച പ്രിയ സഖാവിന്റെ അവസാന സിനിമ 1973 ൽ പുറത്തിറങ്ങിയ ഗരംഹവ ആയിരുന്നു.
ദേശീയ പുരസ്കാരവും കാൻ ചലച്ചിത്രമേളയിൽ പുരസ്കാരവും നേടിയ ആ ചിത്രം കാണുവാൻ ബൽരാജ് സാഹ്‌നിക്ക് സാധിച്ചില്ല, ചിത്രത്തിൽ തന്റെ ഡബ്ബിംഗ് ജോലികൾ പൂർത്തീകരിച്ച് പിറ്റേന്ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. ഇന്ത്യാ വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെടുന്ന ഒരു മനുഷ്യന്റെ ജീവിത സംഘർഷങ്ങൾ അനുപമമായി അദ്ദേഹം പകർന്നാടി , ചിത്രത്തിന്റെ കഥ പ്രശസ്ത കവി സഖാവ് ഖൈഫി ആസ്മിയുടേതായിരുന്നു.
1930 കളിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി (ലാഹോർ വിദ്യാർത്ഥി ഫെഡറേഷൻ പിന്നീട് 1936 ൽ എഐഎസ്എഫ് ) പൊതു രംഗത്തെത്തി സിപിഐ യുടെ സജീവ പ്രവർത്തകനായി മാറിയ ബൽരാജ് സാഹ്‌നി ഇപ്റ്റയിലൂടെ (ഇന്ത്യൻ പ്യൂപ്പിൾസ് തീയറ്റർ അസോസിയേഷൻ) നാടകരംഗത്തും പിന്നീട്ട് 1945 മുതൽ സിനിമാ രംഗത്തും നിറ സാന്നിധ്യമായി.
കലാ പ്രവർത്തനവും രാഷ്ടീയ പ്രവർത്തനവും സജീവമായി ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോയ ബൽരാജ് സാഹ്നി 1959 ൽ എഐവൈഎഫ് രൂപീകരിച്ചപ്പോൾ സ്ഥാപക പ്രസിഡന്റായി. 1969 ൽ പദ്മശ്രീ പുരസ്കാരവും സോവിയറ്റ് യൂണിയൻ ഗവൺമെന്റ് പുരസ്കാരവും അദ്ദേഹം നേടി. കാൻ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ നടനായിരുന്നു അദ്ദേഹം.
രണ്ടു ദിവസം മുൻപായിരുന്നു (മെയ് 1) ബൽരാജ് സാഹ്നിയുടെ ജന്മദിനം. പ്രിയ പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനത്തിൽ സ്ഥാപക പ്രസിഡന്റിനെ അഭിമാനപൂർവ്വം അനുസ്മരിക്കുന്നു , ആദരാഞ്ജലികൾ അർപ്പിക്കുന്നു.