വിദ്വേഷ വീഡിയോ പ്രചാരണത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര എന്നിവർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു.
കർണാടക ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവച്ച വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയ്ക്ക് പിന്നാലെയാണ് നടപടി. മതവികാരം വ്രണപ്പെടുത്തി, മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാട്ടി കർണാടക കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകി.
എസ്ടി, എസ്‍സി വിഭാഗങ്ങൾക്കുള്ള ഫണ്ടുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും മുസ്ലീം വിഭാഗങ്ങൾക്ക് മാത്രം വിതരണം ചെയ്യുമെന്നു എന്ന തരത്തിലുള്ള കാർട്ടൂൺ വീഡിയോ ആണ് ബിജെപി വ്യാപകമായി പ്രചരിപ്പിച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി നേതാക്കൾ വിദ്വേഷ പ്രചരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലും ഇത്തരം പ്രചാരണങ്ങൾ വ്യാപകമായത്.