എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി ട്രാന്‍സ് ജെന്‍ഡര്‍ നാദിറാ മെഹ്‌റിനെ തെരഞ്ഞടുത്തു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന ഘടകത്തിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ കടന്ന് വരുന്നത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എഐഎസ്എഫ് നല്‍കിയ പിന്തുണയാണ് ഈ സ്ഥാനമെന്ന് നാദിറ പറഞ്ഞു.
ട്രാന്‍സ് വ്യക്തികള്‍ക്കും മറ്റുളവരെപ്പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നും സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പൊതുസമൂഹം തിരിച്ചറിയണം. എല്ലാ വിഭാഗങ്ങളിലും ന്യൂനപക്ഷങ്ങള്‍ കടന്ന് വരണമെന്നും അതൊരു അടയാളപ്പെടുത്തല്‍ കൂടിയാകണമെന്നും നാദിറ യങ് ഇന്ത്യയോട് പറഞ്ഞു.
സംഘടനയുടെ ഭാഗത്ത് നിന്ന് തനിക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും നാദിറാ പറഞ്ഞു. മറ്റൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനും അവകാശപ്പെടാനാവത്ത മുന്നേറ്റമാണ് എഐഎസ്എഫ് നടപ്പിലാക്കിയിരിക്കുന്നത്. ഇനിയും ഇതുപോലെ ആളുകള്‍ മുന്നോട്ട് വരണമെന്നും നാദിറ പറഞ്ഞു. പലപ്പോഴും വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാഗത്തു നിന്ന് ട്രാന്‍സ് വ്യക്തികളെ അംഗീകരിക്കുന്നു എന്നത് വാക്കുകളില്‍ മാത്രം ഒതുങ്ങുകയും അതൊരു പ്രഹസനമായി മാറുകയും ചെയ്യുന്ന കാലത്താണ് ചരിത്രപരമായ ദൗത്യം എഐഎസ്എഫ് നടപ്പിലാക്കിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിനിയായ നാദിറ ജേര്‍ണലിസം ബിരുദത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തു. ബിരുദ കാലത്തും നാദിറ എഐഎസ്എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പ്രധാന കാമ്പസായ കാലടിയിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എഐഎസ്എഫ് പാനലിനെ നയിച്ചത് നാദിറയായിരുന്നു.