ചേർത്തല: ചരിത്ര സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് നങ്ങേലി സ്മാരക ട്രസ്റ്റ്. നങ്ങേലി സ്മാരക ട്രസ്റ്റ് ചെയർമാനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ ടി ടി ജിസ്മോനും കൺവീനർ പി ജി ഗോപകുമാറുമാണ് ചരിത്ര സിനിമയെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കണം എന്ന് കാണിച്ച് കത്തെഴുതിയത്. സിനിമാ മേഖലയിൽ നിലനിൽക്കുന്ന പടലപ്പിണക്കങ്ങളുടെ പേരിൽ ഈ ചരിത്ര സിനിമ അവഗണിക്കപ്പെടരുതെന്ന് ട്രസ്റ്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
ഐഎഫ്എഫ്കെയിൽ സിനിമയുടെ പ്രത്യേകപ്രദർശനം നടത്തുവാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം എന്നും കത്തിലൂടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. നവോത്ഥാന കേരള പോരാട്ടങ്ങളിലെ തുടക്കക്കാരനായ ശ്രീ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും അധസ്ഥിത മോചന സമര ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വമായ ചേർത്തല നങ്ങേലിയെയും ലോകത്തിനു മുന്നിൽ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമയാണ് “19-ാം നൂറ്റാണ്ട്”.
ഈ ധീര ദേശാഭിമാനികളെ ചരിത്രകാരന്മാർ അവഗണിച്ചത് കൊണ്ട് മാത്രമാണ് വർഗ്ഗീയ ശക്തികൾ ചേർത്തല നങ്ങേലി കെട്ടുകഥയാണെന്ന് പ്രചരിപ്പിക്കുന്നത്. എന്നാൽ ശ്രീ വിനയൻ സംവിധാനം ചെയ്ത 19-ാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ വീര നായകരായ നങ്ങേലിയും ആറാട്ടുപുഴ വേലായുധപ്പണിക്കരും സജീവ ചർച്ചയായിരിക്കുകയാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
നമ്മുടെ നാടിന്റെ ഇരുണ്ട കാലഘട്ടവും നവോത്ഥാന പോരാട്ടങ്ങളും മികവാർന്ന രീതിയിൽ ചിത്രീകരിച്ചിട്ടുള്ള ഈ സിനിമ ചരിത്ര പഠനത്തിന് ഉതകുന്നതാണ്.ഈ സിനിമയെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നവോത്ഥാന സമാന പ്രവർത്തനം തന്നെയാണെന്നും കത്തിലൂടെ നങ്ങേലി സ്മാരക ട്രസ്റ്റ് വ്യക്തമാക്കി.