Friday, November 22, 2024
spot_imgspot_img
HomeOpinionപ്രണയമെന്നും ഇടതുപക്ഷമെന്നും കേൾക്കുമ്പോൾ 'ഹാലിളകുന്ന' നാസർ ഫൈസിമാർ

പ്രണയമെന്നും ഇടതുപക്ഷമെന്നും കേൾക്കുമ്പോൾ ‘ഹാലിളകുന്ന’ നാസർ ഫൈസിമാർ

ടി കെ മുസ്തഫ വയനാട്

പ്രണയം,
സരളമായ നിർവചനങ്ങൾക്ക് പിടി കൊടുക്കാത്തത്ര കുഴഞ്ഞു മറിഞ്ഞ അത്ഭുത പ്രതിഭാസമാണത്. മനോ വിശകലന വിദഗ്ധരുടേയും മനശാസ്ത്രജ്ഞരുടേയും നിരീക്ഷണത്തിൽ ആകസ്മികമായോ യാദൃശ്ചികമായോ സംഭവിക്കുന്ന ഒന്നല്ല പ്രണയം. തന്റെ മനസ്സിനെ വിരിയിക്കാനും വികസിപ്പിക്കാനും കഴിയുന്ന വ്യക്തിയെ കണ്ടു മുട്ടുമ്പോൾ ഉപ ബോധ മനസ്സ് സ്വയം ആ വ്യക്തിയിലേക്ക് പ്രണയത്തിൽ വീഴാൻ പ്രേരണ നൽകുകയാണ് ചെയ്യുന്നത്.

ഖലീൽ ജിബ്രാന്റെ വാക്കുകൾ കേൾക്കാം..
“ഞാൻ അവളെ സ്നേഹിക്കുന്നു
എന്നാൽ എന്ത് കൊണ്ട് ഞാൻ സ്നേഹിക്കുന്നു എന്നതിന് എന്റെ ചിന്തക്ക് ഉത്തരമില്ല
എനിക്ക് അതറിയണമെന്നുമില്ല.
എന്റെ ആത്മാവിലും ഹൃദയത്തിലും ഞാനവളെ സ്നേഹിക്കുന്നു
അത്ര മാത്രം”.

മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി സിപിഐ എമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്ഐയും മിശ്ര വിവാഹം നടത്തുകയാണെന്നും
പ്രസ്തുത പ്രവർത്തനത്തിന്നെതിരെ മഹല്ല് കമ്മിറ്റികളുടെ അടിയന്തിര ജാഗ്രത ആവശ്യമാണെന്നും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പ്രസ്ഥാവിച്ചിരിക്കുന്നു.

പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൻമേൽ പറഞ്ഞ സംഘടനകൾ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് വിവാഹം കഴിച്ചു കൊടുക്കുകയാണെന്നും ഹിന്ദു മത വിശ്വാസികൾ മുസ്ലിമിനെ വിവാഹം കഴിച്ചാൽ മാത്രമേ ഭാരതീയ സംസ്കാരവും മത നിരപേക്ഷതയും മതേതരത്വവും സ്ഥാപിതമാവുകയുള്ളൂ എന്നാണ് ചിലർ ധരിച്ച് വെച്ചിരിക്കുന്നതെന്നുമാണ് കോഴിക്കോട് സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ല സാരഥി സംഗമത്തിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടത്.

ചില സംഘടനകളെ പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള വിമർശനമാണ് നാസർ ഫൈസി നടത്തിയതെങ്കിലും പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതു നിലപാടുകൾക്കെതിരെയുയരുന്നതാണ് പ്രസ്തുത പരാമർശങ്ങൾ എന്നതിനാലാണ് ഇപ്രകാരം ഒരു പ്രതികരണത്തിന് തുനിയുന്നത്.
പ്രണയവും വിവാഹവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പ്രസ്തുത സംവിധാനങ്ങളെ നിർവചിക്കുവാനും പ്രയോഗവത്കരിക്കുവാനുമുള്ള സ്വാതന്ത്ര്യവും അതാത് വ്യക്തികളിൽ നിക്ഷിപ്തവുമാണ്.

മതങ്ങൾക്ക് ബോധനം നൽകുവാനും മത ശാസനകളെ ഉയർത്തിപ്പിടിച്ച് വിലക്കുകൾ കല്പിക്കാനുമുള്ള അധികാരത്തെ ആരും നിരാകരിക്കുന്നില്ല.
എന്നാൽ ഇഷ്‌ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുവാനുള്ള വ്യക്തികളുടെ അവകാശത്തെയും ഭരണഘടന വിഭാവന ചെയ്യുന്ന മത സ്വാതന്ത്ര്യത്തെയും കാണാതെ ബഹു സ്വര സമൂഹത്തിൽ സർവ സാധാരണമായ മിശ്ര വിവാഹത്തെ അവമതിക്കുകയും അതൊരു മതത്തെ ഏക പക്ഷീയമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ചിലരുടെ ഹിഡൻ അജണ്ടയാണെന്നൊക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഒന്നാന്തരം അല്പത്തരം ആണെന്ന് പറയാതെ നിവൃത്തിയില്ല.

ഇത് നാസർ ഫൈസിയുടെ മാത്രം പ്രശ്നമല്ല ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിഷയവുമല്ല. അഖിലയുടെ ഇസ്ലാം ആശ്ലേഷവും അനന്തരമുള്ള ഷെഫിൻ ജഹാനുമായുള്ള വിവാഹവും കേരളീയ സാമൂഹ്യ മണ്ഡലങ്ങളിൽ സൃഷ്ടിച്ച അസ്വസ്ഥതകൾ ചെറുതായിരുന്നില്ലല്ലോ!

അന്ന് ഷെഫിനുമായുള്ള വിവാഹം പരസ്പര സമ്മതത്തോടും താല്പര്യത്തോടെയുമാണെന്നും യാതൊരു തരത്തിലുള്ള പ്രലോഭനങ്ങൾക്കും വശം വദയായിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിന്നിട്ട് പോലും ഹൈക്കോടതി അവരുടെ വിവാഹം റദ്ദ് ചെയ്യുകയാണുണ്ടായത് എന്നോർക്കണം! എങ്കിലും സുപ്രീംകോടതിയിൽ പ്രസ്തുത വിവാഹം അംഗീകരിക്കപ്പെടുകയായിരുന്നു.

അത് പോലെ തന്നെ തങ്ങളുടെ മതത്തിൽപ്പെട്ട പെൺകുട്ടികളെ പ്രണയം നടിച്ച് മത പരിവർത്തനം ചെയ്യുവാനായി സംഘടിത പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണല്ലോ ‘ലൗ ജിഹാദ് ‘.

രണ്ട് പേർ പരസ്പരം ഇഷ്ടപ്പെട്ടു പോയെങ്കിൽ തന്റെ മതവിശ്വാസത്തേക്കാൾ പ്രധാനമാണ് ഇതര മത വിശ്വാസിയുമായുള്ള പ്രണയമെന്ന് ഒരു വ്യക്തിക്ക് തോന്നിയെങ്കിൽ അവരോടോ അവരെ പിന്തുണക്കുന്നവരോടോ അസ്വസ്ഥത കാണിച്ചത് കൊണ്ട് ഫലമില്ല. മതം അനുശാസിക്കുന്ന നിബന്ധനകളും ആചാരങ്ങളും മുഖേനയല്ലാതെയുള്ള വിവാഹ ജീവിതം ആഗ്രഹിക്കുന്നവർക്കുള്ള നിയമപരമായ സംവിധാനങ്ങളേയും മാർഗ്ഗങ്ങളേയും ഉപയോഗപ്പെടുത്തുന്നതിന് നൽകുന്ന പിന്തുണയെ മത നിരാസത്തിലേക്കുള്ള ക്ഷണമെന്ന് പ്രചരിപ്പിച്ച് വിമർശിക്കുമ്പോൾ ജനാധിപത്യമെന്നത് യോജിപ്പിന്റേതും വിയോജിപ്പിന്റേതുമാണെന്ന് മറക്കേണ്ട.

‘വിവാഹം കഴിക്കാൻ മതം മാറ്റുന്നു’, ‘വിവാഹത്തിന് ശേഷം മതം മാറ്റുന്നു’ എന്നെല്ലാം പരിഭവിക്കുമ്പോൾ ജീവിത പങ്കാളിയെ വിലയിരുത്തേണ്ടതിന്റെയും പങ്കാളിയുടെ ഗുണദോഷങ്ങൾ പരിശോധനക്ക് വിധേയമാക്കേണ്ടതിന്റെയും ആവശ്യവും അധികാരവും പ്രഥമമായി വിവാഹ ബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് തന്നെയാണെന്നത് വിസ്മരിക്കരുത്!

വിവാഹ പ്രായമായ രണ്ട് വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹ ബന്ധത്തിലേർപ്പെടാൻ പരിപൂർണ്ണ അവകാശമുണ്ടെന്നും, മാതാപിതാക്കളുടെ പോലും ഇഷ്ടാനിഷ്ടങ്ങൾക്ക് അവിടെ പ്രസക്തിയില്ലെന്നുമുള്ള ഹാദിയ-ഷെഫിൻ ജഹാൻ കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധി നൽകുന്ന സന്ദേശവും മറ്റൊന്നല്ല.

മതങ്ങൾ അനുയായികളെ ഉപദേശിച്ചോളൂ, കേൾക്കാൻ താല്പര്യം ഇല്ലാത്തവരെ അവരുടെ വഴിക്ക് വിട്ടേക്കൂ! ബഹുമാന്യ പണ്ഡിതൻ നാസർ ഫൈസിയെ ഒരു ഖുർആൻ വചനം ഓർമ്മപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കുന്നു.

“ഇഷ്‌ടമുള്ളവർ വിശ്വസിക്കട്ടെ, അല്ലാത്തവർ അവിശ്വസിക്കട്ടെ!
(ഖുർആൻ 18:29).

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares