പ്രതിപക്ഷ സഖ്യത്തെ ഇന്ത്യന്‍ മുജാഹിദിന്‍ അടക്കമുള്ള ഭീകരവാദ സംഘടനകളുമായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് എഐവൈഎഫ്. തനിക്കും ബിജെപിക്കും എതിരുനില്‍ക്കുന്നവരെ ഭീകരവാദികളും രാജ്യദ്രോഹികളുമാക്കുന്നത് മോദിയുടെയും കൂട്ടരുടേയു സ്ഥിരം പരിപാടിയാണ്. ഇന്ത്യക്കാരെ എന്തും വിളിച്ചു പറയാന്‍ രാജ്യം മോദിയുടെ തറവാട് സ്വത്തല്ലെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയിലൂടെ പറഞ്ഞു.
സംഘപരിവാര്‍ രാജ്യത്ത് നടത്തുന്ന അതിക്രമങ്ങളെ വിമര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമ്പോള്‍ തുക്‌ഡെ തുക്‌ഡെ ഗ്യാങ് എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു മുന്‍പ് മോദി സ്ഥിരം ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ ഭീകരവാദ സംഘടനകളുമായി പ്രതിപക്ഷ സഖ്യത്തെ താരതമ്യപ്പെടുത്തുന്നത് രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ പ്രതിപക്ഷത്തിന് എതിരാക്കുക എന്ന സ്ഥിരം വര്‍ഗീയ അജണ്ടയുടെ ഭാഗമായാണെന്നും എഐവൈഎഫ് കൂട്ടിച്ചേർത്തു. ഇനി എന്തെല്ലാം വിടുവായത്തരം പറഞ്ഞാലും മോദിയെ താഴെയിറക്കാനായി ഇവിടുത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ അക്ഷീണം പ്രവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന് എഐവൈഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.