നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡിന്‍റെ 751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് പിഎംഎല്‍എ അഡ്‌ജൂഡിക്കേഷന്‍ അതോറിറ്റിയും ശരിവച്ചു. സ്വത്ത് കണ്ടുകെട്ടല്‍ ശരിയാണോ എന്ന് പരിശോധിച്ച തീര്‍പ്പാക്കല്‍ സമിതിയുടേതാണ് തീരുമാനം. ഇതോടെ സ്വത്തുക്കൾ ഇഡിക്ക് ഏറ്റെടുക്കാം.
അസോഷ്യേറ്റ് ജേർണലിന്റെയും (എജെഎൽ) യങ് ഇന്ത്യന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661.69 കോടിയുടെ വസ്‌തുവകകളും എജഎഎലിന്റെ 91.21 കോടി മൂല്യം വരുന്ന ഓഹരികളുമാണ് പിടിച്ചെടുത്തത്.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസിലാണ് നടപടി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യൻ കമ്പനി ദിനപത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ഇഡി പരിശോധിച്ചത്. കേസിൽ ഇരുവരെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും ഇഡി ചോദ്യം ചെയ്‌തിരുന്നു.