ഇന്ന് ദേശീയ വനിതാ ദിനം. ഇന്ത്യയുടെ വാനമ്പാടി എന്നറിയിപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരിയുമായ സരോജിനി നായിഡുവിന്റെ ജൻമദിനമായ ഫെബ്രുവരി 13-നാണ് ദേശീയ വനിതാ ദിനം ആചരിക്കുന്നത്. പക്ഷേ, ദേശീയ, അന്താരാഷ്ട്ര വനിതാ ദിനങ്ങൾ ആചരിക്കുന്നതിനപ്പുറം, ഇന്ത്യൻ വനിതകളുടെ ജീവിത സാഹചര്യത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
കൂട്ട ബലാത്സംഗങ്ങളും അതിക്രൂര കൊലപാതങ്ങളും ഇന്ത്യയിൽ തുടർക്കഥയാണ്. ഗാർഹിക പീഡനങ്ങളും സ്ത്രീധന കൊലപാതകങ്ങളും എണ്ണമില്ലാത്തത്രയും സംഭവിക്കുന്നു. ദുരഭിമാന പീഡനങ്ങളും കൊലപാതങ്ങളും സമാന്തരമായി നടക്കുന്നു. തൊഴിലിടങ്ങളിൽ, പൊതുവിടങ്ങളിൽ, വിദ്യാലയങ്ങളിൽ…സ്ത്രീകൾ നിരന്തരം ചൂഷണത്തിന് വിധേയരാകുന്നു.

നാരീശക്തി എന്ന് നാഴികയ്ക്ക് നാൽപത് വട്ടം ഉരുവിടുന്ന നരേന്ദ്ര മോദി ഭരിക്കുന്ന രാജ്യത്താണ് ഹാഥ്രസ് പോലുള്ള അതിക്രൂര ബലാത്സംഗ കൊലാപതങ്ങൾ തുടർക്കഥയാകുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കൽപ്പറ്റ നാരായണന്റെ ‘അവൾ ഒരു കർമ്മണി പ്രയോഗം ‘ എന്ന ലേഖനത്തിൽ ഒരു ബസ് യാത്രയ്ക്കിടയിലെ പെൺകുട്ടിയുടെ ദാരുണാന്ത്യ കഥയെ കുറിച്ചുള്ള പ്രതിപാദ്യമുണ്ട്.
യാത്രക്കിടെ അവളുടെ ശരീരത്തിൽ ഒരു തേള് പ്രവേശിക്കുകയും വസ്ത്രത്തിനുള്ളിലെ തേളിന്റെ ഉപദ്രവം അവളെ അസ്വസ്ഥമാക്കുകയും ചെയ്തു കൊണ്ടിരുന്നു. വേദന കടിച്ചമർത്തി യാത്ര തുടർന്ന അവൾ ഒടുവിൽ തേളിന്റെ ഉപദ്രവാനന്തരം കുഴഞ്ഞു പോവുകയും മരണം സംഭവിക്കുകയും ചെയ്യുന്നതാണ് കഥ. ഇവിടെ തന്റെ വസ്ത്രം കുടഞ്ഞു തേളിനെ പുറത്തേക്കെറിഞ്ഞു രക്ഷപ്പെടാമായിരുന്ന അവസ്ഥയിലും അവളതിന് മുതിരുന്നില്ല.

ഒരുപുരുഷനായിരുന്നുവെങ്കിൽ നിസ്സാരമായി പരിഹരിക്കപ്പെടാമായിരുന്ന അവസ്ഥ. പക്ഷെ പുരുഷനെ പോലെ വസ്ത്രം മാറ്റി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിൽ ജീവനേക്കാൾ തനിക്ക് നഷ്‌ടമാകാവുന്ന, അതല്ലെങ്കിൽ തന്റെ മുന്നോട്ടുള്ള ജീവിതത്തിൽ തനിക്ക് വിഘാതമായേക്കാവുന്ന സമൂഹം അവൾക്ക് പതിച്ചു നൽകിയ മറ്റെന്തോ ഒന്നിനെക്കുറിച്ചുള്ള ചിന്ത അവളെ അതിൽ നിന്ന് പിന്നോട്ട് വലിച്ചു. ‘സ്ത്രീ എന്നും വിവാദമാണ്, മറ്റൊരർത്ഥത്തിൽ അവൾവിവാദയാക്കപ്പെടുകയാണ്
‘അവളുടെ വസ്ത്രം, ശബ്ദം, അവകാശം, പദവി, അധികാരം, സ്വാതന്ത്ര്യം, സാമൂഹ്യ ഇടപെടൽ തുടങ്ങി ആരാധന വരെ സർവത്ര വിവാദ മയം. അവൾക്ക് മാത്രമായി നല്കപ്പെട്ടിട്ടുള്ള ചില സാമൂഹിക അലിഖിത നിയമങ്ങൾ ഉണ്ട്. ശരീരം വിൽക്കുന്നവളേ’ അഭിസാരിക ‘ ആകുന്നുള്ളൂ, സ്വീകരിക്കുന്നവന് ലഭിക്കുന്നു അലിഖിത അനുമതി പത്രം. അഭിപ്രായ പ്രകടനങ്ങൾ നടത്തിയാൽ അവൾ ‘പോക്ക് കേസ്’.പ്രത്യുല്പാദനത്തിനും സന്താനപരിപാലനത്തിനും പുരുഷന്റെ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് വഴങ്ങുന്നതിനുമായുള്ള ഉപകരണം മാത്രമാണെന്ന വികല ധാരണകൾ സമൂഹം അവളിൽ അടിച്ചേൽപ്പിക്കുന്നുവോ?

ആശയപരമായ വിമർശനങ്ങൾക്കപ്പുറത്ത് ആഭാസ അശ്ലീല പരാമർശങ്ങളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും അവൾ താറടിക്കപ്പെടുന്നതെന്തുകൊണ്ടാണ്? സമൂഹത്തിന്റെ ധാർമ്മികതയുടെ നിർവചനത്തിൽ അവൾക്ക് മാത്രമായുള്ള കല്പനകൾക്ക് പിന്നിലെ ചേതോവികാരമെന്താണ്?
തൊണ്ണൂറുകളിലെ കുപ്രസിദ്ധമായ ഐ എസ് ആർ ഒ ചാരക്കേസ് ആഭാസകരമായ പൈങ്കിളിക്കഥകളുടെ ദുർഗന്ധം വമിക്കുന്ന അദ്ധ്യായമായിരുന്നില്ലേ.നമ്പി നാരായണൻ അടക്കമുള്ള ശാസ്ത്രജ്ഞരെ രാജ്യ ദ്രോഹികളും നിരപരാധികളായ രണ്ട് സ്ത്രീകളെ ചാര സുന്ദരികളായും വിശേഷിപ്പിച്ചു കൊണ്ടുള്ള മാധ്യമ പ്രവർത്തനത്തിന്റെ ജീർണ്ണത മറക്കാനാവുമോ?

വിവാദം കത്തി നിന്ന സമയത്ത് മലയാളത്തിലെ ഒരു പ്രമുഖ വാരിക മുഖ ചിത്രത്തിൽ എഴുതിച്ചേ ർത്ത ശീർഷകം “ഇന്ത്യൻ ശാസ്ത്രജ്ഞന്മാരും മാലി മദാലസകളും ” എന്നായിരുന്നു. മഞ്ഞ പത്രങ്ങളെ നാണിപ്പിക്കും വിധമുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ വായനക്കാരനെ രസിപ്പിക്കുന്നതിനായുള്ള അപസർപക -പൈങ്കിളി സാഹിത്യം ചൂടപ്പം പോലെയാണ് പ്രചരിച്ചത്. ആരോപണവിധേയരായത് മുതൽ അവരുടെ അഴകളവുകളെ ആവർത്തിച്ച് ധരിപ്പിക്കുന്ന ചിത്രങ്ങളിലൂടെയും സാഹിത്യങ്ങളിലൂടെയും സ്വകാര്യ ജീവിതത്തിലേക്ക് നുഴഞ്ഞു കയറിയും പൊടിപ്പും തൊങ്ങലും ചേർത്ത മസാലക്കഥകളിലൂടെയും ആ സ്ത്രീ ശരീരങ്ങളെ അറവ് ശാലയിലെന്ന വണ്ണം കീറി മുറിച്ച് സായൂജ്യമടയുകയായിരുന്നു അന്ന് പ്രബുദ്ധ കേരളം.
കേരളത്തിലെ ഒരു പ്രമുഖ മത പ്രഭാഷകന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ അടങ്ങിയ പ്രസംഗം അൽപ കാലം മുൻപ് സാമൂഹ്യ മാധ്യമങ്ങളിലും പൊതുസമൂഹത്തിനിടയിലും വൻ വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും വഴി വെച്ചിരുന്നു. സ്ത്രീകൾ ജോലിക്ക് പോകുന്ന ഭൂരിഭാഗം വീടുകളിലും അടി വസ്ത്രങ്ങളടക്കം വീടിന്റെ നാനാ ഭാഗങ്ങളിലും അഴിച്ചിട്ടിട്ടുണ്ടാകുമെന്നും ജോലി സ്ഥലങ്ങളിൽ പല സ്ത്രീകൾക്കും അവിഹിതം ആണെന്നും പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലുകളിൽ മൂത്രമൊഴിച്ചു ഭർത്താക്കന്മാരെ സ്വീകരിക്കുന്നവരാണ് ആധുനിക ഭാര്യമാർ എന്നെല്ലാമുള്ള ആരോപണങ്ങൾ ആണധികാരത്തിന്റെ മൂല്യ ബോധങ്ങളാൽ രൂപ കല്പന ചെയ്തെടുത്ത സ്ത്രീ സ്വാതന്ത്രത്തിന്റെ പ്രത്യക്ഷഉദാഹരണങ്ങളിൽ ഒന്ന് മാത്രം.

വിപണികളും സദാചാര ബോധങ്ങളും അവളെ ‘ശരീരം ‘ മാത്രമായി കാണുന്നു. വിലക്കുകൾ കൊണ്ടുള്ള ധാർമ്മിക ബോധത്താൽ നിയന്ത്രിക്കപ്പെടുന്ന ഒന്നായി അത് മാറുന്നു. പൊതു ബോധത്തെ തൃപ്തിപെടുത്തും വിധം അതിന്റെ ‘അരുത്’ കൾക്കും പരിധികൾക്കുമുള്ളിലെ മാതൃകാപരമായ വാർപ്പ് ബിംബങ്ങളായി മാറുന്നതിനു പര്യാപ്തമായ ജീവിത രീതിയിൽ അവൾ ഒതുങ്ങണമെന്ന് ശഠിക്കുന്നു. സ്ത്രീ വിരുദ്ധത നില നിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള തീർത്തും പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടിൽ ലൈംഗികത പുരുഷന്റെ സ്വാഭാവികതയും സ്ത്രീയുടെ അശ്ലീലതയുമായി മാറുന്നു. കുറ്റകൃത്യങ്ങളിൽ ‘സ്ത്രീ’ വരുമ്പോൾ ചർച്ചകളിൽ ലൈംഗികത സ്വാഭാവികമാവുന്നു. അവളുടെ ശരീരം പൊതു ഇടമെന്ന മട്ടിൽ കീറി മുറിക്കപ്പെടുന്നു. മുൻപ് തന്റെ വിദ്യാർത്ഥിനികളുടെ ശരീരാവയവങ്ങളെ സംബന്ധിച്ചുള്ള കോഴിക്കോടുള്ള കോളേജ് അധ്യാപകന്റെ അശ്ലീല പരാമർശങ്ങൾ ആണധികാര പ്രത്യയ ശാസ്ത്രത്തിന്റെ പ്രത്യക്ഷ പിന്തുണയിൽ തന്നെയായിരുന്നു.
പ്രതികരിച്ചവരുടെ മേൽ മത വിരുദ്ധത ചാർത്തപ്പെടുകയും സർക്കാർ നടപടിയെ മത പ്രബോധനത്തിന്നെതിരെയുള്ള നീക്കമായി ചിത്രീകരിക്കപ്പെടുകയും ചെയ്തത് മറക്കാറായിട്ടില്ല . സിസ്റ്റർ ലൂസിയുടെയും ജെസ്മിയുടെയും വിഷയത്തിലും ശബരിമല ദർശനം നടത്തിയ സ്ത്രീകളുടെ കാര്യത്തിലും അവരുടെ നിലപാടുകളെ ആശയപരമായി പ്രതിരോധിക്കുന്നതിനേക്കാൾ പലപ്പോഴും അവരിലെ സ്വകാര്യത സംബന്ധിച്ച ചർച്ചകളിൽ ആത്മ സായൂജ്യമടയുന്ന വികലതയെയാണ് ദർശിക്കാൻ കഴിഞ്ഞത്.ലൂസിയുടെ ആത്മ കഥയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളോടുള്ള ക്രിയാത്മക സംവാദത്തേക്കാൾ ‘അശ്ലീല പുസ്തകം’ എന്ന ലേബലിലുള്ള പ്രതിരോധത്തിലാണൂന്നുന്നത്. അത് പോലെ തന്നെ ശബരിമലയിലെ വിവാദ സ്ത്രീകളുടെ ഭർത്താക്കന്മാരുടെയും കാമുകന്മാരുടെയും എണ്ണവും അവർ കഴിക്കുന്ന മദ്യത്തിന്റെ തോതും അവരുടെ കുടുംബ കലഹങ്ങളും , പാരമ്പര്യവും തുടങ്ങി സകല ഏടാകൂടങ്ങളും പൊടിപ്പും തൊങ്ങലും ചേർത്ത് ഇടയ്ക്കിടെ അക്കാലത്ത് വിളമ്പിയിരുന്നു .

ശബരിമല ദർശനം നടത്തിയ പുരുഷ കേസരികളെല്ലാം തന്നെ പരിപാവനവും മാന്യവുമായ കുടുംബ സംവിധാനത്തിന്റെ തലവന്മാരും സദാചാര നിഷ്‌ഠയുടെയും ധർമ്മ ബോധത്തിന്റെയും അപ്പോസ്തലന്മാരുമാണെന്ന ബോധ്യത്തിൽ നിന്നുമുടലെടുക്കുന്നതല്ലല്ലോ അത്തരം വിമർശനങ്ങൾ. അവിടെയാണ് മുൻപ് സൂചിപ്പിച്ച ‘സ്ത്രീ’ ആയത് കൊണ്ട് മാത്രം ലഭിക്കുന്ന മാർക്കറ്റ് നാം കാണേണ്ടത്. മലപ്പുറം ജില്ലയിൽ സാമൂഹ്യ ബോധ വത്കരണത്തിന്റെ ഭാഗമായുള്ള ഫ്ലാഷ് മോബിലേർപ്പെട്ട പെൺ കുട്ടികളോട് ‘പെണ്ണേ അനക്ക് സ്വർഗ്ഗത്തിൽ പോണ്ടേ ‘ എന്ന സാരോപദേശം ആ സമയത്ത് വ്യാപകമായി ഉയർന്നതും ഓർക്കുന്നു.ഇത് (പെൺകുട്ടികളുടെ ഫ്ലാഷ് മോബ് ) മത വിരുദ്ധമാണെന്നാരോപിച്ച് ചാനൽ ചർച്ചകളിൽ മത വക്താക്കൾ അടക്കം രംഗത്ത് വരികയും ചെയ്തു . ഇതേ ഫ്ലാഷ് മോബ് എത്ര മുസ്ലിം ചെറുപ്പക്കാർ അവതരിപ്പിച്ചിട്ടുണ്ട്.അപ്പോൾ പുറത്ത് വരാത്ത ഫത്വ സ്ത്രീ വിഷയങ്ങളിൽ മാത്രം സജീവതയാകുന്നതിന്റെ പിന്നിലെ ചേതോ വികാരം അടിച്ചമർത്തുവാനും അടക്കി ഭരിക്കുവാനുമുള്ള ഉപകരണമെന്ന നിലയിലുള്ള ആധിപത്യ സമൂഹത്തിന്റെ വ്യഗ്രത തന്നെ.
ആശയം പരാജയപ്പെടുന്നിടത്ത് ആഭാസം ഉടലെടുക്കുന്നു. അഭിപ്രായ പ്രകടനങ്ങളോടുള്ള പ്രതികരണം അമാന്യവും അശ്ലീലവുമാകുന്നു. ഇവിടെ ആണധികാരത്തിന്റെ ദയക്കായുള്ള കാത്തിരിപ്പല്ല മറിച്ച് വിലക്കുകൾ പൊട്ടിച്ചെറിയാനുള്ള ആർജ്ജവമാണ് സ്ത്രീ സമൂഹം കാണിക്കേണ്ടത്. വർത്തമാന ലോകത്തും സ്ത്രീത്വത്തെ അപകർഷതയുടെ പടുകുഴിയിലേക്ക് തള്ളി വിടാനുള്ള നെറികെട്ട സാമൂഹ്യ വ്യവസ്ഥയോട് കലഹിക്കുക തന്നെ വേണം.