Friday, November 22, 2024
spot_imgspot_img
HomeKeralaതടയാൻ നിന്നവർ തോറ്റു മടങ്ങി, ജനഹൃദയങ്ങൾ കീഴടക്കി നവകേരള സദസ്സ്, ഇന്ന് സമാപനം

തടയാൻ നിന്നവർ തോറ്റു മടങ്ങി, ജനഹൃദയങ്ങൾ കീഴടക്കി നവകേരള സദസ്സ്, ഇന്ന് സമാപനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം.

നവകേരള സദസ്സ് ആരംഭിക്കുന്നതിനു മുന്നേ തുടങ്ങിയിരുന്നു അതുമായി ബന്ധപ്പെട്ട് വിവാദങ്ങളും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേകം തയാറാക്കിയ ബസിനെ നിഴൽ പറ്റി ഉയർന്നത് വൻ വിവാദമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ എന്തിന് ഇത്തരമൊരു ആഡംബര ബസ് എന്ന ചോദ്യം പ്രതിപക്ഷവും ചില മാധ്യമങ്ങളും ചർച്ചകളാക്കി. ബയോ ടോയിലറ്റ്, ബ്രിഡ്ജ്, ലിഫ്റ്റ് മാതൃകയിലുള്ള ചവിട്ടുപടികൾ എന്നിവയായിരുന്നു ബസിന്റെ പ്രധാന പ്രത്യേകതകളായി ഒരു മുഖ്യധാരമാധ്യമം പുറത്തു കൊണ്ടുവന്ന വർത്ത. ആ വാർത്തയെ ഉയർത്തി പിടിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ തിരിഞ്ഞു.

കർണാടകയിൽ നിന്ന് ബസ് കേരളത്തിലെത്തി മന്ത്രിമാർ അതിൽ യാത്ര തുടങ്ങിയപ്പോൾ കേരളത്തിൽ തകർന്നത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രതിച്ഛായ തന്നെയായിരുന്നു. മാധ്യമങ്ങൾക്ക് ബസിലേക്ക് പ്രവേശനം അനുവദിച്ച് ‘തിരുത്തൽ’ നടപടികളോടെയായിരുന്നു യാത്രയ്ക്ക് തുടക്കം. സദസിന് ശേഷം ടൂറിസം വകുപ്പിന്റെ ബജറ്റ് ടൂറിസത്തിന് ബസ് വിട്ടുനൽകാനാണ് തീരുമാനം.

നവ കേരള സദസ് ആരംഭിച്ചതു മുതൽ അതിലേക്കെത്തുന്ന ജനപങ്കാളിത്തം കണ്ട് ഭയന്ന് വിറയ്ക്കുന്ന ഒരു പ്രതിപക്ഷത്തേയാണ് കേരളം കണ്ടത്. ജനങ്ങൾക്കിടയിൽ സർക്കാരിനെ ഒറ്റപ്പെടുത്താൻ നേരിട്ടോരു പ്രതിഷേധത്തിനു കോൺ​ഗ്രസ് മുതിർന്നിരുന്നില്ല. അതിനിടക്കാണ് യൂത്ത്കോൺഗ്രസിലെ ഒരു മുതിർന്ന നേതാവിന്റെ വീട്ടിൽനിന്നും വൻ തോതിലുള്ള ലഹരിമരുന്നു വേട്ടയും അതിനു പിന്നാലെ വ്യാജ തിരിച്ചറിയൽ കാർഡുപയോ​ഗിച്ച് നടത്തിയ സംഘടനാ തെരഞ്ഞെടുപ്പ് കൂടിയായപ്പോൾ യൂത്ത് കോൺ​ഗ്രസ് എന്ന സംഘടന ജനത്തിനു മുന്നിൽ ഒറ്റപ്പെട്ടു.

ഇതു മനസ്സിലാക്കി കോൺ​ഗ്രസിന്റെ അറിവോടെ യൂത്ത്കോൺ​ഗ്രസുകാർ നടത്തിയ പ്രതിഷേധങ്ങൾ കേരളം കണ്ട് ലജ്ജിച്ചു. പ്രത്യേകിച്ച് സർക്കാരിനെതിരെ യാതൊരു വിമർശനവും ഉയർത്താനാവാതെ ഓടി നടന്ന് കരിങ്കോടി കാണിക്കുന്നതിലാണ് യൂത്ത്കോൺ​ഗ്രസിലെ പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയ ഓരോ മണ്ഡലങ്ങളിലും കരിങ്കൊടിയുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകരെത്തി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പാഞ്ഞടുത്ത പ്രതിഷേധക്കാരെ നേരിടാൻ പോലീസിനു പുറമെ ഡിവൈഎഫ്ഐക്കാർ മുതിർന്നതും ഈ യാത്രയുടെ ഉദ്ദേശ ശുദ്ധിക്ക് കോട്ടമായി മാറി.

സംസ്ഥാന നേട്ടം, കേന്ദ്രാവഗണന, ഭാവി കേരളം എന്നിവ വിശദീകരിക്കാൻ സർക്കാർ നടത്തിയ നവകേരള സദസ്സ്‌ സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലും പുതിയ അധ്യായമാണ്‌ രചിച്ചത്‌. മഞ്ചേശ്വരത്ത്‌ തുടക്കമിട്ട സമയത്തുതന്നെ പല യുഡിഎഫ്‌ എംഎൽഎമാരും മാധ്യമപ്രവർത്തകരോട്‌ പറഞ്ഞത്‌ സദസ്സിനോട്‌ അനുഭാവമുണ്ടെങ്കിലും വി ഡി സതീശന്റെ വിലക്ക്‌ കാരണം പങ്കെടുക്കുന്നില്ല എന്നാണ്‌. “”നാട് ദ്രുതഗതിയിൽ മാറുകയാണ്. മാറിനിൽക്കാൻ തോന്നിയില്ല. ഇത്തരം പരിപാടികൾ ബഹിഷ്‌കരിക്കേണ്ടതില്ല. നാടിന്റെ മുന്നേറ്റമാകണം രാഷ്ട്രീയ പ്രവർത്തകന്റെ ലക്ഷ്യം” സദസ്സിൽ പങ്കെടുത്ത മലപ്പുറം ഡിസിസി അംഗം എ പി മൊയ്തീൻകുട്ടി പറഞ്ഞ വാക്കും നാട്‌ കേട്ടു.

മലപ്പുറത്തു തന്നെയാണ്‌ പാണക്കാട് കുടുംബത്തിൽനിന്നുള്ള ഹസീബ് സക്കാഫ് തങ്ങൾ പ്രഭാത സദസ്സിൽ പങ്കെടുത്തത്. പാലക്കാട്‌, പത്തനംതിട്ട ജില്ലകളിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്ത്‌ തങ്ങളുടെ അനുഭാവം അറിയിച്ചു. നേതാക്കൾ ഇത്തരത്തിൽ പരസ്യ പ്രതികരണത്തിനും പങ്കാളിത്തത്തിനും തയ്യാറായെങ്കിൽ അണികൾ ഒരു വിലക്കും വകവയ്ക്കാതെ നാട്ടുകാർക്കൊപ്പം സദസ്സിനെത്തി.

നവകേരള സദസ്സ് പൊളിക്കാൻ തുടക്കംമുതൽ യുഡിഎഫും ബിജെപിയും കോടതികളെ കരുവാക്കി നടത്തിയ നീക്കവും പൊളിഞ്ഞടുങ്ങി. പല വിധിയും സദസ്സ്‌ പൊളിക്കാൻ നടന്നവർക്ക്‌ അനുകൂലമായിട്ടും ജനമുന്നേറ്റം അതെല്ലാം അപ്രസക്തമാക്കി. പതിനായിരക്കണക്കിന്‌ ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ വേദികൾ അപകടരഹിതമാക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും ചിലയിടത്ത്‌ പഴയ മതിൽ പൊളിച്ചതിനെതിരെയും ചിലർ കോടതിയെ സമീപിച്ചു.

പൊളിച്ചയിടങ്ങളിലെല്ലാം കൂടുതൽ നല്ല മതിൽ കെട്ടാനും സൗകര്യമൊരുക്കി. ക്ഷേത്രമൈതാനം അനുവദിക്കരുതെന്നായിരുന്നു ചിലയിടത്ത്‌ ബിജെപിയും യുഡിഎഫും ഒത്താശചെയ്ത്‌ ഹർജി നൽകിയത്‌. അത്തരം സംഭവങ്ങളിലൊന്നും സർക്കാർ അപ്പീലിനോ വാശിക്കോ പോകാതെ അടുത്ത കേന്ദ്രത്തിലേക്ക്‌ സ്വീകരണം മാറ്റി. തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ടിൽ പണം അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷം നേടിയ വിധിയും സദസ്സിനെ തെല്ലും ബാധിച്ചില്ല. യുഡിഎഫ്‌ ഭരിക്കുന്ന പല തദ്ദേശസ്ഥാപനങ്ങളും നവകേരള സദസ്സിന്‌ ഫണ്ട്‌ നൽകാൻ തയ്യാറായി. പ്രതിപക്ഷം ഏതെല്ലാം വഴിക്ക്‌ വിലക്കാൻ നോക്കിയോ അതെല്ലാം സദസ്സിനെ കൂടുതൽ വിജയത്തിലേക്ക്‌ നയിക്കുകയാണ്‌ ചെയ്തത്‌.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares