കാസർകോട്: സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ഇന്നു തുടക്കം. കാസർകോട് ജില്ലയിലെ വടക്കേ അതിർത്തി ഗ്രാമമായ പൈവളിഗെയിൽ വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. പതിമൂന്ന് കന്നട, തുളു സിനിമാ താരങ്ങൾ പങ്കെടുക്കും. മുന്നൂറ് പ്രമുഖരെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഒരുക്കിയ പ്രത്യേക ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക.
140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം. നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9ന് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. മണ്ഡലങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ സദസ് ഉദ്ഘാടനത്തിന് മൂന്നുമണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതുവരെ കൗണ്ടറുകൾ പ്രവർത്തിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളുണ്ടാകും.
നാളെയാണ് കാസർകോട് ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളിലും സദസ് നടക്കുക. നാളെ രാവിലെ നഗരസഭ കോൺഫറൻസ് ഹാളിലാണ് കാസർകോട് മണ്ഡലത്തിലേത്. തുടർന്ന് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ.