കാസർകോഡ്: 2016 ന് മുമ്പ് അധികാരത്തിൽ വന്ന സർക്കാരാണ് ഇവിടെ തുടർന്നിരുന്നതെങ്കിൽ സംസ്ഥാനത്ത് ഈ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം ജനം കേരളത്തിന് സമ്മാനിച്ചത് അതിനാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫിന് രാഷ്ട്രീയമായ ഭിന്നത ആ സർക്കാരിനോടുണ്ടാകാം . ബിജെപിക്കും അസഹിഷ്ണുതയുണ്ടാകാം. എന്നാൽ നാടിനുവേണ്ടി സർക്കാർ ഒരു കാര്യം ചെയ്യുമ്പോൾ ഇപ്പോഴിത് വേണ്ട എന്ന നിലപാട് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം പൈവളിഗെയിൽ നവകേരള സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ദേശീയ പാതാ വികസനം നടപ്പില്ലെന്ന് വിശ്വസിച്ചിരുന്നവരുടെ വിശ്വാസം മാറിയെന്നും സമയബന്ധിതമായി ദേശീയ പാത വികസനം പൂർത്തിയാകും എന്ന വിശ്വാസമുള്ളവരാണിപ്പോഴവരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തീർത്തും ഒരു സർക്കാർ പരിപാടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയാണ് സ്വാഗതം പറഞ്ഞത്. യുഡിഎഫ് നേതൃത്വത്തിന് ഈ പരിപാടിയിൽ സഹകരിക്കാൻ പാടില്ലെന്ന് നിർബന്ധമാണ്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി കാണാൻ പറ്റുന്നതല്ല അത്. സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാണ് എന്ന തിരിച്ചറിവ് എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ള ജനങ്ങൾക്കും ഉണ്ട് എന്നതാണ് ഈ മഹാജനപങ്കാളിത്തം വ്യക്തമാക്കുന്നത്. ഇതിനെയെല്ലാം ഇകഴ്ത്താം. വിവാദമാക്കാം എന്നതിലാണ് ശ്രമം നടന്നത്. അതിന് നേതൃത്വം കൊടുത്തവർ ഈ പരിപാടി സ്ഥലത്തില്ല. എന്നാൽ പ്രചാരണം കൊടുത്തതിന് പങ്കാളിത്തം വഹിച്ചവർ ഈ പരിപാടിയിലുണ്ട്.
അതിലൊന്ന് ബസിന്റെ ആഡംബരത്തെ കുറിച്ചാണ് .ഞങ്ങളും ഈ ബസിൽ ആദ്യമായാണ് കാസർകോഡ് ഗസ്റ്റ് ഹൗസിൽ നിന്ന് കയറിയത്. എന്നാൽ ആഡംബരം എന്താണെന്ന് മനസിലായില്ല. ഈ പരിപാടിക്ക് ശേഷം ഇവിടുന്ന് അതേ ബസിൽ കയറിയാണ് കാസർകോട്ടേക്ക് പോവുക. ഇവിടുത്തെ മാധ്യമപ്രവർത്തകരോട് ഒരഭ്യർഥനയുള്ളത്, നിങ്ങളും ഈ ബസിൽ ഒന്ന് കയറണം. നിങ്ങൾക്കവിടെ വന്ന് ഇതിന്റെ അകമാകെ ഒന്ന് പരിശോധിച്ച് ആർഭാടം എന്തെന്ന് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി