ചരിത്രത്തെ വളച്ചോടിച്ച് സിപിഐ(എം) ന്റെ മുഖമാസികയായ ചിന്താവാരികയില്‍ വന്ന ലേഖനത്തിന് മറുപടിയായുള്ള സിപിഐ മുഖമാസിക നവയുഗത്തിന്റെ രണ്ടാം ലേഖനവും ചര്‍ച്ചയാവുന്നു. യഥാര്‍ത്ഥ വസ്തുതകളെ മനപ്പൂര്‍വം വളച്ചൊടിച്ച് അത് സിപിഐക്കെതിരെ പടച്ചുവിടാന്‍ ചിന്ത ശ്രമിക്കുന്നതിനെ പരിഹസിച്ചുകൊണ്ടാണ് നവയുഗത്തിന്റെ മറുപടി. പാര്‍ട്ടിയുടെ വഴികാട്ടിയെന്ന് സിപിഐ(എം) കാര്‍ കൊട്ടിപ്പാടി നടക്കുന്ന ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെതിരെ തെളിവുകള്‍ നിരത്തിയുള്ള കടുത്ത വിമര്‍ശനമാണ് പുതിയ ലേഖനത്തിലൂടെ നവയുഗം ഉന്നയിക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന നടത്തിയതും അതിനു നേതൃത്വം കൊടുത്തതും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇഎംഎസ് ആണ് . സ.എംഎനും , ടിവിയ്ക്കും എതിരായ അഴിമതി ആരോപണത്തിന് പിന്നില്‍ സിപിഎം ആയിരുന്നു . ദീര്‍ഘകാലം കൂടെ പ്രവര്‍ത്തിച്ച സ്വന്തം സഖാക്കളായ എംഎന്നെയും ടിവിയെയും പ്രതികൂട്ടില്‍ നിര്‍ത്താന്‍ ഇഎംഎസിനെ നയിച്ച ചേതോവികാരം സിപിഐയെ ഇല്ലാതാക്കുകയെന്നതായിരുന്നു.- ലേഖനത്തില്‍ പറയുന്നു.
നവയുഗം ലേഖനത്തിന്റെ പൂർണ രൂപം
ചിന്തവാരികയിൽ സിപിഐക്കെതിരെ പ്രത്യയ ശാസ്ത്ര വിമർശനങ്ങൾ നടത്തുന്നത് ഒരു പുതിയ വിഷയമല്ല. എന്നാൽ തിരുത്തൽ വാദത്തിന്റെ ചരിത്ര വേരുകൾ എന്ന പേരിൽ ഒരജ്ഞാത ഭടൻ , തന്റെ അജ്ഞത മാർക്സിസം – ലെനിനിസ്റ്റ് സിദ്ധാന്തങ്ങളിൽ മാത്രമല്ല ചരിത്രത്തിലും പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായിട്ടല്ല സിപിഐയ്ക്കെതിരെ റിവിഷനിസ്റ്റുകൾ, ഒറ്റുകാർ, വർഗ്ഗവഞ്ചകർ, പോലീസ് ഏജന്റുമാർ, വലതന്മാർ അങ്ങനെ എത്രയോ പദപ്രയോഗങ്ങളാണ് മുമ്പ് സിപിഎം നേതാക്കന്മാർ വാരിച്ചൊരിഞ്ഞിട്ടുളളത് . ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ നേതൃപദവിയിലേക്ക് ഉയരുകയും ആന്ധ്ര , തമിഴ്നാട് , ബീഹാർ പോലുളള നിരവധി സംസ്ഥാനങ്ങളിൽ നിർണ്ണായക ശക്തിയായി വളരുകയും ചെയ്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അതിന്റെ കുലത്തിൽ നിന്നു തന്നെ കുത്തിപ്പിളർത്തിയതിനു ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ച ബലക്ഷയം പത്തു വയസ്സുളള വിദ്യാർത്ഥിക്കു പോലും അറിയാമെന്നിരിക്കെ , തിരുത്തൽവാദത്തിനെതിരെ പോരാടി രൂപീകരിച്ച വിപ്ലവ പാർട്ടിയാണ് സിപിഎം എന്ന് ഊറ്റം കൊള്ളുകയും തങ്ങളുടേത് ശക്തമായ പാർട്ടിയാണെന്ന് അവകാശവാദം ഉന്നയിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ കടന്നാക്രമിക്കുകയുമാണ് ലേഖകൻ.
എൺപതുകളുടെ തുടക്കം മുതൽ സിപിഐ – സിപിഎം ഒരു മുന്നണിയിലാണ് പ്രവർത്തിക്കുന്നതെന്നുള്ള ആനുകൂല്യമൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആവശ്യമില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങൾ മാത്രമാണെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിളർന്നത് ഒരനിവാര്യമായിരുന്നെന്നും സിപിഐ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണെന്നും അത് തനിയെ തകർന്നു കൊള്ളുമെന്നും സിപിഎമ്മിന്റെ ബഹുമാന്യ നേതാവ് ഇഎംഎസ് പ്രവചിച്ചിരുന്നു . സിപിഐ വ്യക്തിത്വമുള്ള നല്ല സംഘടനാശേഷിയുള്ള പ്രസ്ഥാനമായി ആ പഴയ അരിവാളും ധാന്യകതിർ ചിഹ്നവുമായി ദേശീയപാർട്ടിയായി തുടരുന്നത് കാണാൻ ലേഖകന് ആവുന്നില്ലേ . സിപിഐ 1978 ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ രൂപീകരിക്കണമെന്ന തീരുമാനമെടുത്തതു കൊണ്ടല്ലേ സിപിഎമ്മിന് ഭരണത്തിൽ കയറാൻ കഴിഞ്ഞത്. ഒരു ദശാബ്ദകാലം ഭരണത്തിനു പുറത്തുനിന്നു പോയതു വല്ലപ്പോഴും ഓർമ്മിക്കുന്നത് നല്ലതാണ് . സോവിയറ്റ് യൂണിയനിലേയും കിഴക്കൻ യൂറോപ്പിലേയും സോഷ്യലിസം തകർന്നതിൽവരികൾക്കിടയിലൂടെ ആശ്വാസം ക്രൂഷ്ചേവും കണ്ടെത്തുകയും ആ തകർച്ചയുടെ കാരണക്കാരൻ സിപിഐയും അടങ്ങിയ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ആണെന്ന് വാദിക്കുന്ന ചിന്തയിലെ അജ്ഞാത ലേഖകൻ തങ്ങൾ നേതൃത്വം നൽകിയിരുന്ന പശ്ചിമ ബംഗാളിലേയും ത്രിപുരയിലേയും സിപിഎമ്മിന് സംഭവിച്ച തകർച്ചയ്ക്ക് കാരണമന്വേഷിക്കാൻ തയ്യാറാകാത്തതെന്താണ് ?
1980 ൽ സിപിഐ-സിപിഎം അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ വിദേശമൂലധനം ബംഗാളിൽ വമ്പിച്ച പ്രത്യാഘാതങ്ങൾക്ക് വഴി വയ്ക്കുമെന്ന് സഖാവ് സി രാജേശ്വരറാവു മുന്നറിയിപ്പ് സിപിഎമ്മിന് നൽകി . മനഃപൂർവം കോർഡിനേഷൻ കമ്മിറ്റി മരവിപ്പിച്ചപ്പോൾ സിപിഐ ജനറൽ സെക്രട്ടറി സി രാജേശ്വരറാവു സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന് ഇക്കാര്യത്തിൽ കത്ത് നൽകുകയുണ്ടായി. അതു മുഖവിലക്കെടുക്കാതെ പോയതിന്റെ പരിസമാ പ്തിയാണ് നന്ദിഗ്രാം.
സിപിഎമ്മിന്റെ പ്രസിദ്ധീകരണമായ ചിന്തയിൽ കമ്മ്യൂ ണിസ്റ്റ് പാർട്ടിയെ എതിരാളികൾ പോലും വിളിക്കാനറയ്ക്കുന്ന് ഭാഷ ഉപയോഗിക്കുമ്പോൾ അതിന് തീർച്ചയായും ഒരു ന്യാ യമായ കാരണം ഉണ്ടാകേണ്ടതല്ലേ . ഇവിടെ എന്താണ് സം ഭവിച്ചത് ? യഥാർത്ഥത്തിൽ പാർട്ടി സ്റ്റേറ്റ് എക്സിക്യൂട്ടീവ് തയ്യാറാക്കിയ കുറിപ്പിൽ തിരുത്തൽവാദമെന്നോ തിരുത്തൽ ശക്തികളെന്നോ ഉള്ള പദപ്രയോഗം എവിടെയും ഇല്ല . മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചിന്ത ഈ ലേഖനം പ്രസിദ്ധീകരിച്ചത് യാദൃശ്ചികമാണോ ? എന്തായാലും മറുപടിയും വിശദീകരണവും നൽകേണ്ട ബാധ്യത ഞങ്ങൾക്കുണ്ട് .
സിപിഐയുടെ പരിപാടി മാർക്സിസം , ലെനിനിസ ത്തിന്റെ നിലപാടുകളിൽ നിന്നുളള വ്യതിയാനമാണെന്നും വർഗ്ഗസഹകരണമാണ് അതിന്റെ ഉളളടക്കമെന്നും അജ്ഞാ തലേഖകൻ തന്റെ മുൻഗാമികൾ ആവർത്തിച്ചു കൊണ്ടിരുന്ന തു തന്നെ ഛർദ്ദിച്ചു വച്ചിരിക്കുകയാണ് . കാലമെത്ര കഴിഞ്ഞു . കാഞ്ഞിരക്കുരു കല്പാന്തകാലത്തോളം പാലിലിട്ടു വച്ചിരുന്നാലും അതിന്റെ കയ്പ് മാറില്ലെന്നറിയാം . സഃ എൻ ഇ ബലറാമി ന്റെ വാക്കുകൾ ഇവിടെ ഉദ്ധരിക്കാം . ” ചരിത്രപരവും പ്രത്യയ ശാസ്ത്രപരവുമായ വിവാദങ്ങൾക്ക് ഞങ്ങൾ ക്ഷമയോടെ മറുപടി പറയും . ഒരിക്കലും ഞങ്ങളുടെ സഹോദരന്മാർ ഉന്നയിക്കുന്ന വാദഗതികളെ വളച്ചൊടിക്കാനോ അവർ ഉദ്ദേശിക്കാത്ത കാര്യം ഉദ്ദേശിച്ചുവെന്ന് ആരോപിക്കുവാനോ ഞങ്ങൾ ശ്രമി ക്കുകയില്ല . ( എൻ.ഇ.ബാലറാം – സമ്പൂർണ്ണ കൃതികൾ 2 -ാം ) അതെ , ഇതാണ് സിപിഐയുടെ പ്രത്യയശാസ്ത്ര – രാഷ്ട്രീയ ചർച്ചയുടെ രീതിശാസ്ത്രം . ഈ മര്യാദ പുലർത്താൻ നിങ്ങൾക്കാവുമോ ? കാലസംഭവങ്ങളെ പുനരവലോകനം ചെയ്യുന്നതിൽ തെറ്റു കാണുന്നില്ല . എന്നാൽ ഇവിടെ ലേഖകൻ കമ്മ്യൂണിസ്റ്റ് പാർട്ടി വർഗ്ഗസഹകരണത്തിന്റേതായ ഒരു പരിപാടിയാണന്ന് അംഗീകരിച്ചിരിക്കുന്നു എന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ് .
സിപിഐയുടെ പരിപാടിയിൽ റിവിഷനിസത്തിന്റെ ബീജം കിടക്കുന്നത് നാഷണൽ ഡെമോക്രസി എന്ന ആശയത്തിലെന്നാണെന്നാണ് . ഇ.എം.എസും കൂട്ടരും എഴുതി തള്ളിയതിനു കണക്കില്ല . 1964 ൽ പാർട്ടി പിളർന്ന് സിപിഎം രൂപീകരിക്കുമ്പോൾ അവർക്ക് ഏകീകൃതമായ യാതൊരു പ്രത്യയശാസ്ത്ര ധാരണയും ഉണ്ടായിരുന്നില്ല എന്നത് ചരിത്ര വസ്തുതയാണ് . പിളർന്നതിന് ശേഷം 1964 ൽ കൽക്കത്തയിൽ ചേർന്ന അവരുടെ ഏഴാം കോൺഗ്രസ് പാസ്സാക്കിയ പ്രമേയത്തിൽ പറയുന്നത് പ്രത്യയശാസ്ത്രപ്രശ്നങ്ങളിൽ ചർച്ച സംഘടിപ്പിക്കാൻ ഈ സമ്മേളനം കേന്ദ്ര കമ്മിറ്റിയോട് നിർദ്ദേശിക്കുന്നു . വികാരത്തിന് വശപ്പെടാതെ ചർച്ച വസ്തുനിഷ്ടമായിരിക്കണം . ” ( സിപിഎം ഏഴാം കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം ) പാർട്ടി പിളർന്ന് പോയ സിപിഎം നേതാക്കൾക്ക് പ്രത്യയശാസ്ത്ര പരമായ ഏകീകൃത ധാരണ ഉണ്ടായിരുന്നില്ലെന്നതിന് വേറെ തെളിവ് എന്തു വേണം . ഇവിടെ ചിന്ത ലേഖകൻ ദേശീയ ജനാധിപത്യ വിപ്ലവവും ജനകീയ വിപ്ലവത്തിന്റേയും ഉള്ളടക്കം പ്രതിപാദിക്കുന്നുണ്ടല്ലോ ഇഎംഎസ്സിനെതന്നെ ഉദ്ധരിക്കാം പിളർപ്പിന്റെ കാലത്ത് സാക്ഷാൽ നമ്പൂതിരിപ്പാട് ജനകീയ ജനാധിപത്യ വിപ്ലവം ഇന്ത്യക്ക് ചേർന്നതല്ലെന്നും ദേശീയ ജനാധിപത്യ വിപ്ലവം എന്ന അന്തരാളഘട്ട ആശയമാണ് ശരിയെന്നു വാദിക്കുകയായിരുന്നു .
1964 ൽ നമ്പൂതിരിപ്പാട് ഒരു പരിപാടിക്കു വേ ണ്ടിയുളള കുറിപ്പ് എന്ന ലഘുലേഖയിൽ ” അതുകൊണ്ടു ദേശീയ ജനാധിപത്യം കെട്ടിപ്പടുക്കാൻ സാധ്യതയുളള ( ഈ മുന്നണി യിൽ ബൂർഷ്വാസിയുടെ നല്ലൊരു ഭാഗമുണ്ടാകും ) ഈ മുന്നണി ദേശീയ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ ക്രിയാത്മകമായി എടുത്ത നടപടികളെ മുന്നോട്ട് കൊണ്ട് പോകാനുളളതാണ് . അതുപോലെ തന്നെ തൊഴിലാളി വർഗ്ഗത്തിന്റേയും കർഷക വർഗ്ഗത്തിന്റേയും സഖ്യം വളർത്തിയെടുക്കാനും മുതലാളിത്ത രീതിയിലുളള സാമ്പത്തിക വികാസത്തിലടങ്ങിയ വൈരുദ്ധ്യങ്ങൾ പരിഹരിക്കാനും കഴിയും പരിതസ്ഥിതികളുടെ വൈരുദ്ധ്യാധിഷ്ടിതമായ സ്വഭാവം ബൂർഷ്വാ ജനാധിപത്യവും ദേശീയ ജനാധിപത്യവും തമ്മിലുളള അന്തരം വ്യക്തമാക്കുന്നുണ്ട് . കാരണം തൊഴിലാളി -കർഷക സഖ്യം ( ദേശീയ ജനാധിപത്യത്തിന്റെ നട്ടെല്ല് ബൂർഷ്വാ സർവ്വാധിപത്യത്തെ ഒഴിവാക്കുന്നു . ആ സർവ്വാധി പത്യം പാർലമെന്ററി ജനാധിപത്യത്തിന്റെ മറവിലൂടെയാണ് പ്രവർത്തിക്കുന്നത് . നാഷണൽ ഡെമോക്രസി അതേ സന്ദർ ഭത്തിൽ തന്നെ തൊഴിലാളി വർഗ്ഗ ഡെമോക്രസി അല്ല കാരണം നാഷണൽ ഡെമോക്രസിയിൽ ബൂർഷ്വാ വർഗ്ഗം പ്രമുഖ സ്ഥാനങ്ങളിലുണ്ടാവും . ബൂർഷ്വാസികളും തൊഴിലാളി വർഗ്ഗവും ഒരുമിച്ച് അധികാരം പങ്കിടുന്ന ഒരു ഭരണകൂടമാണ് നാഷണൽ ഡെമോക്രസി . സ്വാഭാവികമായും ഈ വർഗ്ഗങ്ങളം സ്വന്തം വർഗ്ഗവീക്ഷണത്തോടെ കാര്യങ്ങൾ നീക്കാനാണ് മുന്നണിയിൽ പങ്കെടുക്കുന്നത് . ബൂർഷ്വാസി ബൂർഷ്വാ ഡെമോക്രസിയായി ഭരണത്തെ മാറ്റാൻ ശ്രമിക്കും . അതേ സമയം തൊഴിലാളി വർഗ്ഗം തൊഴിലാളിവർഗ്ഗ ഡെമോക്രസിക്കായി ഭരണത്തെ മാറ്റാൻ ശ്രമിക്കും . ആ സമരം തുടരും . രണ്ട് കൂട്ടരും മുതലാളിത്ത പൂർവ്വ ബന്ധങ്ങളും വിദേശ സാമ്രാജ്യ ബന്ധങ്ങളും ഇല്ലാതാക്കാൻ തല്പരരാണ് . ഇന്ത്യയെ ഈ പിന്തിരിപ്പൻ ശക്തികൾക്ക് കീഴ്പ്പെടുത്താൻ അവർക്ക് താല്പര്യമില്ല . തൊഴിലാളി വർഗ്ഗ ബൂർഷ്വാസി വിഭാഗവുമായി സന്ധി ചെയ്യുന്നതിന്റെ ആവശ്യം ഇവിടെ കാണാം ( നമ്പൂതിരിപ്പാടിന്റെ കുറിപ്പ് പേജ് 50 ) ഇഎംഎസ്സിന്റെ പിളർപ്പിന്റെ ഘട്ടത്തിലെ നിലപാട് ഇപ്രകാരമായിരുന്നു .
ഒന്നാമതായി പ്രത്യയശാസ്ത്ര പ്രശ്നങ്ങളിൽ നമ്പൂതിരിപ്പാടും അദ്ദേഹത്തിന്റെ കൂടെ നില്ക്കുന്ന ഒരു വിഭാഗക്കാരും നമ്പൂതിരിപ്പാട് ഇടയ്ക്കിടെ വിളിച്ചിരുന്ന വലതു പക്ഷക്കാർ എന്ന പ്രയോഗത്തിൽ അറിയപ്പെടുന്ന സി പിഐക്കാരുടെ കൂടെ ആയിരുന്നെന്നർത്ഥം.യഥാർത്ഥത്തിൽ ദേശീയ ജനാധിപത്യ വിപ്ലവത്തിന് നമ്പൂതിരിപ്പാട് കൊടുത്ത നിർവചനം ഏറെക്കുറെ വ്യത്യാസങ്ങളില്ലാതെയാണ് സിപിഐയുടെ പഴയ പാർട്ടി പരിപാടിയിൽ പ്രതിപാദിച്ചിരിക്കുന്നത്.ദേശീയ ജനാധിപത്യ മുന്നണിയും ജനകീയ ജനാധിപത്യമു ന്നണിയും അപഗ്രഥനത്തിൽ വലിയ വ്യത്യാസം വച്ചുപുലർത്തു ന്നില്ല . സി പി എം 1968 ൽ തയ്യാറാക്കിയ രേഖ ഇപ്രകാരമാ ണ് . ” നമ്മുടെ കരടു പരിപാടിക്ക് പൊതുവിൽ അംഗീകാരം നൽകിയത് 1964 ജൂലൈയി ലെ തെന്നാലി കൺവെൻഷനു ശേഷം 1967 ആഗസ്റ്റ് വരെ തികച്ചും മൂന്ന് വർഷത്തേക്ക് ഈ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിൽ നമ്മുടെ കേന്ദ്ര കമ്മിറ്റിയുടെ ഔദ്യാഗികനയം സസ്പെൻഡ് ചെയ്ത് നിർത്തിയിരുന്നു ” . ഈ അന്തരാള കാലഘട്ടത്തെ സഃ എൻ ഇ ബാലറാം ഇങ്ങനെ വിലയിരുത്തിയിട്ടുണ്ട് . ഒന്ന് , പിളർപ്പ് കാലത്ത് മാർക്സിസ്റ്റുക ളെന്ന പേരിൽ പാർട്ടി പിളർത്തുന്നവർക്ക് ഏകീകൃതമായ പ്രത്യയശാസ്ത്ര ധാരണ ഉണ്ടായിരുന്നില്ല.പലരും പലതരത്തിൽ ആനയെ കണ്ടവരാണ് . അവരാണ് സങ്കുചിത താല്പര്യവും സാർവ്വ ദേശീയ സ്ഥിതിയുടെ സമ്മർദ്ദം മൂലം പാർട്ടി പിളർന്നത് . രണ്ട് പാർട്ടി ജനറൽ സെക്രട്ടറിയായ ഇഎംഎസ് ഇക്കാലത്തെല്ലാം പിന്നീടദ്ദേഹം റിവിഷനിസമാണെന്ന് മനസ്സിലാക്കി ദേശീയ ജനാധിപത്യം എന്ന മുന്നണിയെന്ന ആശയത്തെ ന്യായീകരിക്കുകയായിരുന്നു , മൂന്നാമതായി ചൈനീസ് പരിപാടിയുടെ ആശയത്തിൽ എല്ലാം മാർക്സിസ്റ്റ് -ലെനിനിസം ആണെന്ന് അന്ധമായി അംഗീകരിച്ചാണ് ആദ്യത്തെ മൂന്ന് കൊല്ലം സിപിഎം പ്രവർത്തിച്ചത് . സാരംശങ്ങളിൽ ഇതാണ് സിപിഐ സഖാക്കൾ ചൂണ്ടിക്കാട്ടിയത് . അതവർക്ക് ദഹിച്ചിട്ടില്ല . തന്മൂലം സിപിഐക്കാരെ പലതരത്തിൽ നമ്പൂതിരിപ്പാട് സംബോധന ചെയ്തു . എൻ.ഇ. ബാലറാം സമ്പൂർണ്ണ കൃതികൾ വാല്യം 2 ) പാർട്ടി പിളർന്നതുകൊണ്ട് ഇന്ത്യയിലെ വൻവിപ്ലവ ശക്തിയായി സിപിഎം മാറിയെന്നും ആദ്യബലപരീക്ഷണം കേരള നിയമ നിയമസഭയിലെക്കുള്ള തെരെഞ്ഞെടുപ്പായിരുന്നുവെന്നും കേരളത്തിലെ എറ്റവും വലിയ പാർട്ടിയായി സിപിഎം മാറി എന്നുള്ള ലേഖകന്റെ അവകാശവാദം കഴമ്പില്ലാത്തതാണ് . യഥാർത്ഥത്തിൽ പിളർപ്പ് ഒരു ദുരന്തമായിരുന്നു .
കേരളത്തിൽ ഒരു ഇടതുപക്ഷ സർക്കാർ രൂപീകരിക്കാൻ സാധ്യത ഉണ്ടായിരുന്നു . അത് ജനങ്ങൾ ആഗ്രഹിച്ചിരുന്നു . 1965 മാർ ച്ചിലെ തെരെഞ്ഞെടുപ്പിൽ മുസ്ലീം ലീഗും കേരള കോൺഗ്രസു മായി തെരെഞ്ഞെടുപ്പ് സഖ്യം ധാരണയെന്നപേരിൽ ഐക്യം ഉണ്ടാക്കികൊണ്ടാണ് തിരഞ്ഞെടുപ്പിൽ സിപിഎം മത്സരി ക്കുകയും കൂടുതൽ സീറ്റുകൾ നേടുകയും ചെയ്തതെന്ന് ഏതു ചരിത്ര വിദ്യാർത്ഥിക്കാണറിഞ്ഞുകൂടാത്തത് . അന്ന് ഇഎം എസിന്റെയും കൂട്ടരുടെയും മുഖ്യശത്രു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു . എന്നാൽ അവർ അവകാശപ്പെടുന്നതുപോലെ ഭിന്നിപ്പിന്റെ ആഴം മനസിലാക്കാൻ അക്കാലയളവിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം മാത്രം വിശകലനം ചെയ്താൽ മതി . യഥാർത്ഥത്തിൽ പിളർപ്പിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ ചുരുങ്ങുകയല്ലേ ചെയ്തത് . 1960 – ൽ വിമോചന സമരത്തെ തുടർന്നുണ്ടായ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയ വോട്ടിന്റെ ശതമാനം 43.8 ആണ് . 1965 ൽ ഭിന്നിച്ചതിനുശേഷം രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കൂടി കിട്ടിയ വോട്ട് 27.98 ( 28 % ) 1970,1977,1980,82 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞെടിപ്പിൽ ( ഇതിൽ 1970 ലും 77 ലും രണ്ട് പാർട്ടികളും പരസ്പരം മത്സരിച്ചത് ) രണ്ട് പാർട്ടികൾക്കും കൂടി യഥാ ക്രമം നേടിയ വോട്ടിന്റെ ശതമാനം 32.79 , 32.14 % 27.15 , 27.54 എന്നതാണ് . 1960 ലെ 44 ശത മാനത്തിൽ നിന്നും 27 ശതമാനത്തിലേക്ക് മാറിയ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വോട്ട് ശക്തിയെന്നോർക്കുക .
1967 – ലെ ഇ.എം.എസ് നേതൃത്വത്തിലുള്ള മുന്നണി ഭരണം തകർത്ത വർഗ്ഗവഞ്ചകരാണ് സി.പി.ഐ എന്നാണ് ചിന്ത യിലെ നെറികെട്ടമറ്റൊരാരോപണം . അക്കാലത്തെ കേരള ത്തിലെ രാഷ്ട്രീയ ചരിത്രം ഒന്നു മനസില്ലാക്കുന്നത് നന്നായി രിക്കും ചിന്തയിലെ അജ്ഞാത ലേഖകൻ . കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന നടത്തിയതും അതിനു നേതൃത്വം കൊടുത്തതും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ.എം.എസ് ആണ് . സ.എം.എൻ – നും , ടി.വിയ്ക്കും എതിരായ അഴിമതി ആരോപണത്തിന് പിന്നിൽ സി.പി.എം ആയിരുന്നു . ദീർഘകാലം കൂടെ പ്രവർത്തിച്ച സ്വന്തം സഖാ ക്കളായ എം.എന്നെയും ടിവിയെയും പ്രതികൂട്ടിൽ നിർത്താൻ ഇ.എം.എസിനെ നയിച്ച ചേതോവികാരം സിപിഐയെ ഇല്ലാതാക്കുകയെന്നതായിരുന്നു . മുന്നണി ഭരണം തുടങ്ങുന്നതിനു വളരെ മുമ്പുതന്നെ 1965 സെപ്തംബർ 15 – ന് എറണാകുഒത്തു ചേർന്ന കോർഡിനേഷൻ കമ്മിറ്റി അംഗീകരിച്ച ഐക്യ മുന്നണിയുടെ പരിപാടികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് . 1964 ൽ കോൺഗ്രസ് കൊ ണ്ടുവന്ന ഭൂനിയമ ഭേദഗതി പരിഷ്ക്കരിച്ചുകൊണ്ടു കർഷകർ കാർഷികമേഖലയ്ക്കും അനുകൂലമായ വിധത്തിലുള്ള ഭൂനിയമം കൊണ്ടുവരണമെന്നതായിരുന്നു ആദ്യയിനം .
എന്നാൽ ഒന്നരകൊല്ലമെടുത്തു ഭൂനിയമം കൊണ്ടുവരുന്നതിന് ആ നിയമം നടപ്പാക്കാൻ ഇഎംഎസ് സർക്കാരിന് കഴിഞ്ഞില്ല . ഇത്രയുമധികം കാലവിളംബരം എങ്ങനെയുണ്ടായി എന്നതിന് മറുപടി പറയാൻ ഇ.എം.എസിന് അന്ന് കഴിഞ്ഞിട്ടില്ല അതുപോലെ കർഷകതൊഴിലാളികൾക്ക് ന്യായമായ കൂലി , ജോലിസമയം ക്ലിപ്തപ്പെടുത്തുക തുടങ്ങിയവ ഉൾപ്പെട്ട കർഷ കതൊഴിലാളി നിയമം നടപ്പിലാക്കുക . എം.എന്റെ ലക്ഷം വീട് പദ്ധതി അംഗീകരിക്കുക , അതിനാവശ്യമായ ഫണ്ട് അനുവദിക്കുക , സമഗ്രമായ തൊഴിൽ നിയമം കൊണ്ടുവരിക . അഴിമതി നിവാരണത്തിനു പബ്ലിക്മെൻ എൻക്വയറിസ് ആക്ട് കൊണ്ടുവരിക , ഭക്ഷ്യസംഭരണവും വിതരണവും ഫുഡ് കോർപ്പറേഷനെ ഏൽപ്പിക്കുക , ഭൂവിതരണം റവന്യൂമന്ത്രി നേരിട്ടു നടത്താതെ ജനകീയ കമ്മിറ്റി മുഖാന്തിരം നടപ്പിലാ ക്കുക , ട്രാൻസ്പോർട്ട് നിയമനം പി.എസ്.സി മുഖാന്തിരം നടപ്പിലാക്കുക ഇതൊക്കെയായിരുന്നു നയപ്രഖ്യാപന പ്ര സംഗത്തിലെ പരിപാടികൾ . എന്നാൽ ഈ പരിപാടികൾ നടപ്പിലാക്കാൻ സി.പി.എം തയ്യാറായില്ല .
പണമില്ലെന്ന് കാരണം പറഞ്ഞ് എം.എൻ ആവിഷ്ക്കരിച്ച ഭവനനിർമ്മാണ പദ്ധതിക്ക് ഫണ്ട് അനുവദിക്കാൻ തയ്യാറാകാത്ത സർക്കാർ കള്ള് ഷാപ്പ് കോൺട്രാക്ടർമാർക്ക് രണ്ടരകോടി നികുതി ഇളവ് അനുവദിക്കുകയായിരുന്നു . ഈ പരിപാടികളൊന്നും തന്നെ അംഗീകരിച്ചു നടപ്പിലാക്കാൻ മാർക്സിസ്റ്റു പാർട്ടിയോ അവരുടെ ആജ്ഞാനുവർത്തികളായ ഘടകകക്ഷി മന്ത്രിമാരോ തയ്യാറായില്ല . ഭൂപ്രഭുക്കന്മാരിൽ നിന്നും മിച്ചം വരുന്ന നെല്ല് സംഭരിക്കാൻ തീരുമാനിച്ചിട്ടും അത് നടപ്പായില്ല . പാലക്കാട് ധനിക കൃഷിക്കാരുടെയും മുരിക്കനെപോലുള്ള ഭൂപ്രഭുക്കന്മാരുടെയും സമ്മർദ്ദത്തിനു വഴങ്ങിയതാണിതിനു കാരണമെന്ന് അന്നു തന്നെ ആരോപണം ഉയർന്നതാണ് . അതൊക്കെ കോർഡിനേഷൻ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ച് തീരുമാനമെടുത്തിട്ടും സി.പി.എം – ഉം അവരുണ്ടാക്കിയ മുന്നണിക്ക കത്തെ കൂറുമുന്നണിയും അവർക്ക് തോന്നിയപോലെ മുന്നോ പോയി .
ആ മുന്നണിയുടെ തകർച്ചയ്ക്കു കാരണഭൂതമായ കാ ര്യങ്ങൾ സ . എൻ.ഇ. ബാലറാം രേഖപ്പെടുത്തിയിട്ടുള്ളത് നോക്കുക ” സമഭാവന യോടെ ഐക്യകക്ഷികളോട് പെരുമാറുകയെന്ന ഐക്യമുന്നണിയുടെ അടിസ്ഥാന സമീപനത്തെ ഒരിക്കലും അവർ അംഗീകരിച്ചിട്ടില്ല . മാർക്സിസ്റ്റുകാർ ഐക്യ മുന്നണിയുടെ യജമാനന്മാരും ഘടകക്ഷികൾ എല്ലാം അവരുടെ ഭൃത്യന്മാരുമാണ് . കണ്ണുരുട്ടിയും ഭീഷണിപ്പെടുത്തിയും അവർ മറ്റു ഘടകകക്ഷികളെ കീഴ്പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു . ഐക്യമുന്നണിക്കകത്തു് പാർട്ടി മേധാവിത്വം അടിച്ചേൽപ്പിക്കുന്നതിനാണവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് . ( എൻ.ഇ.ബാ ലറാം സമ്പൂർണ്ണ കൃതികൾ – വാല്യം 2 – പേജ് 205 ) ഇങ്ങനെയുള്ളസാഹചര്യത്തിലാണ് ആറു മന്ത്രിമാർ ഒരുമിച്ച് രാജിവച്ചത് . ( എം.എൻ , ടി.കെ , സി.എച്ച.എം. കോയ , നഹ , പി.ആർ കുറുപ്പ്)
നിയമസഭയിൽ അവിശ്വാസപ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ ഇനി കുരുക്ഷേത്രത്തിൽ വച്ച് കാണാം ( സ . ടി.വി. തോമസ് 1969 ഒക്ടോബർ 21 – ന് ചെയ്ത പ്രസംഗം ) ഇവിടെ ഉദ്ധരിക്കുന്നത്ആ മന്ത്രിസഭയിൽ സിപിഎം സിപിഐയോ ട് എടുത്ത നിലപാട് വായനക്കാർക്ക് മനസ്സിലാക്കാൻ പ്ര യോജനപ്പെടും . ‘ സർ , സി.പി.രാമസ്വാമി അയ്യർ എന്നൊരാൾ ഇവിടെ ഭരിച്ചിരുന്നു . അദ്ദേഹം പട്ടാളനിയമം ഏർപ്പെടുത്തി ഒരു ഭരണം നടത്തി . പുന്നപ്ര വയലാർ എന്നൊരു കേസുമു ണ്ടായി അതിൽ ഒന്നും രണ്ടും മൂന്നും പ്രതികൾ എം.എൻ , ടി.വി. ടി.കെ എന്നിവരാണ് . കഴിഞ്ഞ 20-25 വർഷക്കാലമാ യി ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനു വേണ്ടി പ്രവർ ത്തിച്ച ഞങ്ങൾ , ഞങ്ങളെ തേജോവധം ചെയ്യാൻ മുഖ്യമന്ത്രി ക്കു പ്രകോപനമുണ്ടായിരിക്കാം . പക്ഷേ ഞങ്ങളെയും വിരുദ്ധ മുന്നണിക്കാരനെയും ഒരു കോടതി മുമ്പാകെ നിരത്തി നിർത്താൻ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിഞ്ഞുവെന്നാണ് എനിക്കു ചോദിക്കാനുള്ളത് . ഞങ്ങൾ തെറ്റുകാരായിരിക്കാം , ഞങ്ങൾ റിവിഷനിസ്റ്റുകളായിരിക്കാം , ഞങ്ങൾ അഴിമതിക്കാരായിരി ക്കാം എങ്കിലും ഞങ്ങളും വിരുദ്ധമുന്നണിക്കാരനും ഒരുമിച്ചു മുള്ളയുടെ മുമ്പിൽ നിൽക്കത്തക്കവണ്ണം ശങ്കരൻ നമ്പൂതിരി പാടിന്റെ കൈചലിച്ചുകൊണ്ടുള്ള ഈ ഉത്തരവ് ഞങ്ങൾ പ്രതീക്ഷിച്ചില്ല . ഗാന്ധിജി ഇതുപോലെ പറഞ്ഞു ‘ ഇതുപോലെ ഒരുത്തരവിടാൻ ചെകുത്താനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് ടി.വിയുടെ പ്രസംഗം ) യഥാർത്ഥത്തിൽ ആര് ആരെയാണ് വഞ്ചിച്ചതെന്ന് സ . ടി.വിയുടെ പ്രസംഗത്തിൽ നിന്നു വായന ക്കാർക്ക് വ്യക്തമാവുമല്ലോ . മാർക്സിസ്റ്റു പാർട്ടിയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടു് സ . സി.അച്യുതമേ നോൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു . പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല മുന്നണി രൂപംകൊള്ളുന്നത്. പരിപാടികളുടെയും ദേശീയ – സാർവ്വദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് .
അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി ഗവൺമെന്റ് മുൻഗവൺമെന്റ് നടപ്പിലാക്കാൻ വിമുഖത കാണിച്ച ഓരോ പരിപാടികളും മൂന്നു മാസത്തിനകം നടപ്പിലാക്കി . കേരള മോഡൽ എന്ന പേരിൽ പിന്നീടറിയപ്പെടുന്ന സാമൂഹിക – സാമ്പ ത്തിക മാതൃകയുടെ പരിപ്രേഷ്യം തയ്യാറാക്കിയത് സ . അച്യു തമേനോനാണ് .1956 – ൽ അദ്ദേഹം തയ്യാറാക്കിയ ഐശ്വര്യ പൂർണ്ണമായ കേരളം കെട്ടിപ്പടുക്കാൻ എന്ന വികസനരേ ഖയാണ് കേരളത്തെ മുന്നോട്ട് നയിക്കാൻ പര്യാപ്തമായ ആശയങ്ങൾ ആവിഷ്ക്കരിച്ചത് . 1957 – ലും 1967 ലും ഗവൺ മെന്റിന് നടപ്പിലാക്കാൻ കഴിയാതെ പോയ ക്ഷേമ – വികസന പരിപാടികൾ നടപ്പിലാക്കി . 1970 നു ജനുവരി ഒന്നിന് പ്രാ ബല്യത്തിൽ വന്ന ചരിത്രപ്രസിദ്ധമായ ഭൂപരിഷ്ക്കരണ നിയമമാണ് കേരളത്തിൽ ജന്മിത്വം അവസാനിപ്പിച്ചത് . ഫ്യൂഡലിസം അവസാനിപ്പിക്കുക കർഷകർക്ക് ഭൂമിയിലുള്ള അവകാശം സമ്പൂർണ്ണമായി നല്കിയതും അച്യുതമേനോൻ സർക്കാരാണ് . മുഖ്യമന്ത്രിയെന്ന നിലയിൽ അന്യാദൃശ്യമായ ഭരണവൈദഗ്ദ്ധ്യം പ്രകടിപ്പിച്ച അച്യുതമേനോൻ തന്നെയാണ് ജനമനസ്സിൽ കേരളം കണ്ട സമാദരണീയനായ മുഖ്യമന്ത്രി . അതുകൊണ്ടു തന്നെയാണ് സി.അച്യുതമേനോനെയും 1970 77 ലെ ഭരണത്തെയും ചരിത്രത്തിൽ നിന്നു മായ്ക്കാൻ ബോധ പൂർവ്വമായ ശ്രമം സിപിഎം ഇപ്പോഴും നടത്തുന്നത് . കേരളത്തിൽ ഒരു കൂട്ടുകക്ഷി മന്ത്രിസഭ ആദ്യമായി കാലാവധി തികച്ചതും കേരളത്തിൽ ആദ്യമായി തുടർഭരണം ഉണ്ടായതും കാർഷിക ഭൂപരിഷ്ക്കരണം നടപ്പിലാക്കിയതും കേരളത്തിന്റെ വ്യാവസായികവൽക്കരണത്തിനും സമഗ്രവികസനത്തിനുമായി നിരവധി സ്ഥാപനങ്ങൾ ആരംഭിച്ചതും ശാസ്ത്രം , സാങ്കേ തികവിദ്യ , പൊതുജനാരോഗ്യം , വിദ്യാഭ്യാസം , വനസംരക്ഷ ണം , പരിസ്ഥിതി സംരക്ഷണം തുടങ്ങി അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആരംഭിച്ചതും അച്യുതമേനോന്റെ കാലത്താണ് . സ്ഥലപരിമിതികൾ ആ സ്ഥാപനങ്ങളുടെ പേ രുകളൊന്നും തന്നെ പരാമർശിക്കുന്നില്ല .
നയാപൈസ നഷ്ട പരിഹാരം കൊടുക്കാതെയാണ് സ്വകാര്യവനഭൂമി ദേശസാൽക്കരിച്ചത് . വികസിത മുതലാളിത്ത രാജ്യങ്ങളിലെ പല ഫെഡറൽ സ്റ്റേറ്റുകളേക്കാൾ മുമ്പിൽ കേരളത്തെ കൊണ്ട ത്തിച്ചു . മാനവ വികസനസൂചികയിൽ ഒന്നാമതായി കേരളം . ആയൂർദൈർഘ്യം , ശിശുമരണനിരക്ക് കുറവ് , പോഷകാഹാ രക്കുറവ് , സാക്ഷരത , വിദ്യാഭ്യാസം , ആരോഗ്യം തുടങ്ങിയ മാനവ വികസന സൂചികളിൽ കൈവരിച്ച നേട്ടങ്ങൾ മൂലമാണ് കേരള മോഡൽ എന്ന സങ്കൽപ്പം ഐക്യരാഷ്ട്രസഭ അംഗീ കരിച്ചത് . ഈ ഭരണനേട്ടങ്ങളെ ഒന്നും കാണാതെ രാജൻ സംഭവത്തിന്റെ പേരിൽ ചിരകാലമായി സി.പി.എമ്മിന്റെ ചിന്ത ഇപ്പോഴും കുറ്റവിചാരണ നടത്തുന്നതിന്റെ ഉദ്ദേശം ലേഖകനും വായനക്കാർക്കും നന്നായി അറിയാം .
ദേശീയാടിസ്ഥാനത്തിൽ അടിയന്തിരാവസ്ഥയുടെ പേരിൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ ശക്തമായി പോരാട്ടങ്ങ ളും പ്രക്ഷോഭങ്ങളും നയിച്ചത് സി.പി.ഐ ആണെന്ന് തെളിവ് നിരത്തി പറയാൻ കഴിയും . പാർലമെന്റിനുള്ളിൽ ഭൂപേഷ് ഗുപ്തയും ഇന്ദ്രജിത് ഗുപ്തയും , സഞ്ജയ് ഗാന്ധിയുടെ അതിക്രമ ങ്ങളെ വിമർശിച്ചുകൊണ്ടും അടിയന്തരാവസ്ഥ പിൻവലിക്ക ണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും നടത്തിയ പ്രസംഗങ്ങൾ സഭാരേഖകളിലുണ്ട് . സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടികൾക്കെതിരെ എഐവൈഎഫ് നടത്തിയ പ്രക്ഷോഭങ്ങൾ , അതിനെതുടർന്നുണ്ടായ അറസ്റ്റുകൾ , ജയിൽവാസം.ഇതൊക്കെ ചരിത്രമാണ് . സി.പി.ഐക്കെതിരെ മറ്റൊരു വിമർശനവും നടത്താൻ കഴിയാതെ വരുമ്പോൾ സി.പി.എമ്മുകാർ പ്രയോ ഗിക്കുന്നതാണ് നിങ്ങൾ സി.പി.ഐക്കാർ അടിയന്തിരാവസ്ഥയെ പിന്തുണച്ചവരും കോൺഗ്രസ്സിന്റെ വാലായി നടക്കുന്നവരല്ലേയെന്ന് കാലത്തിന്റെ തിരിച്ചടി നോക്കണേ .
ഒന്നാം യു.പി.എ , രണ്ടാം യു.പി.എ സർക്കാർ ഇതിലെല്ലാം കോൺ ഗ്രസ്സിനെ പിന്തുണച്ചതും സോമനാഥ് ചാറ്റർജിയെ സ്പീക്കറാ ക്കിയതും ചിന്ത ലേഖകൻ ഓർമ്മിക്കുന്നുണ്ടോ . കേരളത്തിൽ മാവോയിസത്തിന്റെ പേരിൽ ഒൻപതുപേരെയാണ് വ്യാജ പേരിൽ ഏറ്റുമുട്ടലിന്റെ പേരിൽ കൊന്നത് . രാജൻ സംഭവത്തിന്റെ അച്യുതമേനോനെ വിമർശിക്കുന്നവർ മാവോയിസ്റ്റു കളെ കൊന്നതിന്റെ പേരിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ അധിഷേപിക്കാൻ തയ്യാറാകുമോ . യു.എ.പി.എ എന്ന കിരാത നിയമത്തിനെതിരെ ധാരാളം അധരവ്യായാമം നടത്തിയ സി.പി.എം ഈ നിയമം ഉപയോഗിച്ച് ഇല്ലാത്ത കുറ്റം ചുമത്തി അലൻ , താഹമാരെ ജയിലിലടച്ചതെന്ന കോടതി തന്നെ ചൂ ണ്ടിക്കാട്ടുകയുണ്ടായി സി.പി.എം എന്തു ചെയ്താലും അവർക്ക് അതിനെല്ലാം ന്യായങ്ങളുണ്ടാകും . അതെന്തുമായിക്കൊള്ളട്ടെ . 1978 – ലെ സിപിഐയുടെ ഭട്ടിണ്ടാ പാർട്ടി കോൺഗ്രസ് അടി യന്തരാവസ്ഥ നടപ്പിലാക്കിയതും അതിനെ പാർട്ടി പിന്തുണ ചതും തെറ്റായി പോയി എന്നും ജനങ്ങളോടു പറയുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന രാഷ്ട്രീയനയം സ്വീകരിക്കുകയുമുണ്ടായി .
കേരളത്തിൽ അടിയന്തരാവസ്ഥയെ തുടർന്ന് 1977 തിര ഞ്ഞെടുപ്പിൽ അച്യുതമേനോൻ സർക്കാരിന് തുടർഭരണം ജനങ്ങൾ ഏൽപ്പിക്കാൻ കാരണമെന്തെന്ന് സി.പി.എം വി ലയിരുത്തിയിട്ടുണ്ടോ ? എന്നാൽ സി.പി.എം അടിയന്തരാ വസ്ഥയെ എതിർക്കാനെന്ന പേരിലും കോൺഗ്രസ് വിരോ ധത്തിന്റെ അടിസ്ഥാനത്തിലും ഉണ്ടാക്കിയ കൂട്ടുകെട്ടുകളെപ്പറ്റി പോളിറ്റ് ബ്യൂറോ അംഗവും ജനറൽ സെക്രട്ടറിയുമായിരുന്ന സ : പി.സുന്ദരയ്യ എന്തുകൊണ്ടു ഞാൻ രാജിവയ്ക്കുന്നു എന്നറി യിച്ചുകൊണ്ട് പി.ബി.മെമ്പർക്കും കേന്ദ്രകമ്മിറ്റി അംഗങ്ങൾക്കും എഴുതിയ കത്ത് The Resignation എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . അദ്ദേഹം പത്തു കാര്യങ്ങൾ ചൂണ്ടികാ ണിച്ചുകൊണ്ടും അവയെ വിശദീകരിച്ചുകൊണ്ടുമാണ് രാജി നൽകിയത് .
സാമ്രാജ്യത്വ അനുകൂല അജണ്ടയുള്ള പാരാമിലിറ്ററി ഫാസിസ്റ്റ് സംഘമായ ജനസംഘത്തോടൊപ്പം സിപിഎം കൂട്ടു കൂടിയതും ആർ.എസ്.എസിനോടും അവരുടെ ട്രേഡ് യൂണി യനായ ഭാരതീയ മസ്ദൂർസംഘത്തോടും സ്വീകരിച്ച നയവും തെറ്റായിപോയെന്ന് ആ കത്തിൽ ആരോപിക്കുന്നു .
ഇത്തരം ഫാസിസ്റ്റ് സംഘടനകളുമായുള്ള സഖ്യം സോഷ്യലിസ്റ്റ് സാമ്രാജ്യത്വവിരുദ്ധ ചേരികളിൽ സി.പി.എം ഒറ്റ പ്പെടാൻ കാരണമായി എന്നും സുന്ദരയ്യ ഓർമ്മപ്പെടുത്തുന്നുണ്ട് . ജനസംഘം , സ്വതന്ത്രപാർട്ടി , ഒബി എൽഡി , കേരള കോ ൺഗ്രസ്സ് തുടങ്ങിയവരുമായി കൂട്ടുകൂടുന്നതിനെയും ശക്തിയുക്തം വിമർശിക്കുന്നു . അടിയന്തിരാവസ്ഥയ്ക്കെതിരായതു കൊണ്ട് മാത്രം ഒരു ഫാസിസ്റ്റ് കക്ഷിയായ ജനസംഘത്തോട് പര സ്യമായി കൂട്ടുകൂടുമ്പോൾ മുതലാളിത്ത അജണ്ടയിൽ പ്രവർത്തി ക്കുന്ന ഈ പാർട്ടികൾ അവസരം മുതലെടുക്കുമെന്നും ഭാവിയിൽ ഇവ ഫാസിസ്റ്റ് ശക്തികളായി ശക്തിപ്പെടുമെന്നും ഇവർക്ക് ജനാധിപത്യത്തിന്റെ ഒരു രാഷ്ട്രീയ മേൽവിലാസം ഉണ്ടാക്കിക്കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി . സുന്ദരയ്യയുടെ കത്ത് ചർച്ചചെയ്യാൻ പോലും അന്ന് പിബിയോ കേന്ദ്രകമ്മിറ്റിയോ തയ്യാറായില്ല . ഫാസിസ്റ്റ് കളെ കൂട്ടുപിടിച്ച് സ്വേച്ഛാധിപത്യശക്തിയെ എങ്ങനെ നേരിടാൻ കഴിയുമെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സിപിഎമ്മിനായിട്ടില്ല . ഈ പറയുന്ന ജനസംഘം , സ്വതന്ത്രപാർട്ടി , കേരളകോൺഗ്രസ്സമായി കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് അടവുനയം എന്നപേരിൽ പരസ്യമായ സഖ്യം തന്നെ ഉണ്ടാക്കികൊണ്ട് സിപിഎം സംസ്ഥാന ഘടകങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നില്ലേ . തിരഞ്ഞെടുപ്പ് വേദികൾ പങ്കിടുകയായിരുന്നി ല്ലേ . സുന്ദരയ്യയുടെ വിമർശനം ശരിയാണെന്ന് ചരിത്രം തെ ളിയിച്ചു .
സഖ്യങ്ങളെ കുറിച്ചും അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും ന്യായമായ ധാരണ സിപിഎമ്മിനില്ല . അങ്ങനെയുള്ളവരാണ് സിപിഐയെ അവസരം കിട്ടുമ്പോഴെല്ലാം അധികാരത്തിൽ കയറിപറ്റുന്നവരെന്ന വി മർശനം ഉന്നയിക്കുന്നത് . ചിന്ത വാരികയിൽ ലേഖകൻ ഊറ്റം കൊള്ളുന്നത് നോക്കുക . ” ബൂർഷ്വാ പാർട്ടികളുടെ നേതൃത്വ ത്തിലുള്ള ഭരണത്തിൽ ജൂനിയർ പങ്കാളിയാകാൻ സിപിഎം ഒരിക്കലും തയ്യാറായിട്ടില്ല 1996 ലെ യുപിഎ ഗവണ്മെന്റിൽ പങ്കാളിയാകാൻ സിപിഐക്ക് രാഷ്ട്രീയകാര്യങ്ങളുണ്ട് . ഇതേക്കുറിച്ച് ജ്യാതിബാസുവും സോമനാഥ് ചാറ്റർജിയും ഉന്നയിച്ച വിമർശനങ്ങൾ സിപിഎം വിഴുങ്ങുകയാണുണ്ടായത് .
1996 ഇന്ത്യയെ സംബന്ധിച്ചടത്തോളം നിർണ്ണായകമായ ഘട്ടമാ യിരുന്നു . സാമ്പത്തികമായി രാജ്യമാകെ വലത്തോട്ട് നീങ്ങി യത് 90 കളിലാണ് . നവലിബറൽ സാമ്പത്തിക പരിഷ്കാര ങ്ങളുടെ അപകടങ്ങൾ തിരിച്ചറിഞ്ഞ പാർട്ടിയെന്ന നിലയിൽ പ്രത്യേകിച്ചും സോവിയറ്റ് യൂണിയൻ തകർന്ന സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മുമ്പിലുള്ള വഴി പാർലമെന്ററി സംവിധാനങ്ങളും മറ്റും ശക്തമായി ഉപയോഗിച്ച് നവലിബറൽ നയങ്ങളെ എതിർക്കുക എന്നതാണ് . ഇതിനെ തുടർന്ന് പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ മറ്റ് ഇടതു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുമായി , പലയി ടത്തും ദേശീയ ബൂർഷ്വാസിയുമായി പോലും സഖ്യങ്ങൾ സൃഷ്ടിച്ചും ആഗോള മൂലധന ശക്തികളെ എതിർക്കാനും വിനാശകരമായ പരിഷ്കാരങ്ങളെ എതിർക്കാനും പ്രതിരോധിക്കാനും ശ്രമിച്ചു . ഇത്തരം ഒരു സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് യുപിഎ ഗവണ്മെന്റിൽ സിപിഐ നേരിട്ട് പങ്കാളികളാവുന്നത് , അല്ലാതെ അധികാരത്തിന്റെ സുഖം പങ്കിടാനല്ല . സിപിഐയുടെ പ്രതിനിധികളായി ഇന്ദ്ര ജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായും ചതുരാനൻമിശ്ര കാർഷിക മന്ത്രിയുമായി ചുമതലയേറ്റു . ( 1996-98 ) വളരെ ചുരുങ്ങിയ കാ ലയളവിൽ അവർ ചെയ്ത് ഭരണപരിഷ്കാരങ്ങളുടെ രാഷ്ട്രീയ പ്രസക്തി മനസ്സിലാക്കിയാൽ സുഖിക്കാൻ വേണ്ടി ഭരണമേറ്റവർ എന്ന ആരോപണം ഉന്നയിച്ചവർ അല്പമെങ്കിലും മാന്യ തയുള്ളവർ ആണെങ്കിൽ പശ്ചാത്തപിക്കും .
1998 ൽ 134 മില്യൺ കുട്ടികൾക്ക് ഒരൊറ്റ ദിവസം കൊണ്ട് വാക്സിനേഷൻ നൽകിയ റിക്കാർഡ് ചരിത്രം നമുക്കുണ്ട് . ഇതി നാവശ്യമായ സപ്പോർട്ട് സിസ്റ്റം നൽകിയത് ആഭ്യന്തരവകുപ്പും അതിന്റെ മന്ത്രിയുമായ ഇന്ദ്രജിത്തുമാണ് . നവലിബറൽ പരിഷ്കാരങ്ങൾ കോർപ്പറേറ്റുകൾ ആർത്തിയോടെ വിഴുങ്ങി നശിപ്പിക്കാൻ ആഗ്രഹിക്കുന്ന മേഖലയായിരുന്നു കാർഷിക മേഖല . ഇറക്കുമതി തീരുവ പിൻവലിക്കാനുള്ള ശ്രമങ്ങളെ സിപിഐ മന്ത്രിമാർ പല്ലും നഖവും ഉപയോഗിച്ച് യുപിഎ മന്ത്രിസഭയിൽ എതിർത്തു . ലാബിൽ നിന്നു മണ്ണിലേക്കും Lab to Land ) എന്ന മുദ്രാവാക്യം അന്വർത്ഥമാക്കിക്കൊണ്ടുള്ള കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ , കിസാൻ ക്രഡിറ്റ് കാർഡ് , വിളകൾ , ഇൻഷ്വറൻസ് എന്നവയെല്ലാം നടപ്പാക്കിയത് ചതുരാനൻ മിശ്രയായിരുന്നു . പല സർക്കാരുകളും പുന്നപ്ര -വയലാർ , സമരത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ ആ മുന്നേറ്റത്തെ അംഗീകരിക്കാനും സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചതും വിപ്ലവകാരികൾക്ക് പെൻഷൻ അനുവദിച്ചതും ഇന്ദ്രജിത് ഗുപ്തയായിരുന്നു. ഇൻഡ്യൻ പാർലമെന്റിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ദ്രജിത് ഗുപ്ത ഇന്ത്യകണ്ടതിൽ വച്ചേറ്റവും മികച്ച ആഭ്യന്തരമന്ത്രിമാരിൽ ഒരാളായിരുന്നു . എന്നാൽ മന്ത്രിസഭയിൽ ചേർന്നില്ലെങ്കിലും സിപിഎം സോമനാഥ് ചാറ്റർജി സ്പീക്കർ ആയത് ചരിത്രമല്ലേ . ഭരണഘടനയുടെ ഭാഗം തന്നെയാണ് സ്പീക്കർ .
സിപിഐയെ കോൺഗ്രസ്സ് ബന്ധം ആരോപിച്ച് ആക്ഷേപഹാസ്യം ചൊരിയുന്നവർ തൊട്ടടുത്ത തമിഴ്നാട്ടിലേക്ക് നോക്കിയാൽമതി . ബീഹാറിൽ ലല്ലുവിനെ കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന സന്ദർഭത്തിലാണ് സിപിഎം ജനറൽ സെക്രട്ടറി നേരിൽ ജയിലിൽ പോയി മുന്നണിയിൽ എടുക്കണമെന്നഭ്യർത്ഥിച്ചത് . ഏതായാലും സിപിഐ ഭരണത്തിലുണ്ടായിരുന്നപ്പോ ഴൊക്കെ തൊഴിലാളി വർഗ്ഗത്തിനും ജനങ്ങൾക്കും അനുകൂലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് . ബംഗാളിലെ പോലെ കോർപ്പറേറ്റ് സേവയ്ക്കുവേണ്ടി പോലീസ് സേനയ്ക്കൊപ്പം ചേർന്ന് നന്ദിഗ്രാമിൽ അണിനിരന്ന ആയിരക്കണക്കിനാളുകളെ ആക്രമിച്ച സംഭവം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാകളങ്കമാണ് . 14 പേരാണ് കൊല്ലപ്പെട്ടത് .
സോവിയറ്റ് യൂണിയനിലേയും കിഴക്കൻ യൂറോപ്പിലേയും തകർച്ചയെക്കുറിച്ച് വിശദമായ പഠനം സിപിഐയും ലോകത്തെ വിവിധപാർട്ടികളും ശരിയായി വിശകലനം നടത്തിയിട്ടുണ്ട് . സിപിഎം ഇപ്പോഴും കരുതുന്നത് ക്രൂഷ്ചേവ് ആണ് . സോവിയറ്റ് യൂണിയന്റെ പതനത്തിനുള്ള കാരണമെന്നാണ് . സോവിയറ്റ് യൂണിയനിൽ മുതലാളിത്ത പുനസ്ഥാപനം നടന്നതും സോവിയറ്റ് യൂണിയന്റെ ഭരണഘടന വാഗ്ദത്തം ചെയ്തതുമായ രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണായകാവകാശം ശരിക്കും പ്രായോഗികമാവാത്തതിനാൽ അവിടെ ഉയർന്നു വന്ന സംഘർഷങ്ങളെല്ലാമാണ് സോവിയറ്റ് യൂണിയന്റെ പതനത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു എന്ന മനസ്സിലാക്കാനുള്ള താത്വികമായ സാക്ഷരത ഇന്നും സിപിഎം സ്വാ യത്തമാക്കിയിട്ടില്ല .
സിപിഐയുടെ പാർട്ടി പുതുക്കിയ പരിപാടിയിൽ ( 13.3 ) പറയുന്നു . കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഗ്രൂപ്പുകളുടേയും ഐക്യം ഇടതു് ജനാധിപത്യ ഐക്യം കൈവരിക്കുന്നതിന് വളരെ സഹായകമാകും . ഇന്നത്തെ പരിതസ്ഥിതിയിൽ ഒരു പൊതു പരിപാടിയുടെയും സംഘടനാപരവും അടവുപരവുമായ ധാരണയുടെയും അടിസ്ഥാനത്തിലുള്ള കമ്മ്യൂണിസ്റ്റ് ഐക്യം ഒഴിച്ചുകൂടാനാവാത്തതാണ് . കഴിഞ്ഞ കുറേ വർഷങ്ങളായി രണ്ടു മുഖ്യ കമ്മ്യൂണിസ്റ്റ് പാർട്ടികൾ യോജിച്ച് സമരങ്ങളിലൂടെയും ദേശീയവും സാർവ്വദേശീയവുമായ പ്രശ്നങ്ങളിൽ രാഷ്ട്രീയവും സാമ്പത്തികവും ആയ പൊതു കാഴ്ചപ്പാടോടെ വളർത്തിക്കൊണ്ടു് വന്നിട്ടുള്ള കൂട്ടായ പ്രയോഗം അതിനുള്ള അടിത്തറ പാകപ്പെടുത്തിയിട്ടുണ്ട് . ശേഷിക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരസ്പര ബഹുമാനത്തിന്റെ തുറന്ന ചർച്ചകളിലൂടെ പരിഹരിക്കേണ്ടതുമാണ് ” . ചുരുക്കത്തിൽ ഇതാണ് സിപിഐയ്ക്ക് സിപിഎമ്മിനോടുള്ള സമീപനം . ചരിത്രം മുന്നോട്ടാണ് പോകുക . പിന്നോട്ടില്ലെന്ന് ചിന്തയെ ഓർമ്മപ്പെടുത്തട്ടെ .